കേരളം വലിയൊരു തമാശയായി മാറുന്നു. എങ്ങിനെ നോക്കിയാലും. അതിനാല്‍ എന്തുകൊണ്ട് എന്നതിന് ഒറ്റക്കാര്യത്തില്‍ ഉത്തരം നല്‍കുക പ്രായോഗികമല്ല. ഒരുദാഹരണത്തിലേക്കു വരാം. ബിജു രമേശ്. സി പി ഐ നേതാവ് സി.ദിവാകരന്‍ ഒരിക്കല്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ തറപ്പിച്ചുപറയുകയുണ്ടായി, ആരോപണമുന്നയിച്ചിരിക്കുന്ന ആള്‍ ചില്ലറക്കാരനല്ല. ഡോക്ടറേറ്റ് ഒക്കെ നേടിയ ആളാണ്. അതേ ഡോ.ബിജു രമേശ് ഇന്ന് കേരളത്തിലെ താരമാണ്. ഒരുപക്ഷേ അദ്ദേഹമാണ് ഇന്ന് ഏറ്റവും വലിയ മാധ്യമവും. കേരളം കണ്ട എക്കാലത്തേയും കരുത്തനായ ധനകാര്യമന്ത്രിയേയും രാഷ്ട്രീയ പ്രഭുവുമായ കെ. എം .മാണിയെ അഴിമതിയുടെ പേരില്‍ അദ്ദേഹം താഴെയിറക്കി. അദ്ദേഹമിപ്പോള്‍ അഴിമതി വിരുദ്ധ പോരാളിയാണ്. താരമാണ്. അദ്ദേഹം സ്വയം സാംസ്‌കാരിക നേതാവാണെന്നും വിശ്വസിക്കുന്നതായി ചില ചാനല്‍ അഭിമുഖങ്ങള്‍ കണ്ടാല്‍ അറിയാം. ആള്‍ കേരളീയരെ കുടിപ്പിച്ചു കിടത്തുന്ന ആള്‍ കേരളാ ബാര്‍ അസോസിയേഷന്റെ വര്‍ക്കിംഗ് പ്രസിഡന്റാണ്. കേരളത്തിലെ സാംസ്‌കാരിക നായകരില്‍ ചില പ്രമുഖരും ചില പത്രപ്രവര്‍ത്തകരുമൊക്കെ പരസ്യമായി മദ്യപാനത്തെ മഹത്വവല്‍ക്കരിക്കുകയും കാല്‍പ്പനികവല്‍ക്കരിക്കുകയുമൊക്കെ ചെയ്തതിന്റെ പാശ്ചാത്തലത്തിലാവണം താനൊരു സാംസ്‌കാരികനായകന്‍ കൂടിയാണെന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാവുക.
2013 ഡിസമ്പര്‍ ആറിന് തിരുവനന്തപുരം മാതൃഭൂമി പത്രത്തിന്റെ പന്ത്രണ്ടാം പേജില്‍ വന്ന ചിത്രവും അടിക്കുറിപ്പുമാണ് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത്. കേരളകൗമുദിയിലും കലാകൗമുദിയിലുമൊക്കെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു കള്ളിക്കാട് രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള 2013 ലെ സാമൂഹിക സേവനത്തിനുള്ള കള്ളിക്കാട് ഫൗണ്ടേഷന്‍ അവര്‍ഡ് മന്ത്രി ശിവകുമാറില്‍ നിന്നും ഏറ്റുവാങ്ങുന്നതാണ് ചിത്രം. അതില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് വക്താവുമായ പന്തളം സുധാകരനേയും കാണാം. അരസികന്‍മാരായ മാതൃഭൂമിയിലെ സബ് എഡിറ്റര്‍മാര്‍ മന്ത്രിയുടേയും പന്തളത്തിന്റേയും പ്രസംഗം ഉപയോഗിച്ചിട്ടുള്ളതായി കാണുന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഡോ.ബിജുരമേശിന്റെ സാമൂഹിക സേവനങ്ങള്‍ എന്തൊക്കെയാണെന്ന് എണ്ണിയെണ്ണിപ്പറയുന്നതും ഇപ്പോള്‍ വായിക്കാമായിരുന്നു. എന്നിരുന്നാലും മന്ത്രി ശിവകുമാറും പന്തളവും യഥേഷ്ടം ബിജു രമേശിന്റെ സാമൂഹിക സേവനങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ടാവും. സംശയമില്ല. കാരണം അദ്ദേഹം അവാര്‍ഡ് ജേതാവാണല്ലോ. എന്തായിരുന്നു പ്രകീര്‍ത്തിക്കല്‍ എന്നത് സാംസ്‌കാരിക കേരളത്തിനു നഷ്ടമായി. അന്നും അദ്ദേഹം ബാര്‍ അസ്സോസിയേഷന്റെ കര്‍മ്മപ്രിസിഡന്റാ
യിരുന്നു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ പ്രകാരം കേരളത്തിലെ മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് തെളിയിച്ച് തന്റെ സാമൂഹിക സേവനം നിര്‍വഹിക്കുന്നതിനായി മന്ത്രിമാര്‍ക്ക് നേരിട്ടും അല്ലാതെയും ബ്രീഫ് കേസ്സുകളിലും അല്ലാതെയും കോഴപ്പണം കൊടുത്ത കാലഘട്ടങ്ങളാണ്. മാധ്യപ്രവര്‍ത്തനാധിഷ്ടിതമായ ആ സാമൂഹ്യ സേവനത്തെ മന്ത്രിയും പന്തളവും പ്രകീര്‍ത്തിക്കാന്‍ ഇടയില്ല. കാരണം അന്ന് ബിജു രമേശ് അഴിമതി പുറത്തുകൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന കാലമായിരുന്നു. അതിനാല്‍ മികച്ച ബാറുകള്‍ നടത്തി ആള്‍ക്കാര്‍ക്ക് ക്ഷാമമില്ലാതെ മദ്യം തന്റെ സ്ഥാപനങ്ങളും തന്റെ സംഘടനയുടെ അംഗങ്ങളുടെ സ്ഥാപനങ്ങള്‍ വഴിയും ലഭ്യമാക്കുന്ന സാമൂഹ്യ സേവനത്തെക്കുറിച്ചായിരിക്കണം പുകഴ്ത്തപ്പെട്ടിട്ടുള്ളത്.
കള്ളിക്കാട് ഫൗണ്ടേഷന്‍ അവാര്‍ഡ് തെരഞ്ഞെടുത്തവരും നല്ല് കൂടിയ സാംസ്‌കാരിക പ്രവര്‍ത്തകരായിരിക്കും. കാരണം അവര്‍ഡ് കൊടുക്കുന്നത് സംസ്ഥാനത്തെ ഒരു മന്ത്രി. വേദിയില്‍ സന്നിഹിതനായിരിക്കുന്നത് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും. എന്തായാലും കേരളത്തിന്റെ വര്‍ത്തമാനകാല സാംസ്‌കാരിക രംഗം അറിയണമെങ്കില്‍ എക്കാലത്തും ഈ ഒരു ചിത്രവും അടിക്കുറിപ്പും ധാരാളം. അവാര്‍ഡ് കമ്മറ്റിക്കും സംഘാടകര്‍ക്കും അവാര്‍ഡ് കൊടുക്കുന്ന മന്ത്രിക്കും ആശംസയക്കെത്തിയ മുന്‍മന്ത്രിക്കും ഒരു സംശയവുമില്ലെങ്കില്‍ തന്റെ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ ഡോ.ബിജുരമേശിന് ഒട്ടും സംശയം തോന്നേണ്ട കാര്യമില്ല. അവരേക്കാളൊക്കെ കേരളജനതയെ നയിക്കാന്‍ യോഗ്യത ബിജു രമേശിനുണ്ടെന്നു കരുതിയാല്‍ അത് അധികപ്പറ്റാവില്ല. ആ തോന്നല്‍ അദ്ദേഹത്തിന് ഉണ്ടായിക്കഴിഞ്ഞുവെന്നാണ് ചില അഭിമുഖങ്ങള്‍ വ്യക്തമാക്കുന്നത്.