Skip to main content
NEW DELHI

അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ബിഹാര്‍ സത്യവാങ്മൂലം നല്‍കിയതോടെ പ്രതിക്കൂട്ടിലായത് കേരള സര്‍ക്കാര്‍. സൌജന്യ പഠനം ആഗ്രഹിച്ച് വിദ്യാര്‍ഥികള്‍ വന്നതിനെ കുട്ടിക്കടത്താക്കി മാറ്റിയത് അന്നത്തെ യു.ഡി.എഫ് സര്‍ക്കാറാണ്. കേരള സര്‍ക്കാറിന്റെ വാദങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതാണ് സുപ്രിംകോടതിയില്‍ ബിഹാര്‍ നല്‍കിയ സത്യവാങ്മൂലം.

2014ല്‍ കേരളത്തിലെ വിവിധ അനാഥാലയങ്ങളില്‍ പഠിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയ കുട്ടികളെ പിടികൂടി തിരിച്ചയച്ചതോടെയാണ് കേസുകളുടെ തുടക്കം. പിടിയിലായത് ബീഹാര്‍, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 455 വിദ്യാര്‍ഥികളും അവര്‍ക്കൊപ്പം വന്ന ഏതാനും രക്ഷിതാക്കളും. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് സംഭവം കുട്ടിക്കടത്താണെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുന്നത്.

കേസില്‍ കേരളം ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിക്കളയുന്നതാണ് ബിഹാറിന്റെ സത്യവാങ്മൂലം. ബിഹാറില്‍ നിന്നുള്ള 112 കുട്ടികളും വിദ്യാഭ്യാസത്തിന് മാത്രമായാണ് കേരളത്തിലേക്ക് പോയത്. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ ട്രെയിന്‍ ടിക്കറ്റെടുത്തായിരുന്നു യാത്ര. കുട്ടികളില്‍ പലരും നേരത്തെ തന്നെ അവിടെ പഠിക്കുന്നവരാണ്. സ്ഥാപന അധികൃതരില്‍ നിന്ന് ഇവര്‍ക്ക് മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ല. അതിനാല്‍ ഇത് കുട്ടിക്കടത്താണെന്ന വാദം നിലനില്‍ക്കില്ലെന്നും ബീഹാര്‍ സാമൂഹ്യ ക്ഷേമ വകുപ്പ് കോടതിയെ അറിയിച്ചു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ചെയര്‍മാന്‍ ഫാദര്‍ ജോസ് പോള്‍, ഏകപക്ഷീയമായി തയാറാക്കിയ റിപ്പോര്‍ട്ട് അന്ന് മന്ത്രിയായിരുന്ന എം.കെ മുനീറിന്റെ കീഴിലുള്ള സാമൂഹികക്ഷേമ വകുപ്പും അംഗീകരിക്കുകയായിരുന്നു. കോഴിക്കോട് മുക്കം ഓര്‍ഫനേജാണ് സുപ്രിംകോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കിയത്.