സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി കോണ്‍ഗ്രസിനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമുള്ള വഴിവിട്ട ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഫയാസുമായി കോണ്‍ഗ്രസിന് വഴി വിട്ട ബന്ധമാണുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ ഫയാസ് കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണെന്നും പിണറായി വിജയന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും എം.എം ഹസനും ഫയാസിനൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം കൈരളി പീപ്പിള്‍ ടി.വി പുറത്ത് വിട്ടിരുന്നു. ഈ ബന്ധത്തെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പ്രതികരിക്കണമെന്നും എന്തിനാണ് ഫായിസുമായി കൂടിക്കാഴ്ച നടത്തിയത് എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ഫായിസുമായുള്ള ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തല രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. താന്‍ അറിയാത്ത പലരും തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഫയാസിന്‍റെ എല്ലാ ബന്ധങ്ങളും സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് വി.എം സുധീരന്‍ പറഞ്ഞു. ഫയാസിനെ പോലുള്ളവരുടെ സാമ്പത്തിക സഹായം ലഭിക്കുന്നത് സി.പി.ഐ.എമ്മിനാണെന്നും സുധീരന്‍ പറഞ്ഞു