ഉത്തരേന്ത്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ 48 ഉം ഹിമാചൽ പ്രദേശിൽ 28 ഉം പഞ്ചാബിൽ 4 ഉം മരണമാണ് റിപ്പോർട്ട് ചെയ്തത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യമുനാ നദി നിറഞ്ഞതിനാൽ ഡൽഹിയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലാണ് സങ്കീർണമായ സാഹചര്യമുള്ളത്. ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ 17 പേർ മരിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ മോറി തെഹ്സിലിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. 22 പേരെ കാണാനില്ല. ഹിമാചൽപ്രദേശിലെ കുളുവിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണാലി -കുളു ദേശീയപാത തകർന്നു.
ലാഹൗൽ - സ്പിതി ജില്ലയിൽ കുടുങ്ങിയ വിദേശികളും മലയാളികളുമടക്കം 150 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. സർസാദിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. പഞ്ചാബിൽ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. പശ്ചിമബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഡൽഹിയിൽ യമുനാ നദിയിൽ ജലനിരപ്പ് 204.70 മീറ്റർ ആയി. 204.50 മീറ്റർ ആണ് സുരക്ഷിതമായ ജലനിരപ്പ്. ഹാത്നി കുണ്ട് തടയണ വഴി 8 ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്ന് വിട്ടു. സമീപ പ്രദേശങ്ങളിൽ ഉള്ളവരെ ഒഴിപ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.