Skip to main content

ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ സമരത്തിന്  വിജയം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. 

കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപന വേളയില്‍ പറഞ്ഞത്. ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ക്ക് സമതിയില്‍ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കര്‍ഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

ചരിത്ര വിജയമാണെന്നും കര്‍ഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാന്‍ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കര്‍ഷകരുടെ സത്യഗ്രഹത്തിന് മുന്നില്‍ ധാര്‍ഷ്ട്യം തല കുനിച്ചുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 

പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.

Ad Image