ഉണ്ടായിരുന്നു, ഫുട്‌ബോളിൽ നമുക്കുമൊരു സുവർണകാലം!

രാജീവ് ടി. കൃഷ്ണൻ
Sun, 10-11-2013 10:00:00 AM ;

 

ഇന്ത്യയിൽ ഫുട്‌ബോളോ എന്ന് വിദേശതാരങ്ങളും കോച്ചുമാരും അത്ഭുതം കൂറിയതായി പലപ്പോഴും കേൾക്കാറുണ്ട്. അതു വായിക്കുമ്പോൾ നമുക്കും സ്വയം ഒരു പുച്ഛം തോന്നിയിട്ടുണ്ടാവാം. പക്ഷേ, വരട്ടെ, അത്ര തീർത്തും ദരിദ്രമല്ല നമ്മുടെ ഫുട്‌ബോൾ പാരമ്പര്യമെന്നറിയണം. നമ്മുടെ പൂർവികരുടെ പന്തുകളിയിലെ കേളീമികവ് അറിയുമ്പോൾ പതുക്കെ ആ പുച്ഛഭാവമൊക്കെ മാറും. വിരലിലെണ്ണാവുന്നതാണെങ്കിലും നമുക്ക് സ്വന്തമായുള്ള അത്തരം ചില നേട്ടങ്ങൾ എന്നും അഭിമാനത്തോടേ തന്നെ  എടുത്തുകാണിക്കാൻ കഴിയും.

 

ലോകകപ്പ് ഫുട്‌ബോൾ ടി.വി.യിൽ കാണുമ്പോൾ നാമൊക്കെ (ഇന്ത്യൻ ഫുട്‌ബോളിനെ അത്രമാത്രം സ്‌നേഹിക്കുന്നുവെങ്കിൽ) ചിന്തിച്ചുകാണും, എന്നാണാവോ നമുക്ക് ലോകകപ്പിൽ പങ്കെടുക്കാൻ പറ്റുന്നതെന്ന്. സംശയവും ആഗ്രഹവും ന്യായം. ലോക ഫുട്‌ബോൾ റാങ്കിങ്ങിൽ 155-ാം സ്ഥാനത്ത് നിൽക്കുന്ന രാജ്യത്തിന് 32 ടീമുകൾ മാത്രം പങ്കെടുക്കുന്ന ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കാനേ കഴിയൂ. ഒരു ഏഷ്യൻ നിലവാരമെങ്കിലും കിട്ടിയാൽ ഗംഭീരമായി എന്നൊക്കെ ചിന്തകൾ മാറിമറിയാം. പക്ഷേ ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും നാം അത് കളഞ്ഞുകുളിച്ചതാണെന്ന് എത്ര പേർക്കറിയാം? 

 

നാം എന്തിന് ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ച് ലജ്ജിക്കണം? ഇന്ന് ലോക ഫുട്‌ബോളിൽ ഇന്ത്യ ഒന്നുമല്ലായിരിക്കാം. ജനപ്രീതിയിൽ ക്രിക്കറ്റിനു പിന്നിൽ രണ്ടാം സ്ഥാനത്തായിപ്പോയെങ്കിലും നമ്മുടെ ഫുട്‌ബോൾ പൂർവികർ ഒരുപിടി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് അറിയുമ്പോൾ നാം അത്ഭുതപ്പെടും. പുതിയ തലമുറ അധികമൊന്നും അറിയാത്ത ചില മിന്നലാട്ടങ്ങൾ നമ്മളും നടത്തിയിട്ടുണ്ട്. അത് വളരെ മുമ്പ്, ഇന്നത്തെ പോലെ അധികസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന 1950 മുതൽ ഒന്നരദശകത്തോളം. ബൂട്ടിടാതെ വെറുംകാൽ കൊണ്ട് കളിച്ചും പിന്നീട് ബൂട്ട് നിർബന്ധമായതിനുശേഷവും കുറെ വർഷങ്ങളോളം  മിന്നൽപ്പിണരുകൾ പായിച്ച ഒരു കാലം. ഫുട്‌ബോൾ ചരിത്രത്തിലേക്ക് പോയാൽ എവിടെയൊക്കെയൊ ചില പരാമർശങ്ങളിൽ ഇന്ത്യയുടെ നിറം കാണുകയും ചെയ്യാം.  തീർത്തും ദരിദ്രമായ പാരമ്പര്യമല്ല നമുക്കെന്ന് സാരം.

 

ഇന്ന് ലോകഫുട്‌ബോളിൽ ഏഷ്യയുടെ ശക്തി അത്ര ചെറുതൊന്നുമല്ല. ജപ്പാനും കൊറിയയും ചൈനയും ഇറാനുമൊക്കെ ഏത് ടീമിനോടും കോർക്കാൻ തക്ക കെല്പുള്ളവരാണ്. ലോകകപ്പിന്റെ സെമിയിലെത്തി തെക്കൻ കൊറിയ  അത് തെളിയിച്ചതുമാണ്. ആ കൊറിയയെപ്പോലും  നാം ഒരു കാലത്ത് വിരട്ടിയോടിച്ചിരുന്നു എന്നറിയുമ്പോൾ പുച്ഛഭാവം അത്ഭുതത്തിനും ആശ്ചര്യത്തിനും അഭിമാനത്തിനുമായി വഴിമാറുമെന്നു തീർച്ച.

 

ഒളിമ്പിക്‌സിൽ!

 

1948-ലാണ് ഇന്ത്യ ആദ്യമായി ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ മത്സരിക്കുന്നത്. അതും ഒളിമ്പിക്‌സിൽ (ലണ്ടൻ). ഞെട്ടേണ്ട കാര്യമില്ല. അന്ന് ബൂട്ടില്ലാതെ മത്സരിച്ചിരുന്ന ഇന്ത്യൻ ടീം ആദ്യമത്സരത്തിൽ തന്നെ കീഴടങ്ങി. പക്ഷേ, പക്ഷേ, അത് ആരോടെന്നും ഗോൾനില അറിയുമ്പോഴുമാണ് കൂടുതൽ അത്ഭുതം. പിൽക്കാലത്ത്  മിഷേൽ പ്ലാറ്റിനിയും സിനദിൻ സിദാനും അണിനിരന്ന, ലോകചാമ്പ്യന്മാരായ ഫ്രാൻസിനോട്; ഒരുഗോളിന്. അതും കളിക്കിടെ ലഭിച്ച രണ്ട് പെനാൽട്ടി നഷ്ടപ്പെടുത്തിക്കൊണ്ട്. അന്ന് ഇന്ത്യക്ക് വേണ്ടി ഗോളടിച്ച ശാരംഗപാണി രാമന്റെ ഗോൾ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ഗോളായി മാറി; ഒളിമ്പിക്‌സിലെയും.

 

നമ്മുടെ അത്ഭുതനേട്ടങ്ങളുടെ പട്ടികയിലെ ഇനിയുള്ള വിശേഷങ്ങളാണ് ആശ്ചര്യകരം. ഒളിമ്പിക്‌സിൽ  ആദ്യമായി സെമിയിൽ എത്തിയ ഏഷ്യൻ ടീമെന്ന റെക്കോർഡും ഇന്ത്യയ്ക്കുണ്ട്.  1956-ലെ  മെൽബോൺ ഒളിമ്പിക്‌സിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ആദ്യ മത്സരത്തിൽ അതിഥേരായ ആസ്‌ടേല്യയെ 4-2ന് തുരത്തിയ ഇന്ത്യ അരങ്ങേറ്റം ഗംഭീരമാക്കി. ആസ്‌ട്രേല്യക്കെതിരായ ആ മത്സരത്തിൽ ഇന്ത്യയുടെ നെവിൽ ഡിസൂസ നേടിയ ഹാട്രിക് ഒളിമ്പിക്‌സിൽ ഒരു ഏഷ്യക്കാരൻ നേടുന്ന പ്രഥമ ഹാട്രിക്കാണ്.

 

ഇതുവരെയുള്ള ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങളിൽ ഏറ്റവും മുന്നിൽ തന്നെയാണ് നെവിലിന്റെ ഈ നേട്ടം. ആദ്യ മത്സരത്തിൽ നിന്ന് ലഭിച്ച ആ രണ്ട് നേട്ടങ്ങൾ മാത്രം മതി ഇന്ത്യയുടെ പഴയകാല പ്രതാപം അറിയാൻ. ആസ്‌ത്രേല്യയെ തോല്പിച്ചുകൊണ്ട് മുന്നേറിയ ഇന്ത്യക്ക് സെമിഫൈനലിൽ എതിരാളിയായത് പഴയ യൂഗോസ്ലാവ്യ. 1952ലെ കണക്കുതീർക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ,  വീണ്ടും കാലിടറി. 4-1നായിരുന്നു തോൽവി.   പിന്നെ മൂന്നാം സ്ഥാനത്തിനുവേണ്ടി ബൾഗേറിയയോട് എതിരില്ലാത്ത മൂന്നുഗോളിന് തോറ്റു.

 

ലോകകപ്പിൽ!

 

1948-ൽ ആദ്യമായി ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ ഹിമാലയൻ വങ്കത്തം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയ്ക്ക് ലോകകപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചിരുന്നു എന്നറിയുമ്പോൾ ഇന്നത്തെ തലമുറ ഞെട്ടും. അത് നഷ്ടപ്പെടുത്തിയ കഥ കേട്ടാൽ പിന്നെയും. 1950-ലെ ഫിഫ  വേൾഡ് കപ്പിൽ കളിക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയത് അതിന്റെ വലിപ്പം മനസ്സിലാക്കാതിരുന്നതു കൊണ്ടാവാം. ഇന്ത്യയുമായി യോഗ്യതാ മത്സരത്തിൽ പങ്കെടുക്കേണ്ട ടീമുകൾ വിട്ടുനിന്നതുകൊണ്ട് അന്ന് ഇന്ത്യയ്ക്ക് ലോകകപ്പിലേക്ക് നേരിട്ട് അവസരം കൈവന്നു. പക്ഷേ, ആ അവസരം ഇന്ത്യ നഷ്ടപ്പെടുത്തി. ലോകകപ്പിൽ പങ്കെടുക്കാതിരുന്നതിന് കാരണമായി പറഞ്ഞിരുന്നത് യാത്രാചെലവായിരുന്നു. പക്ഷേ, അതിന് മറുപടിയായി ഫിഫ, ചെലവിൽ ഭൂരിഭാഗവും വഹിക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചു. എന്നിട്ടും പരിശീലനത്തിനുള്ള സമയക്കുറവ്, ടീം സെലക്ഷൻ നടത്തുന്നതിലുള്ള പ്രശ്‌നങ്ങൾ എന്നിവയൊക്കെ കാരണം പറഞ്ഞ് ലോകകപ്പിൽ പങ്കെടുക്കാനുള്ള ആ സുവർണാവസരം ഇന്ത്യ നഷ്ടമാക്കി. അന്ന് പങ്കെടുത്തിരുന്നെങ്കിൽ ആ മത്സരത്തഴമ്പെങ്കിലും ഇന്ന് ഇന്ത്യൻ ടീമിന് ഉത്തേജകമായേനെ.  ഒളിമ്പിക്‌സിനു മുന്നിൽ എന്ത്  വേൾഡ് കപ്പ് എന്ന ചിന്തയും ഫെഡറേഷനുണ്ടായിരുന്നിരിക്കാം.

 

1948-ലെ ഒളിമ്പിക്‌സ് മുതൽ തന്നെ ഫിഫ ബൂട്ടിടാതെയുള്ള കളി ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ബൂട്ടിട്ടു കളിക്കാത്തതിനാലാണ് 1950-ലെ വേൾഡ്കപ്പിൽ ഇന്ത്യൻ ടീമിനെ ഒഴിവാക്കിയെതെന്ന കഥയെ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റനായ ശൈലൻ മന്ന എതിർക്കുന്നുമുണ്ട്. മറ്റു കാരണങ്ങൾ പലതുമുണ്ട്. ഇന്ത്യൻ ടീം ബൂട്ടിട്ട്, നന്നായിതന്നെ അക്കാലത്ത് കളിച്ചുതുടങ്ങിയിരുന്നു എന്ന് അടുത്ത വർഷം ഡൽഹിയിൽ നടന്ന ഏഷ്യൻഗെയിംസിലെ കിരീടനേട്ടം സൂചിപ്പിക്കുന്നുണ്ട്.

 

ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ ഇതിഹാസതുല്യമായ റഹീം കാലഘട്ടത്തിനു മുമ്പ്  ഇന്ത്യയ്ക്ക് ലഭിച്ച പ്രതിഭയായിരുന്ന  മൊഹമ്മദ് അബ്ദുൾ സലീമിന്റെ നേട്ടത്തേയും ഇവിടെ കുറിക്കാതെ വയ്യ.  ബൈച്ചുങ് ബൂട്ടിയയും സുനിൽ ഛേത്രിയുമൊക്കെ വിദേശ ക്ലബ്ബുകൾക്ക് കളിക്കുന്നതിനു മുമ്പേതന്നെ വിദേശക്ലബ്ബിനുവേണ്ടി അബ്ദുൾ സലീം കളിച്ചിരുന്നു. പ്രശസ്തമായ ബ്രിട്ടീഷ് ക്ലബ്ബായ സെൽടിക് എഫ്.സി.യിലാണ് സലിം കളിച്ചിരുന്നത്. 1937-ൽ സെൽടിക്കിൽ ചേർന്ന സലീം ഒന്നോ രണ്ടോ കളികള്‍ കൊണ്ടുതന്നെ ഇംഗ്ലണ്ടിലെ പത്രങ്ങളിലൂടെ ശ്രദ്ധേയനായി. വ്യത്യസ്തമായ കേളീമികവാണ് സലീമിനെ ശ്രദ്ധിക്കപ്പെടാൻ കാരണമാക്കിയതെന്ന് അന്നത്തെ ബ്രിട്ടീഷ് പത്രങ്ങൾ പറയുന്നുണ്ട്. പക്ഷേ, ഇംഗ്ലീഷ് ക്ലബ്ബിൽ കളിക്കുമ്പോഴും ഇന്ത്യവിട്ടുപോയത് സലീമിനെ വല്ലാതെ അലട്ടിയിരുന്നു. ഒടുവിൽ ഏതാനും മാസങ്ങൾക്കുശേഷം സലിം തിരിച്ച് ഇന്ത്യയിലേക്ക് പോരുകയാണ് ചെയ്തത്. പിന്നീട് കൽക്കത്ത മൊഹമ്മദൻസ് ക്ലബ്ബിൽ കളി തുടർന്നു.

 

റഹീം കാലഘട്ടം

 

യശഃശരീരനായ സയ്യദ് അബ്ദുൾ റഹിമിന്റെ പരിശീലനത്തിനു കിഴിൽ ഇന്ത്യ കളിച്ച 1951 മുതൽ 1962 വരെയുള്ള കാലഘട്ടമാണ് ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണകാലം എന്നു പറയാവുന്നത്. ഈ കാലയളവിലാണ് ഒളിമ്പിക്‌സിൽ സെമിയിലെത്തുന്നതുൾപ്പെടെയുള്ള നേട്ടങ്ങൾ ഇന്ത്യ സ്വന്തമാക്കിയത്. ഇത് തുടങ്ങുന്നത് 1951-ലെ ഏഷ്യൻ ഗെയിംസിലെ കിരീട നേട്ടത്തോടെയും. അന്ന് ഇറാനെ വീഴ്ത്തി കിരീടം നേടിയ ഇന്ത്യ കൊളംബോയിൽ നടന്ന ചതുർരാഷ്ട്ര ടൂർണമെന്റിലും ജേതാക്കളായി. പിന്നീടാണ് ഒളിമ്പിക്‌സ് വരുന്നത്, 1952-ൽ. പക്ഷേ, അന്ന് യൂഗോസ്ല്യാവ്യയോട് 10-1ന് തോറ്റു. അക്കാലത്ത് മിക്ക ടീമുകളും ബൂട്ടിടാതെയായിരുന്നു ഫുട്‌ബോൾ കളിച്ചിരുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഒളിമ്പിക്‌സിനു ശേഷം എ.ഐ.എഫ്.എഫ്. ഇന്ത്യയിലും ബൂട്ട്‌പ്ലേ നിർബന്ധമാക്കി.

 

പിന്നീട് 1953ലും 54ലും 55ലും ബർമയിലും കൽക്കട്ടയിലും ധാക്കയിലുമായി നടന്ന ചതുർരാഷ്ട്ര കപ്പിൽ ഇന്ത്യ മുത്തമിട്ടു. 1954-ലെ മനില ഏഷ്യൻ ഗെയിംസിൽ പക്ഷേ, രണ്ടാംസ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നു.  പിന്നീട് ചരിത്രം കുറിച്ച  1956-ലെ ഒളിമ്പിക്‌സ് നേട്ടം. രണ്ടുവർഷം കഴിഞ്ഞുവന്ന ടോക്കിയോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തായിപ്പോയി. 1959-ൽ മലേഷ്യയിൽ നടന്ന മെർദേക്ക കപ്പിൽ രണ്ടാം സ്ഥാനം നേടി ഇന്ത്യ തിരിച്ചുവന്നു. പക്ഷേ, 1960-ലെ ഏഷ്യൻകപ്പിന് യോഗ്യത നേടാനാവാഞ്ഞത് ഇതിനിടയിലും തിരിച്ചടിയായി. പക്ഷേ, 1962-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് ഇന്ത്യൻ ഫുട്‌ബോളിന് വീണ്ടും അഭിമാനമായി. അന്ന് ഫൈനലിൽ ഇന്ത്യ തോല്പിച്ചത് ഇന്ന് ലോകഫുട്‌ബോളിൽ ഏഷ്യൻ മേൽവിലാസം ഉയർത്തിപ്പിടിക്കുന്ന തെക്കൻ കൊറിയയെയായിരുന്നു. 2-1നായിരുന്നു ഫൈനൽ വിജയം.

 

ഇന്ത്യൻ ഫുട്‌ബോളിന്റെ നട്ടെല്ലായിരുന്ന റഹീം സാഹിബ് എന്നറിയപ്പെട്ടിരുന്ന അബ്ദുൾ റഹിമിന്റെ മരണം (1963-ൽ) ഇന്ത്യൻ ഫുട്‌ബോളിനെ തളർച്ചയിലേക്ക് തള്ളിവിട്ടു. കളിക്കാരനെന്ന നിലയിലും മികച്ച നേട്ടമുണ്ടാക്കിയിരുന്നു റഹിം. ഇന്ത്യൻ ഫുട്‌ബോളിന് ദീർഘവീക്ഷണത്തോടുകൂടിയ പരിശീലനം നൽകിയ റഹിം സാഹിബ് ഉണ്ടാക്കിയെടുത്ത അടിത്തറയിൽ പിന്നെയും കുറച്ചുവർഷങ്ങൾ കൂടി ഇന്ത്യൻ ടീം മുന്നോട്ടുപോയി. ഇന്ത്യയിലെ ഇന്നത്തെ പ്രശസ്ത കോച്ചായ അർമാൻഡോ കൊളോസോ 1964-ൽ ബ്രസീലിൽ പരിശീലനത്തിന് പോയപ്പോൾ അവിടെ പറഞ്ഞ വാക്കുകൾ കേട്ടാൽ തന്നെ റഹീം സാബിന്റെ മികവ് മനസ്സിലാകും. അദ്ദേഹം പറഞ്ഞു: ''ഞാൻ ഫുട്‌ബോളിന്റെ ഖനിയായ ഈ ബ്രസീലിലെ ഫുട്‌ബോൾ വർക്ക്‌ഷോപ്പിൽ നിന്ന് പഠിക്കുന്ന കാര്യങ്ങൾ 1956-ൽ തന്നെ റഹിം സാഹിബിൽ നിന്ന് പഠിച്ചതാണ്.'' അതു മാത്രം മതി ഇന്ത്യൻ ഫുട്‌ബോളിലെ ആ പ്രവാചകന്റെ ഔന്നത്യം മനസ്സിലാക്കാൻ.

 

റഹീം ഇന്ത്യക്ക് സമ്മാനിച്ച സുവർണകാലത്തിലെ മുൻ ക്യാപ്റ്റൻ ശൈലൻ മന്ന, ചുനിഗോസ്വാമി, പി.കെ. ബാനർജി, ജർണയിൽ സിങ്, 56-ലെ ഇന്ത്യൻ ഗോൾകീപ്പറായിരുന്ന പീറ്റർ തങ്കരാജ് എന്നിവരുടെ പ്രകടനങ്ങളൊക്കെ ഇന്നും ആവേശം വിതറുന്നവയാണ്.

 

തളര്‍ച്ചയും തകര്‍ച്ചയും

 

ഇന്ത്യൻ ടീമിന് നിരവധി നേട്ടങ്ങൾ സമ്മാനിച്ച റഹീമിന്റെ മരണം ഏല്പിച്ച ആഘാതത്തിൽ നിന്ന് ഇന്ത്യൻ ഫുട്‌ബോൾ പിന്നീടൊരിക്കലും പൂർണമായി ഉണർന്നതേയില്ല. പിന്നീട് ചെറിയ ചെറിയ നേട്ടങ്ങൾ മാത്രം. വിദേശികളും സ്വദേശികളുമായി നിരവധി പരിശീലകർ.  രണ്ടുവർഷം കഴിഞ്ഞ് 1964-ലെ ഏഷ്യൻ ഗെയിംസിൽ രണ്ടാംസ്ഥാനം നേടി. 64-ലും 65-ലും 66-ലും നടന്ന മെർദേക്ക ടൂർണമെന്റിൽ പങ്കെടുത്തിരുന്നുവെങ്കിലും യഥാക്രമം രണ്ട്, മൂന്ന്, മൂന്ന് സ്ഥാനങ്ങളിലായിപ്പോയി.

 

ഏഷ്യൻ കപ്പിൽ 3 തവണയും സാഫ് കപ്പിലും സാർക്ക് കപ്പിലും വിയറ്റ്‌നാമിലെ എൽ.ജി. കപ്പിലും ചതുർരാഷ്ട്ര ടൂർണമെന്റുകളിലും നമ്മുടെ തന്നെ നെഹ്‌റു കപ്പിലും (ആറുതവണ) ജേതാക്കളായ ഇന്ത്യയുടെ 1970കൾ മുതലുള്ള കാലം തീർത്തും നിരാശയുണ്ടാക്കുന്നതുതന്നെയായിരുന്നു. പ്രതിഭാധനരായ കളിക്കാർ ഇടയ്ക്കിടെ ഉയർന്നുവന്നിരുന്നുവെങ്കിലും ഒരു ടീം എന്ന നിലയിൽ ഇന്ത്യയ്ക്ക് കെട്ടുറപ്പുണ്ടായില്ല.

 

1966ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ആദ്യറൗണ്ടിൽ തന്നെ ഇന്ത്യ പുറത്തായി. പിന്നീട് 70ൽ പതുക്കെ തിരിച്ചുവരവ് - മൂന്നാംസ്ഥാനം. പക്ഷേ, അന്ന് തോല്പിച്ചത് ആരെയെന്നറിയുമ്പോൾ ആ മൂന്നാം സ്ഥാനവും അഭിമാനമായി എടുക്കാം. കീഴടക്കിയത് ജപ്പാനെ, ഏകപക്ഷീയമായ ഒരു ഗോളിന്. പിന്നീട് പൂർണമായും തളർച്ചയുടെ ദിനങ്ങൾ. 1970കളുടെ മധ്യത്തിൽ ഇന്ത്യൻ യൂത്ത് ടീം ഇറാനുമായി ഏഷ്യൻ യൂത്ത് കിരീടം പങ്കിട്ടതൊഴിച്ചാൽ പിന്നെ വരൾച്ചാനാളുകൾ. പിന്നീട് ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ പോലും ഇന്ത്യയ്ക്ക് ഒട്ടനവധി കടമ്പകൾ നേരിടണമായിരുന്നു. 1984-ൽ ഏഷ്യൻകപ്പിലേക്ക് യോഗ്യതനേടിയെങ്കിലും ബി ഗ്രൂപ്പിൽ അവസാനസ്ഥാനക്കാരായി. ഒരു മത്സരമൊഴിച്ച് എല്ലാത്തിലും തോറ്റ ടീം ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടിയതുതന്നെ വലിയകാര്യമെന്ന നിലയിലായി.

 

നേരിട്ടുകൊണ്ടിരുന്ന വരൾച്ചക്ക് അല്പമെങ്കിലും ശമനമായത് സാഫ് കപ്പ് ആരംഭിച്ചതോടെയാണ്. 1984ലും 1987ലും സാഫ്‌ഗെയിംസിലെ കിരീടനേട്ടം ആശ്വാസമായി. 1993ൽ സാർക്ക് കപ്പിൽ വിജയിയായി. തൊട്ടടുത്ത വർഷം രണ്ടാംസ്ഥാനവും. 1997ലാണ് ഈ ടൂർണമെന്റ് പേരുമാറ്റി സാഫ് കപ്പാകുന്നത്. പ്രഥമ സാഫ് കപ്പ് നേടിയ ഇന്ത്യ 99ലെ രണ്ടാം ടൂർണമെന്റിലും വിജയികളായി.  പിന്നീടിതുവരെ ആറ് തവണ ഇന്ത്യ ജേതാക്കളായി. ഈയിടെ നടന്ന സാഫ് കപ്പിലാകട്ടെ അഫ്ഗാനിസ്ഥാനു പിന്നിൽ രണ്ടാംസ്ഥാനവും.

 

പന്തുകളിയുടെ ആരംഭം

 

19-ാം നൂറ്റാണ്ടിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുറപ്പിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ഇന്ത്യയിൽ ഫുട്‌ബോൾ വളർത്തിയതെന്ന് പറയാം. അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന സൈനികർക്ക് ഉല്ലാസത്തിനുവേണ്ടിയായിരുന്നു  ഫുട്‌ബോൾ കളിയും ടൂർണമെന്റുകളും ആരംഭിക്കുന്നത്. അന്നുവരെ അങ്ങനെയൊരു സംഭവം കേട്ടുകേൾവിയില്ലാത്ത ഇന്ത്യയിൽ ഡ്യൂറന്റ് കപ്പ് എന്ന ടൂർണമെന്റ് അരങ്ങേറി, 1988ൽ. പഴക്കം നോക്കുമ്പോൾ പ്രശസ്തമായ ഇംഗ്ലീഷ് എഫ്.എ. കപ്പിനും സ്‌കോട്ടീഷ് എഫ്.എ. കപ്പിനും മാത്രം പിന്നിൽ.

 

അന്നത്തെ ഇന്ത്യൻ വിദേശ സെക്രട്ടറിയായിരുന്ന സർ മോർട്ടിമർ ഡ്യൂറന്റായിരുന്നു അതിനു പുറകിൽ. പിന്നിട് 1893-ൽ പ്രശസ്തമായ ഐ.എഫ്.എ. ഷീൽഡ് ടൂർണമെന്റും ആരംഭിച്ചു - ഇത് പഴക്കത്തിൽ ലോകത്തെ നാലാമത്തെ ടൂർണമെന്റാണ്. ആദ്യവർഷങ്ങളിൽ ഇന്ത്യൻ സാന്നിദ്ധ്യം അധികമൊന്നും ഇവയിലുണ്ടായിരുന്നില്ല. 1889-ൽ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ക്ലബ്ബായ മോഹൻബഗാന്റെ ഉദയത്തോടെ ഇന്ത്യൻ യുഗം ആരംഭിക്കാൻ തുടങ്ങി എന്നു പറയാം.   പിന്നീട് കൽക്കട്ട എഫ്.സി, സൊവാബസാർ, ആര്യൻ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളൊക്കെ 1890കളിൽ സ്ഥാപിതമായി. 1911 ലെ ഐ.എഫ്.എ. ഷീൽഡ് ഫൈനലിൽ മോഹൻബഗാൻ യോർക്‌ഷെയർ റെജിമെന്റിനെ 2-1ന് തോല്പിച്ചതോടെ ദേശീയതലത്തിൽ ഒരു ഇന്ത്യൻ ക്ലബ്ബ് നേടുന്ന ആദ്യവിജയവുമായി.

 

AIFF Logoഇന്ത്യയിലെ ഫുട്‌ബോളിന്റെ ഇന്നത്തെ അവസാന വാക്കായ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ ആദ്യരൂപമായ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ 1893-ലാണ് ഉടലെടുക്കുന്നത്. പിന്നീട് 1930കളിലാണ് അതിന്റെ ഗവേണിങ് ബോഡിയിൽ ഒരു ഇന്ത്യക്കാരൻ എത്തുന്നത് എന്നത് മറ്റൊരു രസകരമായ കാര്യം. 1930കളിൽ ഇന്ത്യൻ ടീം ആസ്‌ത്രേല്യ, ജപ്പാൻ, മലേഷ്യ. ഇന്തോനേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കൊക്ക പര്യടനം നടത്തിയിട്ടുമുണ്ട്. കൂടുതൽ സൗകര്യങ്ങളും സാമ്പത്തികവുമുള്ള ഇക്കാലത്ത് പോലും ഇത്തരമൊരു അവസരം ദേശീയടീമിനു ലഭിക്കാനിടയില്ല.

 

പരിഹാരം എവിടെ?

 

വളർച്ചയും തളർച്ചയും ഏതുരംഗത്തും  സംഭവിക്കാവുന്നതാണ്. അതുതന്നെയാണ് ഫുട്‌ബോളിൽ നമുക്കും സംഭവിച്ചതും. പക്ഷേ, അതിന് കാരണക്കാർ ഏറിയപങ്കും നാം തന്നെയാണ് എന്നതാണ് ഇന്ത്യൻ ഫു്ട്‌ബോളിലേക്ക് നോക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത്. ഏതുയുദ്ധത്തിലും പ്രധാന വിജയഘടകം മാനസിക വീര്യത്തിനുതന്നെയാണ്. മാനസികമായി സജ്ജമായ ഒരു കൂട്ടത്തെ തോല്പിക്കുന്നത് തീർത്തും ബുദ്ധിമുട്ടേറിയ കാര്യം തന്നെ. പണവും സൗകര്യങ്ങളും ആ പോരാട്ടത്തിന്  പൊലിമയും ശക്തിയും കൂട്ടുമെന്നല്ലാതെ അതൊന്നും പോരാട്ടത്തിനു വേണ്ട പ്രാഥമിക കാര്യമല്ല. തീർത്തും ദരിദ്രമായ ചുറ്റുപാടിൽ കളിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ നമുക്ക് തെളിവാകുന്നു.

 

അങ്ങനെയുള്ള മാനസിക വീര്യം ഒരു ടീമിന് ആർജിക്കണമെങ്കിൽ പഴയ പാരമ്പര്യമെങ്കിലും അകമ്പടിയായുണ്ടാവണം. പക്ഷേ, അത് വേണ്ടവിധത്തിൽ ആവശ്യമായ അളവിൽ കളിക്കാരിൽ കുത്തിവെച്ചിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് ഇന്നത്തെ പോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കളിക്കളം മാറ്റേണ്ടിവരില്ലായിരുന്നു.

 

ക്ഷമയും ദീർഘകാലത്തെ പരിശീലനപദ്ധതിയുമാണ് നമുക്ക് വേണ്ടത് എന്ന സാമാന്യചിന്ത പോലും എന്തേ അധികൃതർക്ക് ഇത്രയും കാലം ഇല്ലാതായിപോയി എന്നതാണ് മനസിലാകാത്തത്. ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ കാര്യമായിട്ടൊക്കെ ശ്രമിച്ചിരുന്നുവെങ്കിലും ഇന്ത്യൻ ഫുട്‌ബോളിന്റെ യഥാർഥ പ്രശ്‌നം എവിടെയോ മനസ്സിലാക്കാതെ ഇന്നും കിടക്കുന്നുണ്ട്. കാരണം പ്രതിഭകളുടെയും ഇപ്പോൾ സാമ്പത്തികത്തിന്റെയും പ്രശ്‌നമില്ല. എന്നിട്ടും ഇന്ത്യയിലെ ഒരു ചെറിയ പഞ്ചായത്തിന്റെ വലിപ്പം മാത്രമുള്ള രാജ്യങ്ങൾ പോലും ഫുട്‌ബോളിൽ മികവ് പ്രകടിപ്പിക്കുമ്പോൾ ലോകത്തെ അഞ്ചിലൊന്നോളം ജനസംഖ്യ സ്വന്തമായുള്ള ഇന്ത്യയ്ക്ക് മാത്രം എന്തേ ഇത് സാധിക്കാത്തത്?

Tags: