Skip to main content

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍  രണ്ടു മാവോയിസ്റ്റ് വിഭാഗങ്ങള്‍ തമ്മില്‍ ബുധനാഴ്ച രാത്രി നടന്ന സംഘട്ടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ്. സി.പി.ഐ. (മാവോയിസ്റ്റ്) പാര്‍ട്ടിയുടെയും ത്രിതീയ പ്രസ്തുതി കമ്മിറ്റി (ടി.പി.സി.) യുടെയും പ്രവര്‍ത്തകരാണ് ചത്ര ജില്ലയില്‍ ഏറ്റുമുട്ടിയത്.

 

സി.പി.ഐ. (മാവോയിസ്റ്റ്) യുടെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 15 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ചത്ര ഡെപ്യൂട്ടി കമ്മീഷണര്‍ മനോജ്‌ കുമാര്‍ അറിയിച്ചു. മാവോയിസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക പൊലീസ് സംഘം കോബ്ര സ്ഥലത്തെത്തിയാതിനാലാണ് മൃതദേഹങ്ങള്‍ മാറ്റാന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിയാതിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് അനുപ് ബിര്‍തെറെ പറഞ്ഞു.

 

മാവോയിസ്റ്റുകളുടെ ഏരിയ, സോണല്‍, പ്ലറ്റൂണ്‍  കമാണ്ടര്‍മാരാണ് കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി. രാജീവ് കുമാര്‍ പറഞ്ഞു. മാര്‍ച്ച് 13ന് മാവോയിസ്റ്റുകള്‍ ടി.പി.സി. നേതാക്കളെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാണിതെന്നും അദ്ദേഹം അറിയിച്ചു.

 

മൂന്നാം തയ്യാറെടുപ്പ് കമ്മിറ്റി എന്ന ടി.പി.സി. 2002ല്‍ സി.പി.ഐ. (മാവോയിസ്റ്റ്) പാര്‍ട്ടിയില്‍ നിന്ന് പിളര്‍ന്നു പോന്നവര്‍ രൂപീകരിച്ചതാണ്. പ്രധാനമായും ഗോത്ര വര്‍ഗ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം മാവോയിസ്റ്റ് പാര്‍ട്ടിയിലെ യാദവ ആധിപത്യത്തിനെതിരെ കലഹിച്ചാണ് പിളര്‍ന്നത്. സി.പി.ഐ. (മാവോയിസ്റ്റ്) യെ പ്രധാന ശത്രുവായി പ്രഖ്യാപിച്ച സംഘത്തിന് പോലീസിന്റെ പിന്തുണയുണ്ടെന്ന്‍ ആരോപണമുണ്ട്.