Skip to main content
ന്യൂഡല്‍ഹി

2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമിതി അധ്യക്ഷന്‍ പി.സി.ചാക്കോ ലോക്സഭാ സ്പീക്കര്‍ മീരാകുമാറിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും അന്നത്തെ ധനമന്ത്രി പി.ചിദംബരത്തിനെയും പൂര്‍ണമായും കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച ജെ.പി.സി സമര്‍പ്പിച്ചിരിക്കുന്നത്. അന്നത്തെ ടെലികോം മന്ത്രിയായിരുന്ന എ. രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

 

റിപ്പോര്‍ട്ടില്‍ ആറ് പാര്‍ട്ടികളുടെ വിയോജനക്കുറിപ്പും സമര്‍പ്പിച്ചിട്ടുണ്ട്. സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്ന 1.76 ലക്ഷം കോടിയുടെ നഷ്ടം സാങ്കല്‍പ്പികമാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പീക്കറുടെ ഔദ്യോഗികവസതിയിലെത്തി പി.സി ചാക്കോയാണ് റിപ്പോര്‍ട്ട് കൈമാറിയത്. 1998 മുതല്‍ 2009 വരെയുള്ള നടപടികളാണ് സമിതി അന്വേഷിച്ചത്. പതിനൊന്ന്‍ പ്രതിപക്ഷ അംഗങ്ങളാണ് വിയോജിപ്പ്‌ രേഖപ്പെടുത്തിയത്. അഞ്ച് ബി.ജെ.പി അംഗങ്ങള്‍, ബി.ജെ.ഡി, ടി.എം.സി, സി.പി.ഐ, സി.പി.ഐ.എം, എ.ഐ.ഡി.എം.കെ, ഡി.എം.കെ എന്നീ പാര്‍ട്ടികളിലെ ഓരോ അംഗങ്ങളാണ് റിപ്പോര്‍ട്ടിനെതിരെ വോട്ട് ചെയ്തത്.  

 

ഡിസംബറില്‍ തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് വെക്കുമെന്ന് സമിതി ചെയര്‍മാന്‍ പി.സി. ചാക്കോ അറിയിച്ചു. എന്‍.ഡി.എ. സര്‍ക്കാറിന്റെ കാലത്ത് ലൈസന്‍സ് ഫീസ് സംവിധാനത്തില്‍നിന്ന് 43000 കോടി രൂപയുടെ നഷ്ടമുണ്ടായി. 2 ജിയുടെ കാര്യത്തിലെ നഷ്ടം സമിതി പ്രത്യേകമായി കണക്കു കൂട്ടിയിട്ടില്ലെന്നും പി.സി ചാക്കോ പറഞ്ഞു. ബി.ജെ.പിയുടെ ഗോപിനാഥ് മുണ്ടെ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. സെപ്റ്റംബര്‍ 27-ന് രണ്ട് ജെ.ഡി.യു അംഗങ്ങളുടെ അസാന്നിധ്യത്തില്‍ ഭൂരിപക്ഷവോട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.

Tags