Skip to main content
Thiruvananthapuram

സംസ്ഥാനത്ത് മുപ്പത്തിരണ്ടായിരത്തോളം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ കാല്‍ ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് തെക്കന്‍ കേരളത്തിലാണ്. തിരക്ക് പിടിച്ചും മെറിറ്റ് അട്ടിമറിച്ചും സര്‍ക്കാർ നടത്തിയ പ്രവേശന നടപടികളാണ് കുട്ടികള്‍ക്ക് പഠനാവസരം നിഷേധിച്ചത്. ഓപ്പൺ സ്കൂളിൽ അറുപതിനായിത്തോളം വിദ്യാർഥികൾ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്ന സംസ്ഥാനത്താണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.

ജൂണ്‍ 6ന് ഹയര്‍ സെക്കന്‍ഡറി അധ്യയനം തുടങ്ങണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ശാഠ്യമാണ് തിരക്കിട്ട് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലേക്ക് നയിച്ചത്. ആദ്യ അലോട്ട് മെന്റ് കഴിഞ്ഞ ശേഷം 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചു. ഈ അധിക സീറ്റുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ നടന്നത് ഒരു അലോട്ട്മെന്റ് മാത്രം. പിന്നീട് വർധിപ്പിച്ച സീറ്റിലേക്ക് ആവശ്യക്കാര്‍ക്കെല്ലാം അപേക്ഷിക്കാന്‍ അവസരം നല്‍കി മെറിറ്റ് ഉറപ്പ് വരുത്താതെ പ്രവേശനം കൊടുത്തു. എന്നിട്ടും ബാക്കിയായത് 31,010 സീറ്റ്‍.

ഇതില്‍ 23,307 സീറ്റ് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള തെക്കന്‍ ജില്ലകളിലാണ്. മലബാറില്‍ ഒഴിവുള്ളത് ആകെ 7,703 സീറ്റ് മാത്രം. ഇത്രയും സീറ്റ് ഒഴിഞ്ഞ് കിടന്നിട്ടും 58953 കുട്ടികള്‍ സ്കോള്‍ കേരള വഴി സമാന്തര പഠനത്തിന് ഉയര്‍ന്ന ഫീസ് നല്‍കി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 45,521 പേരും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. മലപ്പുറം ജില്ലയില്‍നിന്ന് മാത്രം 22,620 വിദ്യാര്‍ഥികള്‍. ഈ സീറ്റുകളിലേക്ക് വീണ്ടും കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. പ്ലസ് വണ്‍ ഒന്നാം പാദ വര്‍ഷ പരീക്ഷ കഴിഞ്ഞ ശേഷമാകും ഈ കുട്ടികള്‍ക്ക് സ്കൂളുകളില്‍ എത്താനാകുക.