റോം: ഇറ്റാലിയന്‍ നാവിക ഭടന്മാര്‍ ഉള്‍പ്പെട്ട കടല്‍ക്കൊലക്കേസ് ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നു. താന്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കാതെയാണ് നാവികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതെന്ന് ആരോപിച്ച് വിദേശമന്ത്രി ജൂലിയോ തെര്‍സി രാജി പ്രഖ്യാപിച്ചു. പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.
നാവികരെ തിരിച്ചയച്ചതിനെതിരെ ഇറ്റലിയില്‍ പ്രതിഷേധം ശക്തമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെര്‍സി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.
തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഇന്ത്യന്‍ സുപ്രീം കോടതി ജാമ്യം നല്‍കിയ നാവികരെ തിരിച്ചയയേ്ക്കണ്ടതില്ലെന്നായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ നയതന്ത്രബന്ധങ്ങള്‍ വഷളാകുകയും ഇന്ത്യയിലെ സ്ഥാനപതിയെ രാജ്യം വിടുന്നത് സുപ്രീം കോടതി വിലക്കുകയും ചെയ്തതോടെ ഇറ്റലി തീരുമാനം മാറ്റി. കോടതി നല്‍കിയ കാലാവധി തീരുന്ന ദിവസം നാവികരായ മാസിമിലിയാനോ ലത്തോറെയേയും സാല്‍വത്തോറെ ജിറോണിനേയും ഇന്ത്യയിലേക്ക് തിരിച്ചയച്ചു.