2ജി അഴിമതിക്കേസില്‍ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ കുറ്റകൃത്യത്തിന് തെളിവുകള്‍ ഉണ്ടെന്ന്‍ സി.ബി.ഐ. ഇവര്‍ക്കതിരെ അന്വേഷണം തുടങ്ങാന്‍ തയാറാണെന്നും ഏജന്‍സി ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ടെലികോം ലൈസന്‍സുമായി ബന്ധപ്പെട്ട് റാഡിയ വ്യവസായികള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ സി.ബി.ഐ കോടതിയില്‍ നല്‍കി.
ടെലിഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഏകദേശം പത്തോളം കേസുകളില്‍ അന്വേഷണം വേണ്ടിവരുമെന്ന്‍ ജി.എസ് സിംഗ്വി, വി. ഗോപാല ഗൌഡ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പ്രസാദ് കുഹാദ് 5800 ടെലിഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ തെളിവ് കോടതിയില്‍ ഹാജരാക്കി. കൂടാതെ ഇനിയും അന്വേഷണം നടത്തേണ്ടുന്ന നാല് കേസുകളെക്കുറിച്ചും സൂചിപ്പിച്ചു.
സി.ബി.ഐയുടെ അധികാര പരിധിയില്‍ വരുന്നതിനേക്കാള്‍ കേസുകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദായനികുതി വകുപ്പ് ചോര്‍ത്തിയ ഫോണ്‍ സംഭാഷണത്തില്‍ 2ജി ഇടപാടുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള 62 എണ്ണമാണുള്ളതെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.