Skip to main content
തൃശൂര്‍

 

മഴയുടെ അകമ്പടിയോടെ തൃശൂര്‍ പൂരം ഇന്ന് കുടനിവര്‍ത്തും. മഴ കനത്താലും എല്ലാ ചടങ്ങുകളുമായി പൂരം എഴുന്നള്ളിക്കും. മഴ കനത്തു പെയ്യുകയാണെങ്കില്‍ ആനകളുടെ എണ്ണം കുറയ്ക്കുമെന്നും എന്നാലും എഴുന്നള്ളിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും ഇരു ദേവസ്വങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. വെടിക്കെട്ടിന്റെ കാര്യം ഇന്നു രാത്രി 11 മണിക്കു ശേഷം മഴയുണ്ടോ എന്നു നോക്കിയേ തീരുമാനിക്കൂ.

 

മേളത്തിലും പഞ്ചവാദ്യത്തിലും വാദ്യക്കാരുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ടാകും. കനത്താല്‍ കുടമാറ്റത്തില്‍ കുടകളുടെ എണ്ണത്തിലും കുറവുണ്ടാകും. രാവിലെ തന്നെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. ആദ്യം എത്തിയത് കണിമംഗലം ശാസ്താവ്. പിന്നാലെ പനമുക്കംപിള്ളി ശാസ്താവ്. തുടര്‍ന്ന് ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ഭഗവതിമാരും എത്തി.

 

ഇന്നലെ രാവിലെ 11.30-ഓടെ നെയ്‌തലക്കാവ്‌ ഭഗവതിയുടെ തിടമ്പുമായി കൊമ്പന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ വടക്കുംനാഥന്റെ പ്രസിദ്ധമായ തെക്കേ ഗോപുരനട തളളിത്തുറന്നതോടെയാണ് പൂരത്തിന്റെ ആചാരങ്ങള്‍ക്കുതുടക്കമായത്. പൂരത്തിനും ശിവരാത്രിക്കും മാത്രമാണു തെക്കേനട തുറക്കുക.

 

1.15-ന് പ്രശസ്തമായ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് തുടങ്ങും. പഞ്ചവാദ്യത്തിന് അന്നമനടപരമേശ്വര മാരാര്‍ ആണ് പ്രമണാം വഹിക്കുന്നത്. ഉച്ചയ്ക്ക് 12 ആവുന്നതോടെ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പുറത്തിറങ്ങി ചെറിയ കുടമാറ്റത്തിന് ശേഷം വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. 2.30-ന് പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ ഇലഞ്ഞിത്തറ മേളവും വൈകീട്ട് 5.30-ന് തെക്കേഗോപുരനടയില്‍ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ തമ്മിലുള്ള കുടമാറ്റവും നടക്കും.

 

രാത്രിയില്‍ പകല്‍പ്പൂരത്തിന്റെ തനിയാവര്‍ത്തനം. ഇരുവിഭാഗത്തിനും പഞ്ചവാദ്യം അകമ്പടി. പാറമേക്കാവ് മണികണ്ഠനാലിലും തിരുവമ്പാടി നായ്ക്കനാലിലും എഴുന്നള്ളി നില്‍ക്കും. സാമ്പിള്‍ വെടിക്കെട്ട് മഴയില്‍ ഒലിച്ചുപോയെങ്കിലും മഴയില്ലെങ്കില്‍ പൂരം സമാപിക്കുമ്പോള്‍ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചലുണ്ടാകും.