കെ.എം മാണിക്കെതിരായ ബാര്‍ക്കോഴ കേസിന്മേലുള്ള നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മാണി മരിച്ച സാഹചര്യത്തിലാണ് കേസുകള്‍ അവസാനിപ്പിച്ചിരിക്കുന്നത്. ബാര്‍ കോഴ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണിയും മാണിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ബാര്‍ ഉടമ ബിജു രമേശും നല്‍കിയ ഹര്‍ജികള്‍ രാവിലെ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴായിരുന്നു തീരുമാനം.
കെ.എം. മാണി മരിച്ചതോടെ ഇനി കേസിന് പ്രസക്തിയില്ലെന്നു പറഞ്ഞ ഹൈക്കോടതി മൂന്നു ഹര്‍ജികളും ഒന്നിച്ച് അവസാനിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.നേരത്തെ മൂന്ന് തവണ വിജിലന്‍സ് തന്നെ ബാര്‍ കോഴ ആരോപണത്തില്‍ കെ എം മാണിക്കു പങ്കില്ലെന്നു കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരും പുതിയ ഇടത് സര്‍ക്കാരും മാണി നിരപരാധിയാണെന്നു കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ വി എസും ബിജു രമേശും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.