ഒഡിഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ഒഡിഷ, ആന്ധ്രാപ്രദേശ് പൊലീസിന്റെ സംയുക്ത സംഘം നടത്തിയ ആക്രമണത്തില്‍ നിരോധിത സംഘടനയായ സി.പി.ഐ (മാവോവാദി)യുടെ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശുമായുള്ള അതിര്‍ത്തിയ്ക്ക് അടുത്താണ് സംഭവം.
പാര്‍ട്ടിയുടെ ഏതാനും മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായും എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സമയമെടുക്കുമെന്നും പോലീസ് അറിയിച്ചു. രണ്ട് പോലീസ് കോണ്‍സ്റ്റബിളുമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന്‍ നാല് എ.കെ 47 തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായും അധികൃതര്‍ പറഞ്ഞു.
നൂറോളം മാവോവാദികള്‍ തമ്പടിച്ചതായ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ നടപടി. പാര്‍ട്ടിയുടെ പ്ലീനറി യോഗം ചേര്‍ന്നതകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. മേഖലയില്‍ പോലീസ് തിരച്ചില്‍ തുടരുന്നുണ്ട്.