യു.എസ് നാവികസേനയുടെ വാഷിംഗ്‌ടണിലെ ആയുധശാലയായ നേവി യാര്‍ഡില്‍ തിങ്കളാഴ്ച കരാര്‍ ജീവനക്കാരന്‍ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. വിഷ്ണു പണ്ഡിറ്റ് എന്ന ഇന്ത്യന്‍ വംശജനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെടിവെപ്പ് നടത്തിയ ടെക്സസ് സ്വദേശി ആരോണ്‍ അലെക്സിസും പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു.
മരിച്ചവരിലേറെയും പ്രതിരോധ കരാര്‍ കമ്പനി ജീവനക്കാരാണ്. എട്ടു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പണ്ഡിറ്റിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
2007 മുതല്‍ നാലു വര്‍ഷം യു.എസ് നേവി റിസര്‍വില്‍ അംഗമായിരുന്നു 34-കാരനായ അലെക്സിസ്. സേനയില്‍ താന്‍ വിവേചനം നേരിട്ടതായി അലെക്സിസ് പരാതിപ്പെട്ടിരുന്നു. രണ്ടുതവണ വെടിവെപ്പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതീവ സുരക്ഷയുള്ള പ്രദേശമാണ് നേവി യാര്‍ഡില്‍ നടന്ന ആക്രമണം യു.എസ് തലസ്ഥാനമായ വാഷിങ്ങ്ടണില്‍ ആശങ്ക പടര്‍ത്തി. ദി എക്സ്പെര്‍ട്ട്സ് എന്ന കമ്പനിയുടെ കരാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ ലഭിച്ച പാസുപയോഗിച്ചാണ് അലെക്സിസ് ഇതിനകത്ത് പ്രവേശിച്ചത്. യു.എസ് പ്രസിഡന്റിന്റെ വസതിയായ വൈറ്റ്‌ഹൌസ് യാര്‍ഡിന് ആറും യു.എസ് പാര്‍ലിമെന്റായ കോണ്‍ഗ്രസിന്റെ മന്ദിരങ്ങള്‍ മൂന്നും കിലോമീറ്റര്‍ മാത്രം അകലെയാണ്.
2009-ല്‍ ടെക്സസിലെ ഫോര്‍ട്ട് ഹുഡില്‍ കരസേനയിലെ മനശ്ശാസ്ത്രജ്ഞന്‍ മേജര്‍ നിദാല്‍ ഹസന്‍ നടത്തിയ വെടിവെപ്പാണ് ഇതിന് മുന്‍പ് യു.എസ് സൈന്യം നേരിട്ട സമാന ദുരന്തം. അന്ന് 13 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഹസന് കഴിഞ്ഞ മാസം വധശിക്ഷ വിധിച്ചിരുന്നു.