ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയില്‍ (യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷനല്‍, സയന്റിഫിക് ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍) നിന്ന് അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും പിന്മാറി. പലസ്തീന്‍ വിഷയത്തില്‍ യുനെസ്‌കോ ഇസ്രായേല്‍ വിരുദ്ധ സമീപനം പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് പിന്മാറ്റം. അമേരിക്കയുടെ പിന്മാറ്റത്തിന് പുറകെയാണ് ഇസ്രായേലും പിന്മാറ്റ പ്രഖ്യാപനം നടത്തിയത്.
പിന്മാറ്റത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് പകരം അത് തകര്‍ക്കുകയാണ് യുനെസ്‌കോ ചെയ്യുന്നത്. അസംബന്ധങ്ങളുടെ അരങ്ങായി യുനെസ്‌കോ മാറിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, യുനെസ്‌കോയില്‍ നിന്നും പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ നൈതന്യാഹു സ്വാഗതം ചെയ്തിരുന്നു. ചരിത്രപരമായ തീരുമാനം എന്നാണ് അദ്ദേഹം പിന്മാറ്റത്തെ വിശേഷിപ്പിച്ചത്.
പലസതീനെ സംഘടനയില്‍ ഉള്‍പ്പെടുത്തിയതുമുതല്‍ ആരംഭിച്ച പ്രശനങ്ങളാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും പിന്‍മാറ്റത്തിലെത്തിച്ചിരിക്കുന്നത്.
പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ചട്ടപ്രകാരം 2018 ഡിസംബറോടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാവുകയുള്ളൂ. അതുവരെ ഇരു രാജ്യങ്ങള്‍ക്കും യുനസ്‌കോയില്‍ അംഗമായി തുടരേണ്ടി വരും.