Skip to main content

ഡി.എം.കെ മേധാവി എം. കരുണാനിധി തന്റെ ഇളയ മകന്‍ എം.കെ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. തമിഴ് മാഗസിന്‍ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്.

 

ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളില്‍ ഒന്നിലെ പിന്തുടര്‍ച്ചത്തര്‍ക്കത്തിന് ഇതോടെ അവസാനമാകുമെന്ന് കരുതുന്നു. നേരത്തെ, പാര്‍ട്ടിയുടെ ഭാവി നേതാവിനെ ചൊല്ലിയുണ്ടായ തര്‍ക്കം കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കുന്നതിലേക്ക് നയിച്ചിരുന്നു.

 

കഴിഞ്ഞ നാല് പതിറ്റാണ്ടായി കരുണാനിധിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാലിന്‍ നിലവില്‍ തമിഴ്‌നാട്‌ നിയമസഭയില്‍ പ്രതിപക്ഷ നേതാവാണ്‌. 2009 മുതല്‍ 2011 വരെ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.