എല്‍.ഡി.എഫ് പ്രചാരണം തുടങ്ങിയിട്ടും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ആശയക്കുഴപ്പം തുടരുന്നു. ജോസ് കെ. മാണി വിഭാഗം തന്നെ കൃത്യമായ ഒരു പേരിലേക്ക് എത്തിയിട്ടില്ല. സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യം തള്ളാതിരുന്ന ജോസ് കെ. മാണി കൃത്യമായ മറുപടി നല്‍കിയില്ല. മറ്റന്നാള്‍ നടക്കുന്ന ജില്ലാ യു.ഡി.എഫ് യോഗത്തിനു മുന്നോടിയായി ധാരണകള്‍ രൂപപ്പെടുത്താനാണ് ശ്രമം പേരുകള്‍ പലത് ചര്‍ച്ചയിലുണ്ട്.
പക്ഷേ ജോസഫ് വിഭാഗത്തെ കൂടി വിശ്വാസത്തിലെടുത്ത് വേണം തീരുമാനം എടുക്കാന്‍. കേരള കോണ്‍ഗ്രസിലെ ഇരുപക്ഷവും അവരുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതോടെ യു.ഡി.എഫില്‍ തീരുമാനം നീളുകയാണ്. രണ്ട് മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് ഇന്നും ജോസ് കെ. മാണി നടത്തിയ പ്രതികരണം. താങ്കള്‍ സ്ഥാനാര്‍ത്ഥിയാകുമോയെന്ന ചോദ്യത്തെ തള്ളാതിരുന്ന ജോസ് കെ. മാണി കൃതൃമായ മറുപടിയും നല്‍കിയില്ല.
ചര്‍ച്ചകള്‍ യു.ഡി.എഫ് നിശ്ചയിച്ച നടപടി ക്രമം പ്രകാരമാണ്. ജോസഫുമായി നേരിട്ടുള്ള ചര്‍ച്ചയില്ലെന്നും ജോസ് കെ. മാണി ആവര്‍ത്തിച്ചു വ്യക്തമാക്കി. നിഷാ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. ഇ ജെ അഗസ്തിയുടെ പേരും പരിഗണിക്കപ്പെടുന്നു. അതിനിടയില്‍ കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്ന നിലപാടും ജോസ് കെ. മാണിയുടെ പക്ഷത്ത് നിന്നും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ കെ.എം മാണിയുടെ മകളിലേക്ക് കൂടി ചര്‍ച്ചകള്‍ നീളാം.