Skip to main content

അടുത്ത പത്ത് ദിവസത്തേക്ക് കാവേരി നദിയില്‍ നിന്ന്‍ പ്രതിദിനം 15,000 കുസെക്സ് വെള്ളം (ഒരു കുസെക്സ് = സെക്കന്‍ഡില്‍ 28.137 ലിറ്റര്‍) വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ കര്‍ണ്ണാടകത്തോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്‌ കര്‍ഷകര്‍ക്ക് സഹായകമാകുന്ന ഉത്തരവിനെതിരെ കര്‍ണ്ണാടകത്തില്‍ പക്ഷെ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്.

 

കാവേരി ജല തര്‍ക്ക ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കാന്‍ നിയോഗിച്ചിരിക്കുന്ന മേല്‍നോട്ട സമിതിയെ സമീപിക്കാനും വെള്ളം ലഭിച്ച് മൂന്ന്‍ ദിവസത്തിനുള്ളില്‍ സമീപിക്കാനും പുതുച്ചേരിയ്ക്ക് അര്‍ഹമായ വെള്ളം വിട്ടുനല്‍കാനും തമിഴ്‌നാടിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

സെപ്തംബര്‍ ഏഴു മുതല്‍ 12 വരെ പ്രതിദിനം 10000 കുസെക്സ് വെള്ളം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കര്‍ണ്ണാടകം കോടതിയെ അറിയിച്ചിരുന്നു. അതേസമയം, 20,000 കുസെക്സ് വെള്ളം വീതം വേണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. വെള്ളം ലഭിച്ചില്ലെങ്കില്‍ വിള നശിച്ച് കര്‍ഷകര്‍ വന്‍ നഷ്ടം നേരിടേണ്ടി വരുമെന്ന്‍ തമിഴ്നാട് അറിയിച്ചു.  

 

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നുള്ള സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭാ കക്ഷിനേതാക്കളുടെയും എം.പിമാരുടെയും യോഗം ചൊവ്വാഴ്ച വിളിച്ചിട്ടുണ്ട്. മുതിര്‍ന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിയമ വിദഗ്ദ്ധരും പങ്കെടുത്ത യോഗം തിങ്കളാഴ്ച ചേര്‍ന്നിരുന്നു. കുടിവെള്ള ആവശ്യത്തിന് തികയുന്ന വെള്ളം സംഭരണികളില്‍ ഇല്ലെന്നാണ് കര്‍ണ്ണാടകത്തിന്റെ വാദം.  

 

കാവേരി നദീതടത്തിലെ കര്‍ഷകര്‍ ഇതിനകം തന്നെ വെള്ളം വിട്ടുനല്‍കരുതെന്നു ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. വിവിധ കന്നഡ വാദ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ട സെപ്തംബര്‍ ഒന്‍പതിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.