2ജി സ്പെക്ട്രം അഴിമതി അന്വേഷണത്തില്‍ ഇടെപെട്ടതായി ആരോപിച്ച് സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിക്ക് നേരെയുള്ള പരാതി നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി. റോയിക്കും സഹാറ ടെലിവിഷന്‍ ചാനലിന്റെ രണ്ട് ജീവനക്കാര്‍ക്കും വിഷയത്തില്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിങ്ങിന്റെ പരാതിയിലാണ് ജസ്റ്റിസുമാരായ ജി.എസ് സിംഘ്വി, കെ.എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. സഹാറ ഇന്ത്യ ചാനലിലെ മാധ്യമപ്രവര്‍ത്തകരായ ഉപേന്ദ്ര റായ്, സുബോധ് ജെയിന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തുകയും 2ജി സ്പെക്ട്രം കേസന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.
കേസന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമം നടന്നതായി പ്രഥമദൃഷ്ട്യാ കാണുന്നുവെന്ന് 2011 മേയ് ആറിന് കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് സുബോധ് ജെയിന്‍ സിങ്ങിന് അയച്ച 25 ചോദ്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും സഹാറ ചാനലുകളെ കോടതി വിലക്കി. 2ജി കേസന്വേഷണവുമായി ബന്ധപ്പെട്ടു ഹാജരാകാന്‍ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്ന്‍ സുബ്രത റോയിക്ക് സമന്‍സ് ലഭിച്ചതിന് ശേഷമാണ് ചാനലിന്റെ ഈ നടപടി എന്നത് ഭീഷണിയായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു.