Skip to main content
ബെംഗലൂരു

bangalore atm attack

 

എ.ടി.എം. ബൂത്തിൽ മലയാളി ബാങ്ക് മാനേജർ ജ്യോതി ഉദയ് ആക്രമിക്കപ്പെട്ട കേസ്സിൽ അന്വേഷണം വഴിമുട്ടുന്നു. മജസ്റ്റിക്, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുകളിലും പ്രധാനപ്പെട്ട ബസ്‌ സ്റ്റേഷനുകളിലും പ്രതിയെ പിടികൂടാൻ പോലീസ് തിരച്ചിൽ നോട്ടീസ് പതിപ്പിച്ചു. അക്രമം കഴിഞ്ഞ് രണ്ടാഴ്ച ആയിട്ടും പ്രതിയെ പിടികൂടാനോ അന്വേഷണത്തിൽ സാരമായ പുരോഗതി നേടാനോ കർണാടക പോലീസിന് കഴിഞ്ഞിട്ടില്ല.

 

കർണാടകയിലും അയൽസംസ്ഥാനങ്ങളിലും പോലീസ് എട്ടു സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെപ്പറ്റി കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

 

അതേസമയം, ആന്ധ്രാപ്രദേശിലെ ധർമ്മവാരത്തിൽ നവംബർ പത്തിന് കൊലചെയ്യപ്പെട്ട പ്രമീളാമ്മയുടെ കൊലപാതകത്തിന് ഉത്തരവാദിയും ജ്യോതിയെ ആക്രമിച്ചയാള്‍ തന്നെയെന്ന് പോലീസ് സംശയിക്കുന്നു. അക്രമി പ്രമീളാമ്മയുടെ വീട്ടിൽ നിന്നും രണ്ട് എ.ടി.എം കാർഡുകൾ മോഷ്ടിക്കുകയും പ്രമീളാമ്മയെ ഭീഷണിപ്പെടുത്തി പാസ്‌വേർഡ് കൈവശപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഈ കാർഡ് ഉപയോഗിച്ച് അക്രമി രണ്ടുപ്രാവശ്യം പണം പിൻവലിക്കുകയും ചെയ്തു. ആന്ധ്രയിലെ തന്നെ അനന്തപൂർ ജില്ലയിൽ ലളിത എന്ന വീട്ടമ്മയെ വീടിന് സമീപമുള്ള എ.ടി.എമ്മിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഇതേ അക്രമിയെന്ന് കരുതി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

 

എന്നാല്‍, അക്രമി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പോലീസിന്റെ അന്വേഷണത്തിനെ ബാധിച്ചിട്ടുണ്ട്. പ്രതിക്ക് മാനസിക വിഭ്രാന്തി ഉള്ളതായും പോലീസ് സംശയിക്കുന്നു. 100 പോലീസുകാരാണ് ആന്ധ്രയിൽ പ്രതിക്കായി തിരച്ചിൽ നടത്തുന്നത്.

 

ഇതിനിടെ എ.ടി.എം, ജ്വല്ലറികൾ, മറ്റ് ധനകാര്യസ്ഥാപനങ്ങൾ എന്നിവ പോലീസിന്റെ സുരക്ഷാവലയത്തിൽ കൊണ്ടുവരാൻ കർണാണക സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി മാർഗനിർദേശങ്ങൾ രൂപീകരിക്കാന്‍ അഡീഷണൽ ചീഫ് സെക്രട്ടറി എസ്.കെ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.

 

നിയമങ്ങൾ പാലിക്കാത്ത 1037 എ.ടി.എമ്മുകൾ ഇതിനകം ബാംഗ്ലൂർ സിറ്റിയിൽ പൂട്ടിക്കഴിഞ്ഞു. ഭയാശങ്കകളോടെയാണ് സ്ത്രീകൾ ഇപ്പോഴും എ.ടി.എമ്മുകളിൽ കയറുന്നത്.

 

പാവം പാവം സെക്യൂരിറ്റി

 

മറ്റ് ജോലികൾ ചെയ്യാൻ കഴിയാതെ വരുന്നവരാണ് എ.ടി.എമ്മുകളിൽ സെക്യൂരിറ്റി ജിവനക്കാരായി എത്തുന്നവരിൽ അധികവും. പ്രായാധിക്യവും തുടർച്ചയായ ജോലിയും ഇവരെ അവശരാക്കുകയും അതിനാൽ അക്രമികൾക്ക് എതിരെ ഒരു ചെറുവിരൽ അനക്കാൻപോലും ഇവർക്ക് സാധിക്കാതെ വരികയും ചെയ്യുന്നു. ഇവരുടെ സെക്യൂരിറ്റി തന്നെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

 

 

കുറഞ്ഞ പക്ഷം ഒരു സെക്യൂരിറ്റി ജീവനക്കാരനെങ്കിലും ഉണ്ടെങ്കിൽ എ.ടി.എം തുറന്നു പ്രവർത്തിക്കാൻ ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ രാഘവേന്ദ്ര ഔരാദ്കർ അനുമതി നൽകി. മറ്റു സുരക്ഷാ സംവിധാനങ്ങളായ സി.സി.ടി.വി. ക്യാമറ, സുരക്ഷാ അലാറം തുടങ്ങിയവ ഘടിപ്പിക്കാൻ 45 ദിവസത്തെ സമയം അനുവദിച്ചു. പകുതിയിലേറെ എ.ടി.എമ്മുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഇടപാടുകാർ വളരെ കഷ്ടപ്പെടുകയാണ്. സുരക്ഷാനടപടി പൂർത്തിയാക്കാൻ 45 ദിവസത്തെ സമയം അനുവദിക്കണമെന്ന ബാങ്കുകളുടെ അഭ്യർഥന മാനിച്ചാണ് ഈ ഇളവ്.

 

ഇതിനിടെ അക്രമത്തിൽ പരിക്കേറ്റ് കെങ്കേരി ബി.ജി.എസ്. ഗ്ലോബൽ ആസ്പത്രിയിൽ കഴിയുന്ന ജ്യോതി അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നെന്ന് ഡോ. എൻ.കെ. വെങ്കിടരമണ അറിയിച്ചു. വലതുവശം പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട ജ്യോതിക്ക് കാലുകൾക്ക് ചലനശേഷി വീണ്ടെടുക്കാൻ കഴിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു.

 

ആശുപത്രിയിൽ കഴിയുന്ന ജ്യോതിയെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. എത്രയും പെട്ടെന്ന് ജ്യോതിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയട്ടെയെന്ന്അദ്ദേഹം ആശംസിച്ചു.

Tags