റഫാല്‍ ഇടപാടില്‍ ചോര്‍ന്ന പ്രതിരോധ രേഖകള്‍ തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. പുനഃപരിശോധന ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചു. പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വദിച്ചെങ്കിലും സുപ്രീം കോടതി ഇത് തള്ളി. തുറന്നകോടതിയിലായിരിക്കും പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുക.
ഹിന്ദു ദിനപത്രമാണ് റഫാല്‍ ഇടപടില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രേഖകള്‍ പുറത്തുവിട്ടത്. ഇടപടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപ്പെട്ടു എന്ന് വെളിവാക്കുന്ന രേഖകളാണ് ഹിന്ദു പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഇത് മോഷ്ടിക്കപ്പെട്ട രേഖകളാണെന്നും അതുകൊണ്ട് തെളിവായി കണക്കാക്കാനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
ഇതോടെ റഫാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പുതിയ സംഭവവികാസങ്ങള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ്.