പൗരത്വ ഭേദഗതി നിയമത്തില്‍ കക്ഷിചേരാന്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഇന്നലെയാണ് കമ്മീഷണര്‍ ഈ കാര്യം യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധിയെ ജനീവയില്‍ അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ടാണ് ഈ നീക്കം. ഇതിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശക്തമായ ഭാഷയില്‍ എതിര്‍ത്തു. ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണിതെന്നും, സി.എ.എ ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു വിദേശകക്ഷിക്കും ഇടപെടാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.
സി.എ.എ നടപ്പാക്കുന്നത് വഴി പൗരത്വം നേടാനുള്ള ജനങ്ങളുടെ അവകാശത്തില്‍ വിവേചനം സൃഷ്ടിക്കുമെന്ന് യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് വക്താവ് പ്രതികരിച്ചു. നേരത്തെ പൗരത്വനിയമ ഭേദഗതി രാജ്യത്തെ ഇരു പാര്‍ലമെന്റുകളിലും പാസാക്കിയപ്പോള്‍ യു.എന്‍ മനുഷ്യാവകാശ സമിതി ഇതിനെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. അടിസ്ഥാനപരമായി സി.എ.എ അഥവാ പൗരത്വനിയമ ഭേദഗതി വിവേചനപരമാണ് എന്നാണ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്തായാലും ഐക്യരാഷ്ട്ര സഭയ്ക്ക് ഇതില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതി അനുമതി നല്‍കുമോ ഇല്ലയോ എന്നതാണ് ഇനി നിര്‍ണ്ണായകമായ കാര്യം. ഇതിനെതിരെ ശക്തമായി തന്നെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുമെന്നുറപ്പാണ്.