ന്യൂഡല്‍ഹി: വധശിക്ഷയില്‍ നല്കുന്ന ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ വൈകുന്നത് ശിക്ഷ ഇളവു ചെയ്യാന്‍ മതിയായ കാരണമല്ലെന്ന് സുപ്രീംകോടതി. നിലവില്‍ ദയാഹര്‍ജി തള്ളപ്പെട്ട 17 പേരുടെ ശിക്ഷ സംബന്ധിച്ച് നിര്‍ണ്ണായകമായ വിധിയാണ് ജസ്റ്റിസ് ജി.എസ്. സിംഗ്വി, ജസ്റ്റിസ് കുര്യന് ജോസഫ് എന്നിവരുടങ്ങിയ ബഞ്ച് വെള്ളിയാഴ്ച പുറപ്പെടുവിച്ചത്.
1993-ലെ ഡല്‍ഹി കാര്‍ബോംബ് സ്ഫോടന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പഞ്ചാബ് സ്വദേശി ദേവേന്ദര്‍ പാല് സിങ് ഭുള്ളറുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭുള്ളര്‍ 2003-ല്‍ നല്കിയ ദയാഹര്‍ജി എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം 2011-ലാണ് രാഷ്ട്രപതി തള്ളിയത്. ഈ കാലതാമസം നീതിനിഷേധമായി കണക്കാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
രാജീവ് ഗാന്ധി വധക്കേസിലെ മൂന്നുപേരും വീരപ്പന്റെ കൂട്ടാളികളായിരുന്ന നാലുപേരുമടക്കം വധശിക്ഷക്ക് വിധിക്കപ്പെട്ട 17 പേരുടെ ദയാഹര്‍ജി തള്ളിയിട്ടുണ്ട്. ഇതില്‍ പ്രണബ് മുഖര്‍ജി ഈയിടെ തള്ളിയ എട്ടുപേരുടെ ദയാഹര്‍ജിയില്‍ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ച് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.