കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളില്‍ പിന്തുണ നല്‍കുമെന്ന് സമാജ്വാദി പാര്‍ട്ടി. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി.എസ്.പി) കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മധ്യപ്രദേശിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ഈ സാഹചര്യത്തില്‍ കേവല ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ അധകാരം ഉറപ്പിക്കണമെങ്കില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമാണ്.
രാജസ്ഥാനിലും ഇരു പാര്‍ട്ടികളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും കോണ്‍ഗ്രസ് ഇപ്പോള്‍ കേവല ഭൂരിപക്ഷത്തില്‍ എത്തി നില്‍ക്കുകയാണ്. എന്നാല്‍ മധ്യപ്രദേശില്‍ ഇപ്പോള്‍ നേരിയ മുന്‍തൂക്കം ബി.ജെ.പിക്കാണ്. 111 സീറ്റുകളില്‍ ബി.ജെ.പി.യും 109 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 116 സീറ്റുകളാണ്. ഇവിടെ ബി.എസ്.പി നാലിടത്ത് വ്യക്തമായ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്.