ആലോചന: ഗണേഷ് കുമാറും കേരളവും
വിഷയം: ഗണേഷ് കുമാറും അദ്ദേഹത്തിന്റെ കുടുംബവും സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, ജീവിതം പഠിക്കാനുള്ള തുറന്ന പുസ്തകമാകുന്നു.
കേരളാകോണ്‍ഗ്രസ്സ് മന്ത്രിമാര്‍ രാജിവെച്ചാല്‍ അവര്‍ ആദ്യം ചെയ്യുന്നത് സെക്രട്ടേറിയറ്റില്‍ നിന്ന്‍ ഒരു യാത്രയാണ്. ഗണേഷും അങ്ങിനെ തന്നെ ചെയ്തു. അദ്ദേഹം നേരേ പോയത് ചങ്ങനാശ്ശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത്. അദ്ദേഹത്തിന്റെ ഓരോ നിമിഷവുമുള്ള മുഖഭാവം പോലും ഒപ്പിയെടുക്കാന്‍ എന്നവണ്ണം കൂടെയുള്ള മാധ്യമസംഘം എന്‍.എസ്.എസ് ആസ്ഥാനത്തും എത്തി. എന്തുകൊണ്ട് അവിടെ ആദ്യമായി എത്താന്‍ തീരുമാനിച്ചു എന്ന ചോദ്യമുണ്ടായപ്പോള്‍ ഗണേഷിന്റെ മറുപടി ഇവ്വിധമായിരുന്നു. ‘എന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള സ്ഥലമാണിത്. പ്രതിസന്ധിഘട്ടങ്ങളില്‍ ഞാന്‍ എപ്പോഴും ഇവിടെ എത്താറുണ്ട്.’ അച്ഛനും മകനും തമ്മില്‍ ഒരുബന്ധവുമില്ലെന്ന് മകനെ തള്ളിപ്പറഞ്ഞുകൊണ്ട് ആര്‍. ബാലകൃഷ്ണ പിള്ളയുടെ പ്രതികരണം ഒരു ഭാഗത്ത് വരുമ്പോഴാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ തനിക്ക് അങ്ങേയറ്റം ബഹുമാനമാണെന്നും അദ്ദേഹം തനിക്കു പിതൃതുല്യനാണെന്നും ഗണേഷ് പറയുന്നത്. ചിന്തയുടെ നിയന്ത്രണമില്ലാതെ വാക്കുകള്‍ ഗണേഷില്‍ നിന്നും പുറത്തുവന്നതിന്റെ ഉദാഹരണങ്ങളായിരുന്നു ഇവ. അതു സ്വാഭാവികം. എങ്കിലും തകിടം മറിയുന്ന, ആടിയുലയുന്ന തന്റെ മനസ്സിനെ എവിടെയെങ്കിലും നങ്കൂരമിടുവിപ്പിക്കാനുള്ള പരക്കം പാച്ചലിന്റെ ഭാഗമാണ് ഈ പോക്കും കൂടിക്കാഴ്ചയുമൊക്കെ. ഒരുപക്ഷേ ഗണേഷ്‌കുമാര്‍ പ്രത്യക്ഷത്തില്‍ അത് അറിയുന്നില്ലെങ്കിലും. വേണമെങ്കില്‍ പുതിയ രാഷ്ട്രീയനീക്കത്തിന്റെ തുടക്കമെന്നൊക്കെ വ്യാഖ്യാനിക്കാം. വര്‍ത്തമാനകാല കണക്കുകൂട്ടലുകളുടെ വെളിച്ചത്തില്‍ അതിനകത്തൊക്കെ അല്പം കഴമ്പൊക്കെ കണ്ടെന്നിരിക്കും.
മലയാളിയുടെ മുന്നിലുള്ള ചോദ്യം പെരുന്നയില്‍ നിന്നുകൊണ്ട് ഗണേഷ്‌കുമാര്‍ പറഞ്ഞ വാക്കായ വളര്‍ച്ചയുടെ പൊരുളാണ്. വളര്‍ന്ന ഗണേഷാണോ അതോ തകര്‍ന്ന ഗണേഷാണോ അവിടെ കാണപ്പെട്ടത്. ഈ കാഴ്ചയുടെ വ്യക്തത ഇന്ന്‍ ഓരോ മലയാളിയുടേയും വ്യക്തിപരവും അതേസമയം സാമൂഹികവുമായ അടിയന്തിര ആവശ്യമാണ്. ലോകബാങ്കിന്റെയും വികസിത രാജ്യങ്ങളുടെയും ശരാശരി മലയാളിയുടേയും സമകാലീന മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാല്‍ ഗണേഷ്‌കുമാര്‍ ‘വളര്‍ച്ച’ നേടിയതാണ്. ധനം, പ്രശസ്തി, പദവി, അധികാരം എന്നിവയെല്ലാം ഗണേഷ്‌കുമാറിന്റെ അലങ്കാരങ്ങളാണ്. സര്‍ക്കാരും വ്യക്തികളും വിദ്യാഭ്യാസത്തിനെ കാണുന്നതും പ്രചരിപ്പിക്കുന്നതും ഇപ്പറഞ്ഞതൊക്കെ തരപ്പെടുത്താനുള്ള മാര്‍ഗമായിട്ടാണ്. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നതും ഇപ്പറഞ്ഞവ തന്നെ. ഇവയില്‍ ഏതെങ്കിലുമൊന്ന്‍ തരപ്പെടുത്തിയാല്‍ മറ്റുളളവ നേടാമെന്ന അവസ്ഥയും നിലനില്‍ക്കുന്നു. ഗണേഷ് പത്തനാപുരത്തു നിന്നു ജനപ്രതിനിധിയായി, പിന്നെ മന്ത്രിയായി. വളര്‍ച്ച തന്നെ. എന്നാല്‍ തകര്‍ന്ന ഗണേഷിനെയാണ് നമുക്കു കാണാന്‍ കഴിയുന്നത്.
ജനപ്രതിനിധിയായ, ഭരണാധികാരിയായിരുന്ന ഗണേഷിന്റെ വളര്‍ച്ച സംബന്ധിച്ച കാഴ്ച്ചപ്പാട് എന്താണ്? രാഷ്ട്രീയനേതാവെന്ന നിലയില്‍ വളര്‍ച്ചയെ ഗണേശ് എങ്ങിനെ കാണുന്നു? തനിക്ക് രാഷ്ട്രീയം എന്നത് സ്ഥാനമാനങ്ങള്‍ കിട്ടാനുള്ള ഉപാധി മാത്രമാണെന്നുള്ളത് തന്നെ ജയിപ്പിച്ച ജനങ്ങളും മറ്റുളളവരും കാണുന്നു എന്ന ധാരണ അദ്ദേഹത്തെ നയിക്കുന്നില്ലേ. അതേ ധാരണ മാധ്യമങ്ങളും വച്ചു പുലര്‍ത്തുന്നില്ലേ. അതു തന്നെയല്ലേ 'ഞാനാണ് പാര്‍ട്ടി 'എന്നു ചങ്കൂറ്റത്തോടെ പറയാന്‍ അദ്ദേഹത്തിനു ധൈര്യം നല്‍കിയത്. അയാം ദ സ്റ്റേറ്റ് എന്ന്‍ ലൂയീ പതിനാലാമ്മന്‍ പണ്ട് പറഞ്ഞിട്ടുള്ളത് കൗതുകത്തിനുപോലും ഒരു മാധ്യമപ്രവര്‍ത്തകയോ പ്രവര്‍ത്തകനോ അന്നേരം അനുസ്മരിപ്പിച്ച് അദ്ദേഹത്തോടു ചോദിക്കാതിരുന്നതു ദയകൊണ്ടോ അതോ അക്കാര്യം ഓര്‍മ്മ വരാതിരുന്നതുകൊണ്ടോ? അത് മറ്റൊരധ്യായമായതിനാല്‍ പിന്നീട് ചര്‍ച്ച ചെയ്യാം.
ഗണേഷ്‌കുമാറിന്റെ വളര്‍ച്ചയുടെ നേരിയ ലാഞ്ചന പോലും അദ്ദേഹവും കേരളസമൂഹവും അനുഭവിക്കുന്നില്ല. അതേ സമയം അദ്ദേഹം കാണുന്ന 'വളര്‍ച്ച'യിലൂടെ തകര്‍ച്ചകളുടെ പലപല അടരുകളാണ് കാണുന്നത്. അപ്പോള്‍ അതില്‍ എന്‍.എസ്.എസ്സിനു പങ്കുണ്ടെന്ന് തന്നെയാണ് ഗണേഷിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. സമുദായോദ്ധാരണത്തിലൂടെ മന്നത്തു പത്മനാഭന്‍ സാധ്യമാക്കിയ സാമൂഹിക പരിവര്‍ത്തനത്തിന്റെ വാഹനമായ എന്‍.എസ്.എസ്സിന്റെ 'വളര്‍ച്ച'യുടെ ജൈവരൂപമായും അവിടെ ഗണേഷ് പരിണമിക്കുന്നു. പ്രതിസന്ധിയില്‍ തകര്‍ന്ന മനസ്സുമായി എത്തുന്നവര്‍ ആരായാലും അവരെ ആശ്വസിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ശരിതെറ്റുകളിലേക്ക് പോകേണ്ടത് പിന്നീടാണ്. എന്നാല്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ചാനലുകളിലൂടെ പറയുന്നു, 'അച്ഛനായാലും മകനായാലും പ്രതിസന്ധിവരുമ്പോള്‍ മാത്രമേ ഇങ്ങോട്ട് തിരിഞ്ഞുനോക്കാറുള്ളു. ഞാന്‍ നല്‍കിയ ഉപദേശങ്ങള്‍ നേരത്തേ സ്വീകരിച്ചിരുന്നുവെങ്കില്‍ ഗണേഷിന് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു'. താഴ്ന്ന നിലയില്‍ നിന്ന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വളര്‍ന്ന വ്യക്തിയാണ് സുകുമാരന്‍നായര്‍. ഒരുപക്ഷേ ഗണേഷിന്റെ വളര്‍ച്ചയേക്കാള്‍ ഉയരം കൂടിയ വളര്‍ച്ച. ധൈര്യപൂര്‍വ്വവും ശങ്കാലേശമന്യെയുമാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. താന്‍ വളര്‍ന്ന വഴി കാട്ടിത്തന്ന വെളിച്ചത്തിന്റെ ഈടാണ് അദ്ദേഹത്തിനുള്ളത്. ഗണേഷും സുകുമാരന്‍നായരും ഇവിടെ തങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്നതില്‍ സത്യസന്ധരാണ്. അവര്‍ എന്താണ് എന്നുള്ളത് അവരുടെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു. അതിന് അംഗീകാരം കിട്ടുന്നു. അവര്‍ വളരുന്നു. ഏതു വളര്‍ച്ചയ്ക്കും പരിസ്ഥിതി പ്രധാനമാണ്. ആ പരിസ്ഥിതിയാണ് അവരെ തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത് അവര്‍ സ്വന്തം നിലയ്ക്ക് സൃഷ്ടിച്ചതല്ല. പരിസ്ഥിതിയില്‍ നിന്ന് ആര്‍ജിച്ചതാണ്. വളര്‍ച്ചയെക്കുറിച്ചുള്ള കേരളത്തിന്റെ വര്‍ത്തമാനകാല ധാരണയുടെ അളവുകോലും ഇവര്‍ വ്യക്തമാക്കുന്നു. ഇവര്‍ ഒരു കാരണവശാലും പഴി അര്‍ഹിക്കുന്നില്ല. കാരണം പരിസ്ഥിതി തന്നെ. ഏറ്റക്കുറച്ചിലുകളില്‍ ഈ അളവുകോല്‍ തന്നെയല്ലേ മുഖ്യധാരയില്‍ പരിഗണനയ്ക്ക് വരുന്നത്. അതിനാല്‍ ഇവരെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ അര്‍ഹതയുമില്ല.
(തുടരും)