കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷിണത്തിന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം ഉണ്ടായിരിക്കുന്നത്.
കേസില്‍ കേരളാ പോലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് കോടതി വിലയിരുത്തി. പ്രതികളെ ഉപയോഗിച്ചല്ല ആയുധം കണ്ടെത്തിയത് എന്ന കാര്യവും കോടതി എടുത്ത് പറയുകയുണ്ടായി.
സി.ബി.ഐ അന്വേഷണത്തെ ശക്തമായി എതിര്‍ത്ത സര്‍ക്കാര്‍, രാഷ്ട്രീയ വിരോധമാണ് ഷുഹൈബിന്റെ കൊലക്ക് പിന്നിലെന്ന് കോടതിയില്‍ പറഞ്ഞു.കേസില്‍ പിടിയിലായിരിക്കുന്ന പ്രതികളില്‍ ചിലരുമായി ഷുഹൈബിന് നേരത്തെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും, ഇതാണ് പ്രതികള്‍ക്ക് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ കോടതി രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചനകള്‍ ഒരിക്കലും പുറത്ത് വരാറില്ല. കണ്ണൂരിലെ കൊലപാതകങ്ങളില്‍ നേരത്തേയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇപ്പോള്‍ മാത്രം എന്തിന് എതിര്‍ക്കുന്നെന്നും കോടതി ചോദിച്ചു.