പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്ന സമരക്കാരെ വിമര്‍ശിച്ച് സുപ്രീംകോടതി. സമരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനും സുപ്രീംകോടതി നോട്ടീസയച്ചു. സമരം എത്ര ദിവസം വേണമെങ്കിലും തുടരാം പക്ഷേ അത് പ്രതിഷേധത്തിനായി നിയോഗിക്കപ്പെട്ട നിശ്ചിതമായ സ്ഥലത്ത് ആയിരിയ്ക്കണമെന്നും റോഡുകള്‍ അനന്തമായി തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 17നകം മറുപടി നല്‍കമമെന്നും കോടതി ആവശ്യപ്പെട്ടു.ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രണ്ടു മാസത്തോളമെത്തിയ സമരം സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയ്‌ക്കെതിരെ തുടരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഷേധമാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ക്യാംപസിനുള്ളില്‍ കയറി പോലീസ് ആക്രമിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് 2019 ഡിസംബര്‍ 15ന് ഷഹീന്‍ ബാഗില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് സമരം തുടങ്ങിയത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ സമരത്തില്‍ പങ്കാളികളാവുകയായിരുന്നു.