കേരളത്തിലേക്കുള്ള അതിര്‍ത്തി കര്‍ണാടക അടച്ച വിഷയത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗികളെയും കൊണ്ടുള്ള വാഹനങ്ങള്‍ തലപ്പാടിയിലൂടെ കടത്തി വിടും. ഇതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ തയ്യാറായതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കേസ് സുപ്രീംകോടതി തീര്‍പ്പാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വാദം മാത്രം കേട്ടായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്റെ മാത്രം ഭാഗം കേട്ട് സുപ്രീംകോടതി എടുത്ത തീരുമാനത്തില്‍ ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗം ചേര്‍ന്നുവെന്നും യോഗത്തില്‍ പ്രശ്‌നത്തിന് പരിഹാരമായെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. വിഷയത്തില്‍ ധാരണയായ സ്ഥിതിക്ക് ഹര്‍ജി അപ്രസക്തമാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഹൈക്കോടതി ഉത്തരവിന് എതിരായ കര്‍ണാടകയുടെ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് ഏകപക്ഷീയമായി തീരുമാനിക്കാനാവില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കര്‍ണാടക ഹൈക്കോടതിയില്‍ എത്തിയത്.
എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കിയ കര്‍ണാടകത്തിന്റെയോ, കര്‍ണാടകത്തിനെതിരെ സത്യവാങ്മൂലം നല്‍കിയ കേരളത്തിന്റെയോ, മറ്റ് ഹര്‍ജിക്കാരായ കേരളാ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടേയോ വാദം സുപ്രീംകോടതി കേട്ടില്ല.