അജിത് ചേട്ടനെ കെട്ടിപ്പിടിച്ച് സുപ്രിയ സുലെ

Glint Desk
Wed, 27-11-2019 01:11:10 PM ;

Supriya Sule and AjithPawar എന്‍.സി.പി നിയമസഭ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ട അജിത് പവാര്‍ എം.എല്‍.എമാരുടെ ഒപ്പും നേടി ദേവേന്ദ്ര ഫഡ്‌നാവിസിനോടൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സുപ്രിയ സുലെ വാട്‌സാപ്പ്  സ്റ്റാറ്റസ് ഇട്ടു.'അജിത് പവാര്‍ ചതിയന്‍'.സുപ്രിയ സുലെയുടെ അച്ഛന്‍ ശരത് പവാറിന്റെ സഹോദര പുത്രനാണ് അജിത് പവാര്‍. 

കുടുംബാംഗങ്ങളെല്ലാം ചേര്‍ന്നാണ് പാര്‍ട്ടിയെ നയിക്കുന്നതും പാര്‍ട്ടിയെ നിയമസഭയിലും പാര്‍ട്ടിയിലും പ്രതിനിധീകരിക്കുന്നതും.ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ നാടകാന്ത്യത്തിന്റെ ഫലമാണ് ബുധനാഴ്ച്ച ചേര്‍ന്ന നിയമസഭ സമ്മേളനം.ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചതിനാല്‍ ആ സമ്മേളനം എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്കായി വഴിമാറി.അജിത് പവാര്‍ നിയമസഭയിലേക്ക് നടന്നെത്തിയപ്പോള്‍ പുറത്ത് പാര്‍ട്ടി എംപി കൂടിയായ സുപ്രിയ സുലെ കാത്ത് നില്‍പ്പുണ്ടായിരുന്നു.അജിത് പവാറിനെ കണ്ടമാത്രയില്‍ സുപ്രിയ സുലെ അജിത്തിനെ കെട്ടിപ്പിടിച്ച് സ്‌നേഹം പകര്‍ന്നു.അജിത്തിനെ കാണുകയും, ഈ സ്‌നേഹപ്രകടനം വഴി രണ്ട് ദിവസം മുമ്പ് 'ചതിയനായ' തന്റെ സഹോദരനോട് പരിഭവമില്ലെന്ന് ലോകത്തോട് അറിയിക്കുകയുമായിരുന്നു സുപ്രിയയുടെ ലക്ഷ്യം.ആ ആലിംഗനത്തിന്റെ പിന്നില്‍ ആസൂത്രിതമായ രാഷ്ട്രീയ ലക്ഷ്യവും ഒളിഞ്ഞിരിപ്പുണ്ട്.

ബിജെപി മന്ത്രിസഭയില്‍ അംഗമായെങ്കിലും  അജിത്തിനെ തങ്ങള്‍ തിരികെ സ്വീകരിക്കുന്നു എന്ന രാഷ്ട്രീയ സന്ദേശം.അതേസമയം അജിത് പവാര്‍ മൗനത്തിലും തുടരുന്നു. ആ മൗനം വാചാലമായി പ്രഖ്യാപിക്കുന്നു താന്‍  ബിജെപിയോടൊപ്പമാണെന്ന്. അതിന്റെ ഗുണഫലം അജിത്ത് നേടുകയും ചെയ്തു.തന്റെ പേരിലുള്ള 70,000 കോടി രൂപയുടെ അഴിമതി കേസുകള്‍ ഒഴിവാക്കപ്പെടുന്നതിലൂടെ, ഈ ആലിംഗന രാഷ്ട്രീയത്തിന്റെ മുഹൂര്‍ത്ത സൃഷ്ടിക്ക് പിന്നിലും ശരത് പവാറെന്ന തന്ത്രശാലിയുടെ നിഗൂഢ സൂത്രത്തെ അനായാസം വായിച്ചെടുക്കാം.

 

Tags: