നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടസാധുവാക്കല്‍ സംബന്ധിച്ച രാഷ്ട്രീയ വാദങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും ഒരു ബിസിനസ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മന്‍മോഹന്‍ സിങ് പറഞ്ഞു.
സാമ്പത്തികമായും സാമൂഹികമായുമടക്കം പലതലങ്ങളില്‍ നോട്ട് നിരോധനം പ്രത്യാഘാതമുണ്ടാക്കി. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നോട്ടസാധുവാക്കല്‍ വരുത്തിയ തകര്‍ച്ച ഒരു സാമ്പത്തിക സൂചികകള്‍ക്കും കണ്ടെത്താനാകില്ലെന്നും രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുകയാണെന്നും ഇത് ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യങ്ങളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായിരുന്ന മന്‍മോഹന്‍ സിങ് പറഞ്ഞു.