അന്യമാവുന്ന ആരവങ്ങൾ

രാജീവ് ടി. കൃഷ്ണൻ
Wed, 19-02-2014 06:00:00 PM ;

ലോകത്ത് ഏറ്റവുമധികം ജനങ്ങൾ കളിക്കുന്നതും ഇഷ്ടപ്പെടുന്നതും കാഴ്ചക്കാരുള്ളതുമായ കായിക ഇനം ഇപ്പോഴും ഫുട്‌ബോൾ തന്നെയാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. (ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതിന് വേറൊരു വശം കണ്ടേക്കാം). അതിന്റെ ടെലിവിഷൻ സംപ്രേഷണം പോലും അന്താരാഷ്ട്ര തലത്തിൽ കോടികളുടെ കിലുക്കമുള്ളവയാണ്. ജനസംഖ്യ തീരെ കുറവായ, നമ്മുടെ ഒരു പഞ്ചായത്തിന്റെ മാത്രം വലിപ്പമുള്ള രാജ്യങ്ങൾ പോലും ഇന്ന് ലോക ഫുട്‌ബോളിൽ മികച്ച പ്രകടനം നടത്തുന്നു.  എന്നാൽ ലോകജനസംഖ്യയിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്ന നമുക്കു മാത്രം എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് (അതിലൊരു കാരണം ഭൂമിശാസ്ത്രപരമാവാം) ഫുട്‌ബോളിൽ ഒന്നുമാവാൻ സാധിക്കുന്നില്ല. 150-നടുത്ത സ്ഥാനത്തുനിന്ന്, ഓഹരി സൂചിക പോലെ മുകളിലോട്ടോ താഴേക്കോ എന്ന രീതിയിൽ അത് നിൽക്കുകയാണ്. എന്നാൽ ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന കാണികളുടെ എണ്ണത്തിന്  ഇവിടെ കുറവൊന്നുമില്ല. അവിടെ പക്ഷേ, നമ്മുടെ മനസ്സ് അന്താരാഷ്ട്ര നിലവാരത്തിൽ തന്നെയാണ്! പ്രീമിയർ ലീഗും സ്പാനീഷ് ലീഗും ഇംഗ്ലീഷ് ലീഗിലും കുറഞ്ഞൊരു കളി നമുക്ക് ചിന്തിക്കാനേ സാധിക്കില്ല.

 

അപ്പോൾ പിന്നെ ഗ്രൗണ്ടിനു ചുറ്റും നിന്ന് കാണുന്ന സെവൻസ് ഫുട്‌ബോളും, ജില്ലാ ലീഗും സംസ്ഥാന ലീഗും ദേശീയ ലീഗുമൊക്കെ ഒരു വിഷയമേ ആവാതെ വരുന്നു. അതൊക്കെ അങ്ങനെയൊക്കെ നടന്നുപോവും എന്നൊരു മന:സ്ഥിതിയാണ് നമുക്ക്.  ആരുമറിയാതെ ഒരു ആരവവും ഉണ്ടാക്കാതെ, ഒരു ദേശീയ ടൂർണമെന്റ് ഈയിടെ കൊച്ചിയിൽ നടന്നു. അതിന്റെ മറുവശമായി 100 കിലോമീറ്ററിനപ്പുറം മറ്റൊരു ജില്ലയിൽ കുറച്ചു മത്സരങ്ങളും. അവിടെയും ഇവിടെയും കണ്ട കാഴ്ചകൾ തീർത്തും വിപരീതം. ഒരേ കളിയുടെ അകവും പുറവും. മലപ്പുറത്ത് ജനസഞ്ചയം. കൊച്ചിയിലെ പടുകൂറ്റൻ സ്റ്റേഡിയത്തിൽ മുക്കാൽ ലക്ഷം പേർക്ക് ഇരിക്കാൻ സാധിക്കുന്നിടത്ത്, കറപറ്റിയപോലെ അവിടവിടെയായി വിരലിലെണ്ണാവുന്ന ആൾക്കാർ. തീർത്തും ദയനീയമായ ചിത്രം. എന്നാൽ ഇതിനൊരു മറുവശമുണ്ടായിരുന്നു. ജനസഞ്ചയം കൊച്ചിയിലെ ഫുട്‌ബോൾ മത്സരങ്ങൾക്ക് അതിരു കാത്ത കാലം. അതിന് ഏതാനും വർഷങ്ങൾ പുറകോട്ട് പോകണം. ഇതാണ് ഫുട്‌ബോൾ, ഇതാണ്  ആവേശം  എന്നൊക്കെ പറഞ്ഞ ഒരു കാഴ്ചയുടെ കാലം.

 

അവിസ്മരണീയ ചിത്രം

 

കേരളത്തിലെ ഫുട്‌ബോൾ ചരിത്രരേഖകൾ പരിശോധിച്ചാൽ കൊച്ചിയുടേതായി സ്വപ്നസദൃശമായ ഒരു ചിത്രം കാണാം. ആ കാഴ്ചയ്ക്ക്  17 വർഷം പഴക്കമുണ്ട്, 1997-ഓളം. കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നെഹ്രു കപ്പ് നടക്കുകയാണ്. ആ നെഹ്രു കപ്പിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ സെമിഫൈനലിൽ കടന്നിരിക്കുന്നു. എതിരാളി സദ്ദാം ഹുസൈന്റെ ഇറാഖ്. വൈകീട്ട് 6 മണിക്ക് നടക്കുന്ന മത്സരത്തിന് രാവിലെ മുതൽ തന്നെ സ്റ്റേഡിയത്തിലേക്ക് ജനം ഒഴുകുകയാണ്. അതിരുകളില്ലാത്ത ജനപ്രവാഹം. തപ്പും മേളവുമൊക്കെയായുള്ള കാണികളുടെ വരവ് ഒരു പൂരത്തിനും ആഘോഷത്തിനും നൽകാനാവാത്ത വർണവിസ്മയക്കാഴ്ച. ചായം തേച്ചും ഇന്ത്യയുടെ ത്രിവർണ പതാക പാറിച്ചും വാദ്യഘോഷങ്ങളാലും ആരവമൊഴുക്കിക്കൊണ്ട് ശരിക്കും ഒരു സ്വാതന്ത്ര്യദിനാഘോഷം പോലെ. കൊച്ചിക്ക് അതൊരു പുത്തൻ കാഴ്ച തന്നെയായിരുന്നു. ദേശീയപാതയുടെ ഓരങ്ങളിലെങ്ങും പ്രായഭേദമന്യേ ആളുകൾ കാത്തിരിക്കുകയാണ്, സ്റ്റേഡിയം തുറക്കുന്നതും കാത്ത്. ആദ്യം അത് സാധാരണ ഒരു കാണിക്കൂട്ടങ്ങളായേ തോന്നിയുള്ളൂ. പിന്നീട് നിമിഷങ്ങൾ കഴിയുന്തോറും അതിന്റെ വലിപ്പം കൂടിവന്നുകൊണ്ടിരുന്നു.

 

ഒടുവിൽ ഉച്ചയോടെ സ്റ്റേഡിയം തുറന്നു. നാനാദിക്കിലെ പ്രവേശന കവാടങ്ങളിലൂടെ കാണികൾ ഇരച്ചുകയറി.  55000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം എന്ന് പറഞ്ഞിരുന്നയിടത്ത് വിറ്റ ടിക്കറ്റുകൾ എത്രയെന്നും എത്രപേർ കേറിയെന്നും ആർക്കുമറിയില്ല. ഒടുവിൽ മത്സരം തുടങ്ങുമ്പോഴേക്കും സ്റ്റേഡിയത്തിൽ കാലുകുത്താനിടമില്ലാത്ത അവസ്ഥ. ഇന്നത്തെപോലെ താഴെയുള്ള തട്ടിൽ കസേരകൾ നിരത്തിയിട്ടില്ലെന്നോർക്കണം. അതായത് ഇന്നത്തെ കസേരകളുടെ എണ്ണത്തിന്റെ 3 ഇരട്ടിയിലേറെ ആളുകൾ അന്ന് ആ സ്റ്റേഡിയത്തിന്റെ താഴത്തെ  തട്ടിൽ തന്നെ ഉൾക്കൊണ്ടു. മത്സരം തുടങ്ങിയിട്ടും ജനങ്ങൾ പുറത്തുനിൽക്കുകയാണ്, അകത്തേക്ക് പ്രവേശിക്കാനിടമില്ലാതെ. എന്നാൽ എല്ലാവരുടെയും പക്കൽ ടിക്കറ്റുണ്ടുതാനും. ഒടുവിൽ അകത്തേക്ക് കേറ്റിവിടുകയല്ലാതെ പോലീസിനും മറ്റും വഴിയില്ലാതായി. അപ്പോഴേക്കും കളി തുടങ്ങിയിരുന്നു. കാണികളാകട്ടെ  കിട്ടിയ സ്ഥലം മതി എന്ന രീതിയിൽ സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗത്തും നിറഞ്ഞു. ഫ്ലഡ് ലൈറ്റ് ടവറിന്റെ പടികളിൽ നിന്നു കളി കാണുന്ന കാണികളുടെ ചിത്രം പിറ്റേ ദിവസത്തെ പത്രങ്ങളിൽ അടിച്ചുവന്നിരുന്നു. സ്റ്റേഡിയത്തിൽ കാലുകുത്താനിടമില്ലാതെ വന്നപ്പോൾ കാണികൾ  ഗ്രൗണ്ടിന്റെ ക്രിക്കറ്റ് കളിക്കാൻ പാകത്തിന് വലിപ്പമുള്ള ഓരങ്ങളിൽ ഇരിക്കാൻ തുടങ്ങി. ഒടുവിൽ അത് ഫുട്‌ബോൾ കോർട്ടിനു ചുറ്റുമുള്ള ബാരിക്കേഡ് വരെയെത്തി.

 

പിന്നെ കാണുന്നത് ലോകത്തൊരിടത്തും കണ്ടിട്ടില്ലാത്ത കാഴ്ച. ഗ്രൗണ്ടിന്റെ 4 മീറ്റർ അകലത്തിൽ പരസ്യബോർഡ് വെച്ച് തിരിച്ചതിനുള്ളിലേക്കും ജനം ഇരമ്പികയറി. കളിക്കാർക്ക് ത്രോ എടുക്കാൻ പോലും കഴിയാത്ത അവസ്ഥ. ഒടുവിൽ റഫറി കളി നിർത്തിവെച്ചു. കാണികൾ പുറകോട്ടിറങ്ങാതെ കളി നടക്കില്ല എന്ന് റഫറി. അനൗൺസ്‌മെന്റുകൾ മുഴങ്ങിയെങ്കിലും കാണികൾ വഴങ്ങിയില്ല. കാരണം ഒരു സെന്റീമീറ്റർ പോലും പുറകോട്ട് മാറാൻ കഴിയുമായിരുന്നില്ല എന്നതായിരുന്നു അവസ്ഥ.

 

ഒടുവിൽ അപൂർവമായ ആവേശത്തിനു മുന്നിൽ റഫറിയും തോറ്റു. കളി വീണ്ടും തുടങ്ങി. ഇന്ത്യയുടെ ഓരോ നീക്കത്തിനും പാസ്സിങ്ങിനുമൊപ്പം ജനം അലറിവിളിച്ചു. മലയാളി താരങ്ങളായ വിജയനും ജോപോൾ അഞ്ചേരിയും അവരുടെ ആവേശം കൂട്ടി. സ്റ്റേഡിയത്തിൽ ഒന്നും കേൾക്കാനാവാത്ത സ്ഥിതി. റഫറിയുടെ വിസിൽ മുഴങ്ങിയതറിയാതെ പലപ്പോഴും കളിക്കാർ കളി തുടർന്നു. കളിനിയന്ത്രണം തന്നെ തകരാറിലായി.

 

അന്ന് കളികണ്ട ആരും ആ അന്തരീക്ഷം മറന്നുകാണില്ല. അന്ന് കളിച്ച കളിക്കാർക്ക് പിന്നെ ഒരിക്കലും അതുപോലൊരു അനുഭവം ഒരിടത്തുനിന്നുമുണ്ടായും കാണില്ല. മെക്‌സിക്കൻ തിരമാലകൾ ഒന്നും അന്നുണ്ടായില്ല. കാരണം എഴുന്നേൽക്കാൻ പോയിട്ട്  കൈ ഒന്ന് ചലിപ്പിക്കാൻ പോലുമാവാത്ത അവസ്ഥ. ഒടുവിൽ കളികഴിഞ്ഞു പുറത്തിറങ്ങുമ്പോഴും ആളുകൾ അകത്തുകയറാനാകാതെ സ്റ്റേഡിയത്തിനു പുറത്ത് നിറഞ്ഞുനിൽക്കുകയായിരുന്നു! ഇന്ത്യ ഇറാഖിനോട് അന്ന് തോറ്റെങ്കിലും അതുപോലൊരു കളി പിന്നെയാരും ഇന്ത്യയിൽ കണ്ടിട്ടുണ്ടാവില്ല.

 

അന്നത്തെ ഏകദേശകണക്കനുസരിച്ച് ഒന്നേകാൽ ലക്ഷത്തിനുമുകളിൽ  കാണികൾ സ്റ്റേഡിയത്തിനകത്ത് കയറിയതായാണ് രേഖകൾ. അത് കൂടാനേ തരമുള്ളൂ. ആ ജനക്കൂട്ടം കണ്ട് സ്റ്റേഡിയം നിർമിച്ചവർ കിടുങ്ങിയിട്ടുണ്ടാവും, തീർച്ച! ഫുട്‌ബോളിനോടുള്ള കാണികളുടെ അന്നത്തെ ആ വന്യമായ 'ആക്രമണം' വേറിട്ടൊരു അനുഭവമായിരുന്നു!

 

കലൂർ സ്റ്റേഡിയം പിറക്കുന്നു

 

അക്കാലത്ത്  കേരളം എന്നുപറയുമ്പോൾ  ഇന്ത്യൻ ഫുട്‌ബോൾ എന്നു തന്നെയായിരുന്നു. അത്രയേറെ കളിക്കാരെ കേരളം ഇന്ത്യൻ ഫുട്‌ബോളിനു സംഭാവന നൽകിക്കൊണ്ടിരിക്കുന്ന കാലം. കേരള പോലീസിന്റെ ഉദയത്തിനു ശേഷം നിരവധി മലയാളികൾ ഇന്ത്യൻ ടീമിൽ കളിച്ചു. ജനങ്ങളുടെ ഫുട്‌ബോളിനോടുള്ള ആവേശവും പ്രേമവും എല്ലാം കണ്ട ആ ചരിത്ര മത്സരം നടന്ന സ്റ്റേഡിയവും അതേപോലെയൊരു ആവേശാരവങ്ങളുടെ ഫലമായിട്ടുണ്ടായതായിരുന്നു.

 

അതിന് പിന്നെയും നാല് വർഷം പിറകോട്ട് പോകണം. അന്ന് പ്രധാന ടൂർണമെന്റുകൾ നടക്കുമ്പോൾ ആദ്യം തന്നെ കേരളത്തിനായിരിക്കും പ്രഥമപരിഗണന.  കേരളത്തിന് അനുവദിച്ചാൽ പിന്നെ കൊച്ചിയൊഴിച്ച്  മറ്റൊരു നഗരത്തേയും പരിഗണിക്കാനുമാവില്ല. അത് കൊച്ചിയുടെ സ്വന്തം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ. സ്റ്റേഡിയം എന്നു പറയാവുന്നത് ഒരു വശത്ത് മാത്രമുള്ള കുറച്ചു പടികൾ മാത്രം. ബാക്കിയെല്ലാം മുളകൊണ്ട് കെട്ടിയുയർത്തുന്ന വൻ ഗ്യാലറികോട്ട. അത്ഭുതം നിറക്കുന്ന അതിന്റെ നിർമാണ കാഴ്ച തന്നെ വല്ലാത്ത ഒരു അനുഭവം തന്നെയായിരുന്നു കൊച്ചിക്കാർക്ക്.  ടൺകണക്കിന് മൂളികൾ കൊണ്ട് കെട്ടിയുയർത്തുന്ന ഉറച്ചതും ശക്തവുമായ ആ ഗ്യാലറികൾ ലോകത്തൊരിടത്തും ഇന്നു കാണാനാവില്ല. 75-ഓളം പടികളുള്ള ആ ഗ്യാലറിയിലിരുന്നാണ് നെഹ്രു കപ്പിലൂടെ റഷ്യയും റുമാനിയയും ചൈനയുമൊക്കെ കേരളത്തിലെ കാണികളുടെ ഹൃദയം കയ്യടക്കിയത്.  കേരളത്തിന്റെ നാനാഭാഗത്തുനിന്നും കാണികൾ കൊച്ചിയിലേക്ക് പറക്കും. സീസൺ ടിക്കറ്റുമെടുത്ത് ഒരു കളിയും വിടില്ല എന്നുറപ്പിച്ച് കാണികൾ  കളി കാണാൻ തയ്യാറെടുത്തിട്ടുണ്ടാവും. കൊച്ചിക്ക് ശരിക്കുമൊരു ഉത്സവം തന്നെയായിരുന്നു അന്നത്തെ നെഹ്രു കപ്പ്.

 

കൊച്ചിയുടെ ഫുട്‌ബോളിനോടുള്ള ആവേശവും പ്രേമവും കണ്ടറിഞ്ഞിട്ടുതന്നെ, ഫുട്‌ബോൾ ഭരണാധികാരികളുടെ മനസ്സിൽ കേരളത്തിനനുവദിക്കുന്ന എല്ലാ ടൂർണമെന്റുകൾക്കും കൊച്ചിയെന്ന പേരേയുണ്ടാവൂ, ആതിഥേയ സ്ഥലമായി. കൊച്ചി അതിന് ഒരിക്കലും പേരുദോഷം കേൾപ്പിച്ചിട്ടില്ല. (ആ കാലങ്ങളിൽ).

 

1993-ലെ സന്തോഷ് ട്രോഫി ടൂർണമെന്റ് അനുവദിച്ചപ്പോൾ അതുകൊണ്ടുതന്നെ കൊച്ചിക്ക് നറുക്കു വീണു. ഒരു മാസത്തിനുമുമ്പുതന്നെ മുളയും മൂളിയും പലകയും ഉപയോഗിച്ചുള്ള സ്റ്റേഡിയം നിർമാണം ആരംഭിച്ചു. കൂറ്റൻ ഗ്യാലറി. കേരളം മിന്നുന്ന ഫോമിൽ കളിക്കുന്ന കാലം. ഓരോ മത്സരവും വിജയന്റെയും പാപ്പച്ചന്റെയും മറ്റു കേരള പോലീസ് പോരാളികളുടെയും മിന്നുന്ന പ്രകടനങ്ങളോടെ  കേരളം കളിക്കളം കീഴടക്കി മുന്നോട്ടുനീങ്ങി. ഒടുവിൽ ഫൈനലിലേക്കും. മഹാരാഷ്ട്രയാണ് എതിരാളി. മത്സരത്തിനു മുമ്പുതന്നെ ഗ്യാലറി നിറഞ്ഞു. എന്നിട്ടും കാണികളുടെ പ്രവാഹം നിന്നില്ല. അപകടസൂചന തിരിച്ചറിഞ്ഞ അധികാരികൾ കാണികളുടെ പ്രവേശനം തടഞ്ഞു. മത്സരത്തിന്റെ ഓരോ നിമിഷവും തീർത്തും ആവേശജനകവും ഉദ്വേഗജനകവുമായിരുന്നു എന്നതാണ് അവസ്ഥ.

 

മഹാരാഷ്ട്ര ടീമിൽ അന്നത്തെ ഇന്ത്യൻ ഫുട്‌ബോളിലെ മുഖ്യസ്‌ട്രൈക്കറായിരുന്ന ഗോഡ്‌ഫ്രെ പേരേരയും മലയാളി താരം ജോസുമടക്കം നിരവധി പ്രഗത്ഭരായ കളിക്കാർ. കേരളത്തിന്റെ ഓരോ നീക്കത്തിനുമൊപ്പം ജനം ഇളകിമറിയുകയായിരുന്നു. തപ്പും ബാന്റും എല്ലാ വാദ്യമേളങ്ങളുമുണ്ട്. പക്ഷേ, അധികാരികളുടെ മനസ്സിൽ കളിയുടെ ആവേശത്തേക്കാളും ടൂർണമെന്റിന്റെ വിജയത്തേക്കാളുമുപരി നിറഞ്ഞത് ആപത്ശങ്ക. മുളികളിൽ പടുത്തുയർത്തിയിരിക്കുന്ന ഗ്യാലറിക്ക് എന്തെങ്കിലും ഒന്നു സംഭവിച്ചാൽ! ഗ്യാലറികൾ മെക്‌സിക്കൻ വേവ് നടത്തുന്നപോലെയായിരുന്നു യഥാർത്ഥ കാഴ്ച. അന്ന് മെക്‌സിക്കന്‍ വേവ് കൊച്ചിയിലെ കാണികൾ പരീക്ഷിച്ചിരുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ അന്ന് കേരളം ഓർക്കപ്പെടുന്നത് ഒരു ഫുട്‌ബോൾ ദുരന്തത്തിന്റെ പേരിലായിരുന്നിരിക്കാം. എന്തോ, ദൈവഭാഗ്യം എന്നു പറയും പോലെ അപകടമൊന്നുമുണ്ടാവാതെ മത്സരം കഴിഞ്ഞു. മിന്നുന്ന പ്രകടനത്തോടെ കേരളം മഹാരാഷ്ട്രയെ രണ്ടുഗോളിന് തകർത്തു. വിജയനും പാപ്പച്ചനും ജനസഞ്ചയത്തെ തങ്ങളുടെ പ്രകടനം കൊണ്ട് ആവേശത്തിലാഴ്ത്തി.

 

മത്സരശേഷം സമ്മാനദാനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ. ഒരു ഫുട്‌ബോൾ പ്രേമി കൂടിയായിരുന്ന കരുണാകരൻ അന്നത്തെ ആ കാണികളുടെ പ്രകടനം കണ്ട് അപ്പോഴേക്കും ഒരു തീരുമാനമെടുത്തിരുന്നു - ഒരു പുതിയ സ്റ്റേഡിയം. അതും എത്രയും വേഗം തന്നെ. അടുത്ത സന്തോഷ്‌ട്രോഫി ഇനി നടക്കുമ്പോൾ അത് നടക്കുന്നത് ആ പുതിയ സ്റ്റേഡിയത്തിലായിരിക്കും എന്നും അതിന് എന്ത് പ്രതിബന്ധമുണ്ടായാലും താൻ അതിന് പരിഹാരം കാണും എന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം കായികകേരളത്തിന് പുതിയ ഒരു സമ്മാനമായി. പറഞ്ഞപോലെ തന്നെ അദ്ദേഹം പ്രവർത്തിച്ചു.  സ്റ്റേഡിയത്തിനുള്ള സ്ഥലം കണ്ടുപിടിക്കാനും അതിന് വിവിധ വകുപ്പുകളുടെ തടസ്സമുണ്ടായപ്പോൾ അപ്പോൾ തന്നെ ആ വകുപ്പ് മന്ത്രിമാരെ വിളിച്ച് തടസ്സം നീക്കി  എല്ലാ വകുപ്പുകളിൽ നിന്നുള്ള ക്ലിയറൻസിനും ആ ഭരണാധികാരി മുന്നിട്ടുനിന്നു. ഒടുവിൽ റെക്കോർഡ് വേഗത്തിൽ ഒരു വർഷം കൊണ്ട് 50000 പേർക്ക് ഇരിക്കാവുന്ന തരത്തിൽ നാമധേയത്തിൽ കലൂരിൽ (ആദ്യം സ്ഥലം നോക്കിയത് തൃപ്പൂണിത്തുറയിൽ) സ്റ്റേഡിയം ഉയർന്നു. കൊച്ചിക്ക് മാത്രമല്ല, കേരളത്തിനു മൊത്തം ഒരു അത്ഭുതമായിരുന്നു 1996-ൽ നിർമാണം പൂർത്തിയാക്കിയ ആ സ്റ്റേഡിയം. ആ സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങിയ നാളുകൾ മുതൽ അതു ഉദ്ഘാടനത്തിനു മുമ്പും ശേഷവും ദിവസങ്ങളോളം ജനങ്ങൾക്കു വേണ്ടി തുറന്നിട്ടപ്പോഴും കൊച്ചി കണ്ടത് ജനപ്രവാഹമായിരുന്നു. ആ പച്ചപ്പുൽത്തകിടിയിൽ വന്ന് ചുറ്റും മുകളിലോട്ടും നോക്കുമ്പോൾ കൊച്ചിയുടെ ഫുട്‌ബോൾ ആരാധകരുടെ മനം നിറഞ്ഞു. ഞങ്ങൾക്കും ഒടുവിൽ സ്വപ്നം സഫലമായി  എന്നായിരുന്നു ഏവരുടെയും മനസ്സിൽ.  പല എതിർപ്പുകൾ ഉയർന്നുവെങ്കിലും അതെല്ലാം പരിഹരിച്ച് കൊച്ചിക്കൊരു ഫുട്‌ബോൾ സ്റ്റേഡിയം എന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചത് കരുണാകരനെന്ന ആ ഭരണാധികാരിയുടെ ഇച്ഛാശക്തിയായിരുന്നുവെന്ന് ഇന്ന് ഏവരും രാഷ്ട്രീയഭേദമന്യേ പറയുന്നു.

 

അന്ന് സന്തോഷ്‌ ട്രോഫി നടന്ന മഹാരാജാസ് കോളേജിലെ ആ താത്ക്കാലിക മുളഗ്യാലറിയിലെ അനന്യസദൃശമായ ഫുട്‌ബോളിനോടുള്ള ആ ആവേശമാണ് അത്തരമൊരു സ്റ്റേഡിയത്തിന്റെ പിറവിക്ക് കാരണമായത്. കൊച്ചിയുടെ ഫുട്‌ബോൾ ആവേശപ്പെരുമ അന്നേ പ്രശസ്തമായിരുന്നു. അതിന്റെ തുടർച്ചയായിരുന്നു സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമായി നടന്ന നെഹ്രു കപ്പും, 1997-ൽ. സ്റ്റേഡിയം പൊട്ടിത്തെറിക്കുന്നത്ര ആവേശമായിരുന്നു അന്ന് ഇന്ത്യ-ഇറാഖ് മത്സരത്തിൽ കണ്ടത്. കൊച്ചിയുടെ ആ ആവേശം ഇന്ന് വെറുമൊരു  കിനാവായിരുന്നോ എന്നാണ് ഈയിടെ നടന്ന മത്സരങ്ങൾ സംശയിപ്പിക്കുന്നത്.

 

നെഹ്രു കപ്പിനു ശേഷം

 

സന്തോഷ് ട്രോഫി ടൂർണമെന്റിൽ നിന്ന് പിറവിയെടുത്ത, വലിപ്പത്തിൽ ഇന്ത്യയില്‍ മൂന്നാം സ്ഥാനമുള്ള ആ സ്റ്റേഡിയത്തിൽ പിന്നീട് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കാൻ 2005 വരെ കാത്തിരിക്കേണ്ടിവന്നു.  സ്റ്റേഡിയം ഉദ്ഘാടന ശേഷം പിന്നീട് നിരവധി ഐലീഗ് ഫുട്‌ബോൾ  മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടന്നു. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബായി രൂപമെടുത്ത മലയാളികളുടെ എഫ്.സി കൊച്ചിനിലൂടെയായി പിന്നീട് കൊച്ചിയുടെ ഫുട്‌ബോൾ ആവേശം. എഫ്.സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായി കൊച്ചിക്കനുവദിച്ച മത്സരങ്ങളിലെല്ലാം ആവേശപ്പെരുമ കണ്ടുവന്നിരുന്നു. പിന്നീട് അപ്രതീക്ഷിതമായി എഫ്.‌സി കൊച്ചിന്റെ അന്ത്യം. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് വിവാ കേരള എന്ന പേരിൽ മലയാളികളുടെതായി മറ്റൊരു ക്ലബ്ബ്. അതിന്റെ ആവേശവും അധികം നീണ്ടുനില്ല. പിന്നീട് കേരളത്തിനായി പേരിനൊരു ചിരാഗ് യുണൈറ്റഡ്, മറുനാടൻ ക്ലബ്ബ്.  കൊച്ചിയുടെ ഫുട്‌ബോൾ ആവേശം കുറഞ്ഞു തുടങ്ങിയിരുന്നു അക്കാലത്ത്. പിന്നെ സ്റ്റേഡിയം ക്രിക്കറ്റിനു വേണ്ടിയും നൽകിത്തുടങ്ങിയതോടെ കൊച്ചി നഗരം അതിന്റെ മെട്രോ സ്വഭാവം അവിടെയും കാണിച്ചുതുടങ്ങി. 1998-മുതൽ എട്ടോളം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടന്നു. എല്ലാം റെക്കോഡ് കളക്ഷനും ആവേശവും നിറച്ചുകൊണ്ട്. അതിനൊപ്പം ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗിലെ കേരള ക്ലബ്ബായി കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയുടെ ഉദയവും സ്റ്റേഡിയത്തിന്  നിരവധി മത്സരങ്ങൾ സമ്മാനിച്ചു.  ആ മത്സരങ്ങളൊക്കെ നിറഞ്ഞ സ്റ്റേഡിയത്തിൽ തന്നെ നടന്നു. എന്തിന് സിനിമാതാരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് പോലും (ചില സംവിധായകരുടെ വികലാംഗ സിനിമ പോലെ ക്രിക്കറ്റിന്റെ വികലാംഗ രൂപം എന്നൊക്കെ യഥാർത്ഥ ക്രിക്കറ്റ് പ്രേമികൾ വിളിക്കും) നിറഞ്ഞ കാണികൾക്കു മുന്നിലായിരുന്നു എന്നോർക്കണം.

 

വർത്തമാനകാല വിശേഷം

 

പക്ഷേ, ഫെഡറേഷൻ കപ്പായപ്പോഴേക്കും രംഗം നേരെ തിരിഞ്ഞു. ഫുട്‌ബോളിനോടുള്ള കൊച്ചിയുടെ ആവേശത്തിന്റെ ഒരു ദയനീയ ചിത്രമാണ് കാണാൻ സാധിച്ചത്. 17 വർഷം മുമ്പുള്ള ഫുട്‌ബോൾ ആവേശം ഇന്ന് ഓർമയിൽ പോലും ഇല്ലാത്ത അവസ്ഥ. കൊച്ചിയിലും മഞ്ചേരിയിലുമായി നടന്ന ഫെഡറേഷൻ കപ്പ് കൊച്ചിയുടെ മനസ്സ് വിളിച്ചറിയിക്കുന്നുണ്ട്. അതേസമയം മലപ്പുറത്തിനു  ഇപ്പോഴും ആവേശം കുറയുന്നില്ല. ഓരോദിനവും ഫുട്‌ബോളിനോടുള്ള അതിന്റെ പ്രേമം കൂടിവരികയാണ്.

 

എന്നാൽ കൊച്ചിയുടെ ഫുട്‌ബോൾ ആവേശത്തിന് കാര്യമായ എന്തോ പറ്റി എന്നുതന്നൊണ് ഈ ഫെഡറേഷൻ കപ്പ്  മത്സരങ്ങൾ കാണിക്കുന്നത്. മികച്ച വിദേശ കളിക്കാരുൾപ്പെടെ അണിനിരന്ന ഫെഡറേഷൻ കപ്പിലെ മത്സരങ്ങൾ കാണാൻ ആകെ സ്റ്റേഡിയത്തിൽ എത്തിയത് വിരലിലെണ്ണാവുന്ന ആളുകൾ മാത്രം! പറഞ്ഞാലും കണ്ടാലും വിശ്വസിക്കാൻ പ്രയാസം. ഒന്നേകാൽ ലക്ഷം പേർ സ്റ്റേഡിയത്തിനകത്തും വീണ്ടും നിരവധി പേർ അകത്തുകയറാനാവാതെ ആരവും മുഴക്കിക്കൊണ്ട് പുറത്തും കാത്തുനിന്ന  1997-ലെ ആ വിഖ്യാതമായ ഇന്ത്യ-ഇറാഖ് മത്സരവും ഇന്നത്തെ ഫെഡറേഷൻ കപ്പ് മത്സരവും താരതമ്യം ചെയ്യുകയാണെങ്കിൽ കൊച്ചിയിലെ കാണികൾക്ക് എന്തോ പറ്റിയിട്ടുണ്ട് എന്നു മനസ്സിലാവും.

 

ക്രിക്കറ്റിനെ അപേക്ഷിച്ച് തുച്ഛമായ തുകയേ ഫുട്‌ബോളിന് ഈടാക്കുന്നുള്ളൂ. മാത്രമല്ല സമയവും വളരെ കുറച്ചുമാത്രം. എന്നിട്ടും ഒരു ദിനം മുഴുവൻ മാറ്റിവെച്ച് വൻതുക മുടക്കി ക്രിക്കറ്റ് കാണാൻ ആളുകൾ തയ്യാറാവുന്നു. ക്രിക്കറ്റിന് ഗ്യാലറിയിലെ ഒരു സീറ്റിന് ഈടാക്കുന്ന തുകയുടെ നാലിലൊന്ന് മാത്രമേ ഫുട്‌ബോളിനാവുന്നുള്ളൂ. എന്നിട്ടാണ് വളരെ കുറച്ചു പൈസയും സമയവും മാത്രം മതിയായ ഫുട്‌ബോൾ മത്സരത്തിന് കാണികൾ കുറവ്.

 

കൊച്ചി പോലൊരു മെട്രോ നഗരത്തിന് അതിന്റെ തിരക്കു നോക്കുമ്പോൾ എന്തുകൊണ്ടും ഇണങ്ങുന്നത് ഫുട്‌ബോൾ തന്നെയാണെന്ന് തീർച്ച. വളരെയേറെ സമയമൊന്നും അത് അപഹരിക്കുന്നില്ല, പണവും. ജോലികഴിഞ്ഞുള്ള വൈകീട്ടത്തെ രണ്ടു മണിക്കൂറുകൾ ധാരാളം. എന്നിട്ടും കാണികളില്ലാത്ത ഈ അവസ്ഥ എവിടെയൊക്കെയോ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. മഞ്ചേരിയിലെ ഓരോ മത്സരത്തിലും റെക്കോർഡ് ജനക്കൂട്ടം എത്തിയപ്പോൾ ഇവിടെ നടന്ന എല്ലാ മത്സരങ്ങളും കണ്ട ആളുകളുടെ എണ്ണം 4000-ത്തിനുമുകളിൽ പോകില്ല എന്നത് ഫുട്‌ബോളിനോടുള്ള കൊച്ചിയുടെ അവജ്ഞയാണോ എന്നു ആത്മപരിശോധന ചെയ്യാനുള്ള സമയമായി എന്നു കാണിക്കുന്നു.

 

സ്റ്റേഡിയം ഇല്ലാതിരുന്ന ഒരു കാലത്ത് ഇത്രയേറെ പേർ കളി കാണാൻ എത്തിയിരുന്നയിടത്ത് സ്വന്തമായി ഒരു കൂറ്റൻ സ്റ്റേഡിയം തന്നെ ഉണ്ടായപ്പോൾ ആളുകൾക്ക് മടുത്തുതുടങ്ങിയോ. സ്വന്തമായി സ്റ്റേഡിയം ഉണ്ട്. അവിടെ എപ്പോൾ വേണമെങ്കിലും മത്സരം നടക്കാം. സൗകര്യമുള്ളപ്പോൾ കാണാം എന്നായിത്തുടങ്ങിയിരിക്കുന്നോ കാണികളുടെ ചിന്ത. ക്രിക്കറ്റിന്റെ പണക്കിലുക്കവും പത്രാസും ഫുട്‌ബോളിനെ കാണികളിൽ നിന്ന് അകറ്റുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.  തിരക്കു കൂടിവരുന്ന ആധുനിക ജനതയ്ക്ക് മുമ്പിൽ നീണ്ട സമയമെടുക്കുന്ന കളികളല്ലേ നാമാവശേഷമാവേണ്ടത്? ക്രിക്കറ്റിൽ പോലും അഞ്ച് ദിവസം നീണ്ട ടെസ്റ്റു മത്സരങ്ങളും എന്തിന് 50 ഓവർ മാത്രമുള്ള ഏകദിന മത്സരങ്ങളും സമയദൈർഘ്യം കാരണം എണ്ണത്തിൽ ചുരുങ്ങിവരികയാണ്. എല്ലാവരും ട്വന്റി-ട്വന്റി മത്സരങ്ങൾക്കു പുറകെയാണ്. അങ്ങിനെ നോക്കുമ്പോൾ അത്ര സമയം പോലും എടുക്കാത്ത ഫുട്‌ബോളിനോട് എന്തിനീ അവഗണന എന്ന് തോന്നിപ്പോവും.

 

പണ്ട് മൂളിഗ്യാലറികളിൽ നടക്കുന്ന കളികൾ കൊച്ചിക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. വല്ലപ്പോഴും വിരുന്നെത്തുന്ന ഈ ടൂർണമെന്റുകൾ വിടാതെ കണ്ടിരുന്നു, കൊച്ചിയിലെ ഫുട്‌ബോൾ പ്രേമികൾ. പക്ഷേ, കാലം മാറിയപ്പോൾ സ്വന്തമായുള്ളതിന് വിലയില്ല എന്ന പഴയ ചൊല്ല് ശരിയായിത്തുടങ്ങിയതാവാം!

 

ലോകകപ്പിന് കൊച്ചി വേദി!

 

2017-ൽ ഇന്ത്യയിലെ ആറു നഗരങ്ങളിലായി അണ്ടർ-17 ലോകകപ്പ് ഫുട്‌ബോൾ നടക്കുകയാണ്. ഇന്ത്യൻ ഫുട്‌ബോളിന് ഉണർവുണ്ടാക്കുന്നതിനായി ഫിഫയും ഇന്ത്യന്‍ സര്‍ക്കാറും സംയുക്തമായി ഏറ്റെടുത്തിരിക്കുന്ന ഈ സംരംഭം ഇന്ത്യൻ ടീമിന് നൽകിയിരിക്കുന്നത് ചരിത്രത്തിലാദ്യമായി (സ്വപ്നത്തിൽ പോലും സങ്കല്പിക്കാൻ സാധിക്കാത്ത) ലോകകപ്പിൽ കളിക്കാനുള്ള അവസരമാണ്. ജൂനിയര്‍ മത്സരമാണെങ്കിലും, ആതിഥേയരായിട്ടാണെങ്കിലും.

 

ആറു നഗരങ്ങളിൽപ്പെടാൻ  കൊൽക്കത്ത, ഡൽഹി, മുംബൈ, പൂണെ, ബെംഗലൂരു, കൊച്ചി, ഗോവ, ഗുവാഹട്ടി എന്നിവയൊക്കെയുണ്ട്. ലോകനിലവാരമുള്ള സ്റ്റേഡിയത്തിനു പുറമെ മികച്ച പരിശീലന ഗ്രൗണ്ടുകളും മികച്ച താമസസൗകര്യവും വേണം. മാത്രമല്ല സംസ്ഥാനത്ത് ഒരു ഫുട്‌ബോൾ അക്കാദമിയും വേണം. ഈ നിബന്ധകളൊക്കെ പാലിച്ചാൽ മാത്രമേ ലോകകപ്പിനായി ഒരു നഗരം തിരഞ്ഞെടുക്കപ്പെടുകയുള്ളൂ.

 

കൊച്ചിക്ക് കേരള ഫുട്‌ബോളിന്റെ ആദ്യകാല ചരിത്രം ഇപ്പോഴും ഒരു പിടിവള്ളിയാണ്.  കേരളത്തെ പരിഗണിക്കുമ്പോൾ ആ മത്സരം തീർച്ചയായും കൊച്ചിക്കു തന്നെയാവും. കൊച്ചിയിലെ ആരാധകരുടെ പ്രകടനം മോശമാണെങ്കിലും കൊച്ചിയിലും മലപ്പുറത്തുമായി നടന്ന ഫെഡറേഷൻ കപ്പ് മത്സരത്തിൽ മലപ്പുറത്തുകാർക്ക് ഫുട്‌ബോളിനോട്  ഇപ്പോഴുമുള്ള ആവേശം കേരളത്തിന്റെ പേരിൽ എഴുതിച്ചേർക്കുമെന്നുള്ളതുകൊണ്ട് കൊച്ചിക്ക് തന്നെ ലഭിക്കും. പിന്നെ 1997-ലെ ആ അവിസ്മരണീയ ഇന്ത്യ-ഇറാഖ് മത്സരം ഉണ്ടല്ലോ! മികച്ച താമസസൗകര്യം മാത്രമാണ് കൊച്ചിക്ക് ലോകകപ്പ് ലഭിക്കാനുള്ള ഏക മാനദണ്ഡം. സ്റ്റേഡിയവും ഒന്നുത്സാഹിച്ചാൽ ഓ.കെ. പരിശീലന ഗ്രൗണ്ടുകൾ മികച്ചവ ഉണ്ടാക്കിയേ പറ്റൂ. മൂന്നുവർഷം ഉണ്ടെന്നതു മാത്രം ആശ്വാസം. സംസ്ഥാനത്ത് ഫുട്‌ബോൾ അക്കാദമി ഇല്ലെന്നത് കൊച്ചി നഗരത്തിന്റെ സാധ്യത അടയ്ക്കുമോ എന്നതാണ് ഇനി കണ്ടറിയാനുള്ളത്. സംസ്ഥാന സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും സാമ്പത്തിക സഹായവും കൊച്ചിക്ക് ഉണ്ടായേ തീരൂ. പിന്നെ വേണ്ടത് കാണികളുടെ സാന്നിദ്ധ്യം. ആ പ്രശ്നവും ഒടുവിൽ കൊച്ചിക്ക് മനസ്സുവെച്ചാൽ പരിഹരിക്കാൻ പറ്റും.

 

ലോകകപ്പിന്റെ ഭാഗമായി കുറച്ച് ഫുട്‌ബോൾ അക്കാദമികൾ കൂടി സ്ഥാപിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ ഒന്ന് ഫുട്‌ബോൾ ക്ലബ്ബുകളുടെ ഈറ്റില്ലമായ ഗോവയിൽ തന്നെ ആരംഭിച്ചുകഴിഞ്ഞു. മറ്റൊന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഫുട്‌ബോൾ ആവേശം ഉയർത്താനായിട്ടാണ്. ഇന്ത്യൻ ഫു്ടബോളിലേക്ക് ഏറ്റവുമധികം സാന്നിദ്ധ്യം ഇപ്പോൾ വടക്കുകിഴക്കൻ മേഖലയിൽ നിന്നാണല്ലോ. അവിടെയാണ് കൊച്ചിയുടെ ഫുട്‌ബോൾ അക്കാദമിയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നത്. ആറു ഭൂഖണ്ഡങ്ങളിൽ നിന്നായി ലോകത്തെ മികച്ച 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ ടീമിന്റെ പ്രകടനവും മോശമായിക്കൂടാ. ഗോവയിലാണ് ചരിത്രത്തിൽ ഇടംപിടിക്കാൻ പോകുന്ന ഇന്ത്യൻ ടീം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഗോവൻ ഫുട്‌ബോൾ അക്കാദമിയിൽ പരിശീലിക്കുന്ന അണ്ടർ - 14 ടീമാണ് മൂന്നുവർഷം കഴിയുമ്പോൾ അണ്ടർ - 17 ലോകകപ്പിൽ മത്സരിക്കുക.  തൃശ്ശൂർ കേരളവർമ കോളേജിലെ കായികവിഭാഗം അസൊ. പ്രൊഫസറായ വി.എ നാരായണ മേനോനാണ്  മുഖ്യപരിശീലകൻ. നാരായണ മേനോന്റെ നേതൃത്വത്തിൽ അണ്ടർ - 14 കുട്ടികൾ മികച്ച നിലവാരം കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ യൂത്ത് ഫുട്‌ബോൾ ഡവലപ്പ്‌മെന്റിന്റെ ചുമതലയുള്ള സ്‌കോട്ട് ഒണോണലിന്റെ നേതൃത്വത്തിൽ നടക്കുന്ന അക്കാദമിയിൽ ഓരോ വർഷവും കുട്ടികളെ എടുക്കുകയും പ്രകടനം തൃപ്തികരമല്ലെങ്കിൽ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. അടുത്തവർഷം ഫൈനൽ സെലക്ഷൻ കഴിഞ്ഞാൽ പിന്നീട് വിദേശപരിശീലകന്റെ കീഴിൽ ലോകകപ്പ് ലക്ഷ്യമിട്ട് പരിശീലനം. കൃത്യമായ പ്ലാനിങ്ങോടെ ഇന്ത്യൻ ഫുട്‌ബോളും വളരെ സീരിയസായി ലോകകപ്പിനെ കണ്ടുകഴിഞ്ഞു. ഇനി കാണാനുള്ളത് കൊച്ചിക്ക് ലോകകപ്പ് വേദി അനുവദിക്കുമോ എന്നുള്ളതാണ്.

 

ഈയിടെ നടന്ന ഫെഡറേഷൻ കപ്പ് മത്സരങ്ങൾ ഒരേസമയം കേരളത്തിന് നാണക്കേടും അഭിമാനവുമായിയെന്നു പറയാം. ഫുട്‌ബോൾ കാണാനാളില്ലെന്നുള്ള കൊച്ചിയിലെ വിലാപത്തിനു മറുപടിയായി മലപ്പുറം കാഴ്ചവെച്ചത് കുമ്മായവര വരെ തിങ്ങിനിറഞ്ഞ കാണികൾ. ഇത്രയും തിങ്ങിനിറഞ്ഞ കാണികൾ ഐലീഗിൽ കളിച്ച ഒരു ടീമും ഈയടുത്ത കാലത്ത് കണ്ടിട്ടുണ്ടാവില്ല. അത്രയേറെ മലപ്പുറം ഫെഡറേഷൻ കപ്പിനെ നെഞ്ചിലേറ്റി നടന്നു. പക്ഷേ, കൊച്ചിയിലെ കാഴ്ച അതിദയനീയമായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിലെ കാണികളുടെ അസാന്നിദ്ധ്യം സെമിഫൈനലാവുമ്പോഴേക്കും മാറുമെന്ന ചിന്തയിലായിരുന്നു ഫെഡറേഷൻ. പക്ഷേ, സെമിയിലും ഫൈനലിലും, വർഷങ്ങൾക്ക് മുമ്പ് ഒന്നേകാൽ ലക്ഷം കാണികൾ ആരവം മുഴക്കിയ കാഴ്ചയുടെ മറുപടിപോലെ മൂവായിരം പോലും തികയാത്ത കാണികൾ മാത്രം. ആറുദിവസം കൊണ്ട് മലപ്പുറത്ത് കാണികൾക്ക് മനം നിറഞ്ഞതിനൊപ്പം ഫെഡറേഷന് കീശയും നിറഞ്ഞു. എന്നാൽ അത് കൊച്ചിയിൽ ഒഴുക്കിക്കളഞ്ഞു എന്നു പറയുന്നതാവും ശരി. മലപ്പുറത്ത് ഒരു മത്സരത്തിന് 30000-ത്തിനടുത്ത് കാണികൾ വന്നപ്പോൾ കൊച്ചിയിലെ ആകെ നടന്ന മത്സരങ്ങളിൽ നിന്നായി പതിനായിരം കാണികൾ കൂടി ഉണ്ടായിട്ടുണ്ടാവില്ല.

 

മലപ്പുറത്തെ ജനപ്രവാഹം കണ്ട് ദേശീയ ടീം പരിശീലകൻ വിം കോമർമെൻസ് പറയുന്നു, ഇന്ത്യൻ ഫുട്‌ബോൾ പുരോഗതിയിലേക്കാണെന്ന്. പക്ഷേ, അതിനൊപ്പം കാണികളും ഉണ്ടാവണ്ടെ! ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ മത്സരിച്ചാൽ ഫുട്‌ബോൾ ദൈവങ്ങളായ മെസിയും റൊണാൾഡോയും പോലും മികച്ച പ്രകടനം നടത്താൻ സാധ്യതയില്ല. നല്ല സ്റ്റേഡിയത്തിനൊപ്പം തന്നെ നല്ല കാണികളും കളിക്കാർക്ക് പ്രചോദനമാവും. അതുപോലുള്ള കാണികൾക്ക് മുമ്പിലാണ് കളിക്കാർ കളിക്കേണ്ടത്. അപ്പോഴേ അവരുടെ പ്രകടനം മെച്ചപ്പെടൂ. പക്ഷേ, ഇത് ആരോടു പറയും? കാണികളുടെ അസാന്നിദ്ധ്യം മൂലം കൊച്ചിക്ക് ഇത്രയേറെ നാണക്കേട് സൃഷ്ടിച്ച ഒരു ദേശീയ മത്സരം വേറെയുണ്ടായിട്ടുണ്ടാവില്ല. എന്നാൽ അതുകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം നടന്ന സിനിമാതാരങ്ങളുടെ ക്രിക്കറ്റ് മത്സരത്തിന് ഉണ്ടായ ആൾക്കൂട്ടം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു. എവിടെയൊക്കെയോ നമ്മളുടെ കളിയോടുള്ള വീക്ഷണം വഴിമാറിയോ എന്ന്. സിനിമാമേഖലയിലെ ആളുകളുടെ ഒരുമ എന്ന ലക്ഷ്യത്തോടെ നടത്തുന്ന സി.സി.എൽ ക്രിക്കറ്റ് കായികരംഗത്തിന് ഒരു സംഭാവനയും നൽകാൻ പോകുന്നില്ല. എന്നിട്ടും കാണികൾ ഇരച്ചുകയറുന്നു. അതേ ആവേശം യഥാർത്ഥ മത്സരങ്ങളോട്, കളി ഏതുമാവട്ടെ കുറച്ചെങ്കിലും കാണികൾ കാണിച്ചിരുന്നുവെങ്കിൽ നമ്മുടെ കായികരംഗം ഇത്രയേറെ അധഃപതിക്കില്ലായിരുന്നു.

 

ഇനി അഥവാ കൊച്ചിക്ക് ലോകകപ്പ് വേദി അനുവദിച്ചാൽ എന്താവും സ്ഥിതി. ആളൊഴിഞ്ഞ സ്റ്റേഡിയം തന്നെയാവുമോ? എന്തായാലും ദേശീയ ടീം കളിക്കുമ്പോഴൊന്നും സ്റ്റേഡിയത്തിൽ ഇത്രയേറെ ശൂന്യത ഉണ്ടായിട്ടില്ലെന്നത് സത്യം തന്നെ. പ്രത്യേകിച്ച് ഇനിവരാൻ പോകുന്നത് ലോക ഫുട്‌ബോൾ മാമാങ്കം തന്നെയാണല്ലോ. മത്സരത്തിന് കേരളത്തിലെമ്പാടുനിന്നും ജനം ഒഴുകും. അതിലേറെപേരും മലപ്പുറത്തുകാർ തന്നെയാവുമെന്ന് തീർച്ച. കാരണം അവരുടെ ഞരമ്പിലാണല്ലോ ഇപ്പോഴും ഫുട്‌ബോളിനോട് അടങ്ങാനാവാത്ത ആവേശമുള്ളത്. ലോകകപ്പ് കഴിഞ്ഞ് സ്റ്റേഡിയം ഒഴിയുമ്പോൾ വീണ്ടും ആഭ്യന്തര മത്സരങ്ങൾ വരും.  അപ്പോൾ നമ്മുടെ കളിയോടുള്ള സമീപനം ലോകകപ്പിനോടും മറ്റും കാണിച്ചിരുന്നതിൽ നിന്ന് മാറാതിരുന്നുവെങ്കിൽ നമ്മുടെ കായികരംഗം രക്ഷപ്പെടും. കൂറ്റൻ  സ്റ്റേഡിയവും സൗകര്യങ്ങളും ഉണ്ടായിട്ടും കാണികൾ മാത്രം അകന്നുനിൽക്കുന്ന മത്സരങ്ങൾ ഏതൊരു കളിക്കാരനിലും മടുപ്പു തന്നെയാണുണ്ടാക്കുക. കളിയുടെ നിലവാരത്തേയും അത് ബാധിക്കും. പ്രോത്സാഹനവും ജനക്കൂട്ടവും തന്നെയാണ് ഏതൊരു കളിക്കാരനെയും കളിയേയും മികച്ച നിലവാരത്തിലെത്തിക്കുന്നത്.

Tags: