മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെ ഹിമാചല്‍ പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീം കോടതി സ്‌റ്റേ ഇല്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജൂലൈ ആറിന് പരിഗണിക്കുന്നത് വരെ ദുവയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും ഹിമാചല്‍പ്രദേശ് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്താ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ദുവയ്ക്ക് എതിരെ ഹിമാചല്‍ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പോലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ദുവയ്ക്ക് കോടതി നിര്‍ദേശം നല്‍കി. മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം ദുവയെ ചോദ്യം ചെയ്യാന്‍ പോലീസിന് അനുമതി നല്‍കിയിട്ടുണ്ട്.
അടിയന്തിരമായി അറസ്റ്റ് തടയണം എന്ന ദുവയുടെ ആവശ്യം പരിഗണിച്ചാണ് അവധി ദിവസമായ ഇന്ന് ജസ്റ്റിസുമാരായ യു.യു.ലളിത്, എം.ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ പ്രത്യേക ബെഞ്ച് സിറ്റിംഗ് നടത്തി ഹര്‍ജി പരിഗണിച്ചത്.