ഇന്ന് നടക്കാനിരിക്കുന്ന മൂന്നാംഘട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന ഭീഷണിയുമായി കര്‍ഷകര്‍. ചര്‍ച്ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പങ്കെടുക്കുന്നുണ്ട്.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ വര്‍ദ്ധിച്ചുവരുന്നതിനിടയിലും വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നതിനിടയിലുമാണ് പ്രധാനമന്ത്രിയുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ച. ചൊവ്വാഴ്ച ഭാരത് ബന്ദിനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ന് രണ്ടു മണിക്കാണ് കര്‍ഷക നേതാക്കളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച. കര്‍ഷകര്‍ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി നേരത്തെ രണ്ടു തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കര്‍ഷകരുള്ളത്.
കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടച്ചു. സിംഘു, ഓചന്ദി, ലാംപുര്‍, പിയാവോ മാനിയാരി, മംഗേഷ് എന്നീ അതിര്‍ത്തികളും ദേശീയ പാത 44 ഉം അടച്ചുപൂട്ടിയതായി ഡല്‍ഹി ട്രാഫിക് പോലീസ് അറിയിച്ചു.