ബംഗലൂരു നഗരത്തിലെ സ്കൂളില്‍ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ ചെയര്മാന് അറസ്റ്റില്‍. വിബ്ജ്യോര്‍ ഹൈസ്കൂളിലെ ചെയര്മാന് റുസ്തം കേരവാലയാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. സംഭവം നഗരത്തില്‍ വ്യാപകമായ ജനരോഷത്തിനും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ബാലനീതി നിയമം, ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന നിയമം എന്നിവ അനുസരിച്ചുള്ള വകുപ്പുകളും കേരവാലയ്ക്കെതിരെ ചുമത്തിയതായി ബംഗലൂരു പോലീസ് കമ്മീഷണര്‍ എം.എന്‍ റെഡ്ഡി പറഞ്ഞു. കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കുകയോ കുറ്റവാളിയെ രക്ഷിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 201-ാം വകുപ്പാണ് കേരവാലയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളില്‍ പ്രധാനം.
സംഭവത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് കേരവാല. മുഖ്യപ്രതിയായ സ്കൂളിലെ സ്കേറ്റിംഗ് പരിശീലകന് മുസ്തഫയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ അറസ്റ്റ് വൈകുന്നതിലും സ്കൂളിനു നേരെ നടപടി എടുക്കാത്തതിലും കഴിഞ്ഞ ഒരാഴ്ചയായി നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ജൂലൈ രണ്ടിന് നടന്ന സംഭവത്തില്‍ പരാതി നല്‍കുന്നത് ജൂലൈ 14-നും ആദ്യ അറസ്റ്റ് നടന്നത് പിന്നീട് ആറു ദിവസം കൂടി കഴിഞ്ഞ് ഞായറാഴ്ചയുമായിരുന്നു.
സ്കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഐ.സി.എസ്.ഇ ബോര്‍ഡിന് എഴുതിയിട്ടുണ്ട്.