തനിക്കെതരെ ഉയര്‍ന്ന ലൈംഗികാരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ആരോപണത്തിന് കൂടുതല്‍ മറുപടി പറഞ്ഞ് തരംതാഴാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി വിളിച്ച് ചേര്‍ത്ത സിറ്റിങിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
രാജ്യത്തെ ജുഡീഷ്യറി കടുത്ത ഭീഷണിയാണ് നേരിടുന്നത്. വലിയ ഗൂഡലാലോചനയുടെ ഭാഗമായിട്ടാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. എല്ലാ ജീവനക്കാരോടും നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയിട്ടുള്ളത്. തന്നെ പണം നല്‍കി ആര്‍ക്കും സ്വാധീനിക്കാനാവില്ല. പരാതിക്കാരിയായ സ്ത്രീയുടെ സംശയകരമായ പെരുമാറ്റം സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.സുപ്രീംകോടതിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിന് പരാതിക്കാരി പിടിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെയും ഭര്‍ത്താവിനെതിരെയും കേസുകള്‍ നിലവിലുണ്ടെന്നും രഞ്ജന്‍ ഗൊഗോയ് വിശദീകരിച്ചു.
ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണവും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ സഞ്ജീവ് സുധാകര്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറലും ബാര്‍ കൗണ്‍സിലും ചീഫ് ജസ്റ്റിസിന് പിന്തുണയുമായി രംഗത്തെത്തി.