Skip to main content
ന്യൂഡല്‍ഹി

2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് റിലയന്‍സ് ടെലികോം ലിമിറ്റഡ് മേധാവി അനില്‍ അംബാനി  വിചാരണക്കോടതിയില്‍ മൊഴിനല്‍കി. സ്വാന്‍ ടെലികോം എന്ന കമ്പനിയെക്കുറിച്ച് അറിയില്ലെന്നും താൻ നിരവധി മീറ്റിംഗുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പങ്കെടുത്തിട്ടുള്ള എല്ലാ മീറ്റിംഗുകളും ഓർമ്മയിലില്ലെന്നും അനില്‍ അംബാനി കോടതിയില്‍ പറഞ്ഞു.

 

2005-06 കാലത്ത് എ.എ.എ. കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ യോഗങ്ങളില്‍ പങ്കെടുത്തത്  ഓര്‍മയില്ലെന്ന് പറഞ്ഞ ഇദ്ദേഹത്തോട് ഓര്‍മയില്ലെങ്കിലും യോഗത്തില്‍ പങ്കെടുത്തു എന്ന വിവരങ്ങള്‍ തെറ്റാണോ എന്ന് കോടതി ചോദിച്ചു. രേഖകള്‍ ശരിയാണെന്ന് അംബാനി മറുപടി നല്‍കുകയും ചെയ്തു.

 

അതേസമയം സ്വാന്‍ എന്ന കമ്പനിയെക്കുറിച്ച് അറിയില്ലെങ്കിലും ടെലികോം മേഖലയിലെ പുരോഗതികളെ കുറിച്ച് സംസാരിക്കുന്നതിനായി മുന്‍മന്ത്രിമാരായ പ്രമോദ് മഹാജൻ, എ.രാജ, കപിൽ സിബൽ എന്നിവരെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അനിൽ അംബാനി കോടതിയിൽ വ്യക്തമാക്കി. തന്റെ ഭാര്യ ടീന സാക്ഷിയായി കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു. 

 

സ്വാന്‍ ടെലികോം കമ്പനിയുടെ പേരുപയോഗിച്ച് അനുവദിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ലൈസന്‍സ് റിലയന്‍സ് സ്വന്തമാക്കിയെന്ന കേസിലാണ് സി.ബി.ഐ അനില്‍ അംബാനിയും ഭാര്യയേയും സാക്ഷികളാക്കിയത്. സാക്ഷി വിസ്താരം മാറ്റണമെന്ന ഇരുവരുടെയും ആവശ്യം കോടതി തള്ളിയിരുന്നു.