Skip to main content
Bengaluru

Yeddyurappa

കര്‍ണാടക നിയമസഭയിലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബി.എസ് യെദിയൂരപ്പയെ തിരഞ്ഞെടുത്തു. ബംഗളുരുവില്‍ ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് യെദിയൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി. എന്നാല്‍ ഗവര്‍ണര്‍ അന്തിമതീരുമാനം പറഞ്ഞിട്ടില്ല.

 

സാധ്യതകള്‍ എല്ലാം ബി.ജെ.പിക്ക് അനുകൂലമാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് നാളെ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. എന്നാല്‍ ഗവര്‍ണറെ കണ്ട ശേഷം പുറത്ത് വന്ന യെദിയൂരപ്പയോട് മാധ്യമപ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞ നാളെയുണ്ടുകുമോ എന്ന് ചോദിച്ചെങ്കിലും അദ്ദഹം പ്രതികരിച്ചില്ല.

 

കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസ്സില്‍ നിന്നും എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പി ശ്രമം തുടരുകയാണ്. ബി.ജെ.പി മന്ത്രി സ്ഥാനവും പണവും വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ബി.ജെ.പിയുടെ കുതിരക്കച്ചവടം പ്രതിരോധിക്കാന്‍ മറുതന്ത്രങ്ങള്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും. ഇന്ന് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആകെയുള്ള 78 എം.എല്‍.എമാരില്‍ 66 പേരാണ് പങ്കെടുത്തത്. ഇത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ റാഞ്ചിയാല്‍ തിരിച്ച് തങ്ങള്‍ക്കും രാഷ്ട്രീയം കളിക്കാനറിയാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

 

 

Tags