കേരളത്തിലെ ആദ്യ ഓങ്കോളജിസ്റ്റും തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് രൂപരേഖ തയ്യാറാക്കിയവരില്‍ ഒരാളുമായ കോട്ടയത്തെ ഡോ. സി.പി മാത്യു ഇന്ന് അറിയപ്പെടുന്ന സിദ്ധൗഷധ ക്യാന്‍സര്‍ ചികിത്സകനാണ്. അദ്ദേഹം തലസ്ഥാന നഗരിയില്‍ നടന്ന ഒരു പ്രഭാഷണത്തില്‍ പറയുകയുണ്ടായി രോഗം മാറ്റി രോഗിയെ രക്ഷിക്കാന്‍ കൂടോത്രമാണ് ഫലിക്കുന്നതെങ്കില്‍ അത് ചെയ്യണം. രോഗിയെ കൂടോത്രം രോഗമുക്തമാക്കുന്നു എങ്കില്‍ അതെങ്ങനെ അശാസ്ത്രീയമെന്ന് പറയാന്‍ കഴിയും. അദ്ദേഹത്തിന്റെ രോഗമുക്തി ലക്ഷ്യമാക്കിക്കൊണ്ടുള്ള മനുഷ്യ സ്‌നേഹാധിഷ്ടിതമായ ശാസ്ത്രീയ നിലപാടിനെ യുക്തികൊണ്ട് ന്യായീകരിക്കാന്‍ പറ്റില്ല. മറിച്ച് നിരാകരിക്കപ്പെടാവുന്നതുമാണ്. എന്നാല്‍ അതുപോലെ യുക്തിയുടെ പ്രയോഗം കൊണ്ട് ഭ്രാന്ത് സൃഷ്ടിക്കപ്പെടുമെങ്കില്‍ അതും ഒഴിവാക്കേണ്ടതാണ്. അതിന് യുക്തിയുടെ പിന്‍ബലം കുറവാണെങ്കിലും.
രണ്ട് സന്ദര്‍ഭങ്ങളിലും ഒരു യുക്തിയാണ് മുന്നിട്ട് നില്‍ക്കുന്നത്. അത് മനുഷ്യന്റെ നിലനില്‍പ്പും ശാന്തിയുമാണ്. യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യുക്തികൊണ്ട് കേരളത്തെ ഭ്രാന്താലയമാക്കിയിരിക്കുന്നു. ആ ഭ്രാന്തിന്റെ തുടക്കം തന്നെയായിരുന്നു നാമജപ പ്രതിഷേധം. ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ അതിനെ തിരിച്ചറിഞ്ഞ്, ലക്ഷണം പ്രകടമാക്കുന്നവരില്‍ അലോസരമുണ്ടാക്കാതെ, അവരെ സമനിലയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് സമചിത്തതയുടെയും ബുദ്ധി വൈഭവത്തിന്റെയും ലക്ഷണം. ആ ലക്ഷണത്തിന്റെ പ്രകടനമായിരുന്നു ഇരുട്ടിലും മുഴുഭ്രാന്തിലും അമര്‍ന്ന് കിടന്നിരുന്ന കേരളത്തെ നവോത്ഥാനത്തിലൂടെ വൈകാരികമായി ആരിലും പോറലേല്‍പ്പിക്കാതെ ശ്രീ നാരായണ ഗുരു സാമൂഹികമായ വെളിച്ചത്തിന്റെ നവോത്ഥാന പാത ഒരുക്കിയത്. ആ പാതയുടെ പേരിലാണ് മദ്യരാജാവായിരുന്ന ജാതിബോധം മുറ്റി നില്‍ക്കുന്ന എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നവോത്ഥാന നായകനാക്കി 2019 പുതുവര്‍ഷത്തില്‍ കേരള സര്‍ക്കാര്‍ വനിതാ മതില്‍ സൃഷ്ടിച്ചത്. യുക്തിയിലൂടെ ഭ്രാന്തിനെ സൃഷ്ടിച്ച ഒടുവിലത്തേതിന്റെ തൊട്ടു മുമ്പിലത്തെ നടപടി. വനിതാ മതില്‍ തീര്‍ത്ത് ഇരുട്ടി വെളുക്കുന്നതിന് മുമ്പ് സരസ്വതീ യാമത്തില്‍ ശബരിമലയില്‍ പ്രച്ഛന്ന വേഷത്തില്‍ യുവതികളെ കയറ്റി അവസാനത്തെ യുക്തി പ്രയോഗം.
ഒരര്‍ത്ഥത്തില്‍ സുപ്രീം കോടതിയുടെ സൂക്ഷ്മ ബോധത്തെ ഉണര്‍ത്തുന്നതിന് ഇപ്പോഴത്തെ യുവതീ പ്രവേശം കാരണമായിരിക്കുന്നു. ലോകത്തിലെ അദ്വൈത സിദ്ധാന്തത്തിന്റെ പരിപൂര്‍ണ താന്ത്രിക വിധിപ്രകാരമുള്ള ഏക ക്ഷേത്രമാണ് ശബരിമല. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം പ്രച്ഛന്ന വേഷത്തില്‍ ഒളിപ്പിച്ച് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുക എന്നുള്ളതായിരുന്നില്ല. അത് ഇന്ത്യന്‍ ഭരണഘടനയുടെയും ഈ രാജ്യത്തെ ജനായത്ത സംവിധാനത്തിന്റെയും പരാജയമാണ് സൂചിപ്പിക്കുന്നത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഒക്കെ സത്യപ്രതിജ്ഞ ചെയ്യുന്നത് തന്നെ ഭീതിയില്ലാതെ കടമകള്‍ നിര്‍വഹിക്കും എന്ന് പറഞ്ഞാണ്. ആ നിലക്ക് ശബരിമലയില്‍ കണ്ടത് സര്‍ക്കാരിന്റെ ഭീതിയും, ആ ഭീതിയില്‍ കള്ളത്തരം കാണിക്കുന്നതുമാണ്.
എന്തുതന്നെ ആയാലും അവിടെ സര്‍ക്കാരിന്റെ ഉത്തരവാദിത്വം കഴിയുകയാണ്. എന്നാല്‍ തന്ത്രി നട അടച്ചു. ശുദ്ധീകലശവും ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അറിവോടുകൂടി തന്നെയാണ് തന്ത്രി ശുദ്ധീകലശം നടത്തിയത്. ശുദ്ധീകലശത്തോടെ സുപ്രീം കോടതി വിധി പരാജയപ്പെട്ടിരിക്കുന്നു. സുപ്രീം കോടതിയുടെ പരമോന്നത പാവനത്വമാണ് അതിലൂടെ കളങ്കപ്പെട്ടത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പറയുന്നു തന്ത്രിക്ക് ആചാരമനുസരിച്ച് തീരുമാനമെടുക്കാമെന്ന്. പുനഃപ്പരിശോധനാ ഹര്‍ജി പരിഗണക്കപ്പെടുമ്പോള്‍ ഇത് സുപ്രീം കോടതിയുടെ മുന്നിലെ പുതിയ സമസ്യ ആയിരിക്കും. പക്ഷേ ഒരു കാര്യത്തില്‍ മാത്രം ഏതാണ്ട് ചിത്രം തെളിഞ്ഞ് വരുന്നു. കേരളം ഭ്രാന്താലയമായി തന്നെ മാറുന്നു.