ബ്രാഞ്ച് തലം തൊട്ടുളള നേതാക്കളുടെ ശൈലി മാറ്റണമെന്ന് സി.പി.എം റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച തെറ്റ്തിരുത്തൽ കരടിലാണ് വിമർശനം. കൊൽക്കത്ത പ്ലീനം നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. സിപിഎം നേതൃയോഗം ഇന്നും തുടരും.
തെറ്റ്തിരുത്തൽ നടപടികൾക്ക് രൂപരേഖ തയ്യാറാക്കാനായി ചേരുന്ന നേതൃയോഗത്തിൽ തന്നെയാണ് നേതാക്കളുടെ ശൈലിക്കെതിരെ കടുത്ത വിമർശനമുന്നയിക്കുന്ന റിപ്പോർട്ട് പാർട്ടി നേതൃത്വം അവതരിപ്പിച്ചത്. നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച തെറ്റ് തിരുത്തൽ കരടിലുളള പ്രധാന നിർദേശം. ശൈലി മാറ്റത്തിലൂടെ മാത്രമേ ജനങ്ങളെ പാർട്ടിയുമായി അടുപ്പിക്കാൻ കഴിയുകയുളളൂ.
കൊല്‍ക്കത്ത പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന സ്വയം വിമർശനവും കരട് റിപ്പോർട്ടിലുണ്ട്. വര്‍ഗബഹുജന സംഘടനകളിലൂടെ എത്തുന്നവരെ കേഡര്‍മാരാക്കി മാറ്റാന്‍ കഴിയുന്നില്ല. സാമൂഹ്യമാധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിൽ പരാജയപ്പെട്ടു. കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കൊൽക്കത്ത പ്ലീനത്തിൽ നിര്‍ദേശമുണ്ടായിരുന്നു. എന്നാൽ സംഘടനാ സമ്മേളനങ്ങളുടെ ഘട്ടത്തില്‍പോലും ഇതിനുള്ള ശ്രമമുണ്ടായില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
രണ്ട് ദിവസം കൂടി തുടരുന്ന സെക്രട്ടറിയേറ്റ് യോഗം കരട് റിപ്പോർട്ട് ചർച്ചചെയ്യും. തുടർന്ന് ചേരുന്ന സംസ്ഥാന കമ്മറ്റിയായിരിക്കും തെറ്റ് തിരുത്തൽ രേഖയ്ക്ക് അന്തിമരൂപം നൽകുക. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വകുപ്പുതിരിച്ചു യോഗം വിലയിരുത്തും. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ മന്ത്രിമാര്‍ സംസ്ഥാന സെക്രട്ടറിക്ക് കൈമാറി.6 നിയമസഭ മണ്ഡലങ്ങിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങളൾ ചർച്ചചെയ്യുന്നതും നേതൃയോഗത്തിന്റെ അജണ്ടയിലുണ്ട്.