Skip to main content
NEW DELHI

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവ് ഷെഹ്‍ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡല്‍ഹി പാട്യാല ഹൌസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസാണ് ഷെഹ്‍ല റാഷിദിനെതിരെ കേസെടുത്തത്.

കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഷെഹ്‍ലയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‍ലയോട് കോടതി ആവശ്യപ്പെട്ടു.

ഷെഹ്‍ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റമാണ് പൊലീസ് ചുമത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്‍ല റാഷിദിന്‍റെ ട്വീറ്റുകളിലാണ് കേസ്. കശ്മീരില്‍ സൈന്യം ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‍ല ആരോപിക്കുകയുണ്ടായി. എന്നാല്‍ ഷെഹ്‍ലയുടെ ആരോപണം വ്യാജമാണെന്നായിരുന്നു സൈന്യത്തിന്‍റെ വിശദീകരണം.

എന്നാല്‍ സൈന്യം അന്വേഷണം നടത്താന്‍ തയ്യാറാണെങ്കില്‍ താന്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് ഷെഹ്‍ല മറുപടി നല്‍കിയിരുന്നു. 124എ, 153എ, 153, 504, 505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഷെഹ്‍ലക്കെതിരെ കേസെടുത്തത്.