ട്രംപ് മോദിയെ കെട്ടിപ്പിടിക്കുമ്പോള്‍ ഹാഫിസ് സെയ്ദ് മോചിതനാകുന്നു

Glint staff
Thu, 23-11-2017 05:22:04 PM ;

trump, modi, hafiz saeed

സാമൂഹ്യ മനുഷ്യന്റെ ഗുണങ്ങളുടെ അഭാവവും അതിന്റെ വിപരീത വശത്തിന്റെ മൂര്‍ത്തരൂപവുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറിച്ചൊരഭിപ്രായം ട്രംപിനു പോലും തന്നെക്കുറിച്ചുണ്ടാകാന്‍ ഇടയില്ല. അമേരിക്കയില്‍ ആര് പ്രസിഡന്റായാലും അമേരിക്കയുടെ അടിസ്ഥാന നയത്തില്‍ കാതലായ മാറ്റമുണ്ടാകില്ല. അമേരിക്കന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന വ്യവസായ ലോകത്തിന്റെ താല്‍പര്യം തന്നെയായിരിയും അവര്‍ ഉയര്‍ത്തിപ്പിടിക്കുക. അത് മറ്റ് ജനതയ്ക്കും രാജ്യങ്ങള്‍ക്കും എത്ര വിനാശകരമായാലും. ചെറിയ തോതിലെങ്കിലും അതിനൊരു മാറ്റം വരുത്താന്‍ ശ്രമിച്ചത് ബരാക് ഒബാമയാണ്. അതിനുള്ള പതിന്മടങ്ങ് പലിശ സഹിതം ആ നിലപാടുകളെ ഇല്ലായ്മ ചെയ്യുന്നതാണ് ട്രംപിന്റെ ഓരോ നടപടികളും.
              

ട്രംപുമായി ഇടപെടുമ്പോള്‍ അമേരിക്കയുടെ അടിസ്ഥാന നയ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെയും ചേര്‍ത്തുവച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ പ്രത്യക്ഷത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമെന്ന് തോന്നുന്ന ട്രംപിന്റെ നടപടികള്‍ ഫലത്തില്‍ കൊടിയ ദോഷമായിത്തീരും. സമാധാനത്തെ മുന്നില്‍ നിര്‍ത്തിയാണ് അമേരിക്ക നേരിട്ട് യുദ്ധത്തിനിറങ്ങുന്നതും ഭൂപ്രദേശങ്ങളെ യുദ്ധഭൂമിയാക്കുന്നതും. പശ്ചിമേഷ്യ, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എല്ലാം വര്‍ത്തമാനകാല ഉദാഹരണങ്ങള്‍. ഏത് ജനവിഭാഗങ്ങള്‍ തമ്മിലാണ് യുദ്ധമെങ്കിലും അതിലൂടെ അമേരിക്കയിലെ ഏറ്റവും വലിയ വ്യവസായമായ ആയുധവ്യവസായത്തിന്റെ വിപണി വിപുലമാകുന്നു. അതുകൊണ്ടാണ് അമേരിക്കയുടെ താല്‍പര്യം പ്രഥമ പരിഗണനയിലുള്ള ഐക്യരാഷ്ട്രസഭയ്ക്ക് ഇതുവരെ ഭീകരപ്രവര്‍ത്തനത്തെ നിര്‍വചിക്കാന്‍ കഴിയാത്തത്. കാരണം അമേരിക്ക പിന്തുണയ്ക്കുന്നത് നല്ല ഭീകരവാദമാണ്.
            

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും ഇപ്പോള്‍ നല്ല ചങ്ങാതിമാരാണ്. അവരുടെ പരസ്പര ആലിംഗനത്തിലെ ശരീരഭാഷ അത് വ്യക്തമാക്കുന്നുമുണ്ട്. മോദി ഒടുവില്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം വന്‍വിജയമായിമാറിയതിന് കാരണമായി ഉയര്‍ത്തി കാണിക്കപ്പെട്ടത് ട്രംപ് പാക്കിസ്ഥാനെതിരെ പരസ്യമായി പ്രഖ്യാപിച്ച നിലപാടായിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് സുരക്ഷിത സ്വര്‍ഗ്ഗമൊരുക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാന് നല്‍കിക്കൊണ്ടിരുന്ന ബില്യണ്‍ കണക്കിന് ഡോളറിന്റെ സഹായവും ട്രംപ് നിര്‍ത്തലാക്കി. ഇന്ത്യ ഇതാഘോഷിച്ചു. മോദിയുടെ വിമര്‍ശകര്‍ക്കുപോലും അദ്ദേഹത്തിന്റെ വിജയത്തെ സമ്മതിക്കേണ്ടി വന്നു.

           

2017 നവംബര്‍ 22ന് പാക്കിസ്ഥാന്‍ കോടതി അന്താരാഷ്ട്ര ഭീകരനും ലഷ്‌കര്‍ ഇ തോയിബ സ്ഥാപകനും 26/11 ലെ നൂറ്റിയറുപതിലേറെപ്പേരുടെ മരണത്തിനിടവരുത്തിയ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സെയ്ദിനെ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിച്ചു. നേതൃത്വരാഹിത്യം കൊണ്ട് കുറേനാളായി തളര്‍ന്നമട്ടിലുള്ള കാശ്മീര്‍ താഴ്‌വരയിലെ ഭീകരപ്രവര്‍ത്തനം വീണ്ടും ശക്തമാക്കുക എന്നതാണ് ഹാഫിസ് സെയ്ദിന്റെ മോചനത്തിലൂടെ പാക്കിസ്ഥാന്‍ പട്ടാളം ലക്ഷ്യമിടുന്നത്. ഇതാണ് ട്രംപിന്റെ ബുദ്ധിയും തന്ത്രവും . ശക്തനായ ഒരു സുഹൃത്തിനെ നേടുകയും കാശുചെലവില്ലാതെ ആയുധവിപണി കൊഴുപ്പിക്കുകയും ചെയ്യാം. സഹായം തുടരുന്ന ഘട്ടത്തില്‍ അമേരിക്ക ആവശ്യപ്പെടുന്നത് ഒരു പരിധിവരെ പാക്കിസ്ഥാന് കേള്‍ക്കേണ്ടി വരും. അമേരിക്കയുടെ നിര്‍ദേശമാണ് പാക്കിസ്ഥാനെ സംബന്ധിച്ച് ഏക അന്താരാഷ്ട്ര സമ്മര്‍ദ്ദം . അന്താരാഷ്ട്ര മര്യാദയും നിലപാടും നിമിത്തം ഇത്തരം സമ്മര്‍ദ്ദങ്ങളുണ്ടാകുമ്പോള്‍ അമേരിക്കയ്ക്ക് പാക്കിസ്ഥനെ ഉപദേശിക്കാതിരിക്കാന്‍ പറ്റില്ല.  തങ്ങളുടെ അന്താരാഷ്ട്ര മേധാവിത്വം ഉറപ്പിക്കാന്‍ പാക്കിസ്ഥാന്‍ അനുസരിക്കേണ്ടതും അവരെ അനുസരിപ്പിക്കേണ്ടതും അമേരിക്കയുടെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് സഹായം പിന്‍വലിച്ചുകൊണ്ട് പാക്കിസ്ഥാനെതിരെയുള്ള അമേരിക്കരുടെ പ്രഖ്യാപനം. ഇനി പാക്കിസ്ഥാന് ആരെയും നോക്കേണ്ട ആവശ്യമില്ല. മര്യാദകളും പാലിക്കേണ്ട. ഹാഫിസിനെതിരെ  കോടതിയില്‍ ഹാജരാക്കാന്‍ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വാദം. എന്നാല്‍ അയാള്‍ക്കെതിരെ യഥേഷ്ടം തെളിവുകള്‍ ഇന്ത്യ നല്‍കിയിരുന്നു. പാക്കിസ്ഥാന്‍ പൗരന്‍ അജ്മല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റുകയും ചെയ്തിരുന്നു.

        

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ദിനേശ്വര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ കാശ്മീരില്‍ ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങള്‍ വിജയം കണ്ടു തുടങ്ങി. ഭീകരവാദ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട യുവാക്കള്‍ അവരുടെ മാതാപിതാക്കളുടെ അഭ്യര്‍ഥന കേട്ട് ആയുധം വച്ച് കീഴടങ്ങി മുഖ്യധാരാ ജീവിതത്തില്‍ പങ്കുചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഹാഫിസ് സെയ്ദിനെ തുറന്നു വിട്ടിരിക്കുന്നത്. കാശ്മീര്‍ താഴ്‌വര താമസിയാതെ വീണ്ടും കലുഷിതമാകാനുള്ള ലക്ഷണമാണ് ഹാഫിസിന്റെ മോചനം സൂചിപ്പിക്കുന്നത്. ഇതാണ് ട്രംപ് കാര്‍ഡ്. കാശ്മീര്‍ തിളച്ചുമറിയുകയും ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷത്തില്‍ തുടരുകയുമാണ് അമേരിക്കയുടെ ലക്ഷ്യം. ആലിംഗനബദ്ധനായ മോദിക്ക് അത് മനസ്സിലാകാതെ പോകുന്നു.

 

 

Tags: