Skip to main content
ന്യൂഡല്‍ഹി

lk advaniവരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നു തന്നെ മത്സരിക്കുമെന്ന് ബി.ജെ.പി. മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് മാറാന്‍ അദ്വാനി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഗുജറാത്തിലെ വഡോദരയില്‍ നിന്നു കൂടി മത്സരിക്കും. ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ നിന്ന്‍ മോഡി മത്സരിക്കുമെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ പാര്‍ട്ടിയില്‍ അദ്വാനി പ്രകടിപ്പിക്കുന്ന എതിര്‍പ്പ് തുടരുമെന്ന സൂചനയാണ് തീരുമാനത്തില്‍ തെളിയുന്നത്. ബുധനാഴ്ച നടന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ അദ്വാനി പങ്കെടുത്തിരുന്നില്ല. യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കളായ സുഷമ സ്വരാജും നിതിന്‍ ഗഡ്കരിയും അദ്വാനിയെ വസതിയിലെത്തി സന്ദര്‍ശിച്ചു.

 

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാനോട് കൂടുതല്‍ അനുഭാവം പ്രകടിപ്പിക്കുന്ന അദ്വാനി ഭോപ്പാല്‍ ആണ് തനിക്ക് ഗാന്ധിനഗറിനേക്കാളും സുരക്ഷിതം എന്ന്‍ കരുതുന്നു. 1991 മുതല്‍ ഗാന്ധിനഗറിനെ പ്രതിനിധീകരിക്കുന്നത് അദ്വാനിയാണെങ്കിലും മോഡിയോടുള്ള എതിര്‍പ്പ് പരസ്യമാക്കിയ ശേഷം ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ നീരസം നേരിടേണ്ടി വന്നതാണ് ഗാന്ധിനഗറില്‍ നിന്ന്‍ മാറാനുള്ള ചിന്തയിലേക്ക് അദ്വാനിയെ നയിച്ചതെന്നാണ് സൂചന.    

 

67 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി ബുധനാഴ്ച പ്രഖ്യാപിച്ചത്. ഇതില്‍ 21 സീറ്റുകള്‍ ഗുജറാത്തിലും 15 എണ്ണം ഉത്തര്‍ പ്രാദേശിലുമാണ്.

Tags