ഹൈക്കോടതി വിധിക്കെതിരെയുള്ള മാർച്ചിന് പോലീസ് എങ്ങനെ അനുമതി നൽകി?

Glint Staff
Wed, 31-05-2017 10:51:42 AM ;

കേരളത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഒപ്പം  മുൻപ് തുടങ്ങിവയ്ക്കപ്പെട്ട അനഭിലഷണീയമായ കീഴ്‌വഴക്കം വ്യവസ്ഥാപിതമാവുകയും ചെയ്യുന്നു. അതാണ് മേയ് 29ന് ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം ഏകോപന സമിതി സംഘടിപ്പിച്ച് അക്രമത്തിൽ കലാശിച്ച പ്രതിഷേധ മാർച്ച്. വളരെ മുൻകൂട്ടി പല വലിപ്പത്തിൽ കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലും ജില്ലയിലെ പലയിടത്തും പ്രദർശിപ്പിച്ചിരുന്ന, പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്ന പോസ്റ്ററായിരുന്നു 'ഹാദിയ കേസ്' എന്ന തലവാചകവും ഹാദിയയുടെ ചിത്രവുമുൾപ്പടെയുള്ള പോസ്റ്റർ. അതിൽ പറയുന്നു, ഭരണഘടനയ്ക്കും ശരിഅത്തിനുമെതിരായ കോടതി വിധിയിൽ പ്രതിഷേധിക്കുക, ഹൈക്കോടതി മാർച്ച്, 2017 മെയ് 29 തിങ്കൾ 11 എ.എം, മുസ്ലീം ഏകോപന സമിതി.

 

ഹൈക്കോടതി വിധിക്കെതിരെ പരസ്യമായി പോസ്റ്ററടിച്ച് പ്രചാരണം നടത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനുതകുന്ന സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നു എന്നത് വസ്തുത. കാരണം, മുൻപ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധപ്രകടനം നടത്തി സി.പി.ഐ.എം തന്നെ മാതൃക കാണിച്ചിട്ടുണ്ട്. അതുപോലെ വർഗ്ഗീയതയ്ക്ക് മറയില്ലാതെ പ്രവർത്തിക്കാനുള്ള അന്തരീക്ഷവും കേരളത്തിലിന്നുണ്ട്. ഭൂരിപക്ഷ വർഗ്ഗീയതയെ എതിർക്കുന്നത് ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് വളരാൻ വളവും വെള്ളവും നൽകുന്നുണ്ട്.  എന്തായാലും ഭൂരിപക്ഷ വർഗ്ഗീയതയ്ക്കും അത് രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവർക്കും അവരുടെ ലക്ഷ്യത്തിലേക്ക് നീങ്ങാൻ അനുകൂല സാഹചര്യങ്ങൾ ദിനംപ്രതിയെന്നവണ്ണം ഉരുത്തുരിഞ്ഞുകൊണ്ടിരിക്കുന്നു.

 

ഹാദിയ കേസ് എന്ന് മുസ്ലീം ഏകോപന സമിതി സൂചിപ്പിക്കുന്ന കേസ് ഹൈക്കോടതിയുടെ മുന്നിൽ അഖിലയെന്ന ഹോമിയോ ബിരുദ കോഴ്‌സ് പൂർത്തിയാക്കിയ യുവതി ഉൾപ്പെട്ട കേസ്സാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ കോടതിയിൽ ഹാജരായ ദിവസമായ 2016 ഡിസംബര്‍ 19-ന് തന്നെയാണ് അവർ പുത്തൂർ ജുമാ മസ്ജിദ് ഖാസിയുടെ കാർമ്മികത്വത്തിൽ വിവാഹിതയായെന്ന് അവകാശപ്പെട്ടത്. 2016 ജനുവരി മുതൽ വളരെ അനുഭാവപൂർവ്വവും പ്രായപൂർത്തിയായ യുവതിയുടെ സ്വാതന്ത്ര്യത്തെ മാനിച്ചും യുവതിയുടെ ഭാഗത്തിന് മുൻതൂക്കം നൽകിയായിരുന്നു ഹൈക്കോടതി ഈ കേസ് കൈകാര്യം ചെയ്തിരുന്നത്. അതിനെ തുടർന്ന് ആദ്യം യുവതിയെ യുവതിയുടെ ഇഷ്ടപ്രകാരം മതം സ്വീകരിക്കാനും താമസിക്കാനുമൊക്കെ കോടതി അനുവദിക്കുകയുണ്ടായി. നിരന്തരമായ നിരീക്ഷണത്തിനും നടപടികൾക്കുമൊടുവിലാണ് യുവതി കോടതിയിൽ ബോധിപ്പിച്ച വസ്തുതകൾ ശരിയല്ലെന്നും പൊരുത്തക്കേടുകൾ ഉണ്ടെന്നും കണ്ടെത്തിയത്. തുടർന്നാണ് യുവതിയുടെ നടത്തപ്പെട്ടുവെന്നു പറയുന്ന വിവാഹം സാധുവല്ലെന്നും അവർ അച്ഛനോടൊപ്പം പോകണമെന്നും കോടതി ഉത്തരവിട്ടത്.

 

ഈ വിധിക്കെതിരെയാണ് മുസ്ലീം ഏകോപന സമതിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ഹൈക്കോടതി മാർച്ച് നടത്തിയത്. കോടതി വിധിയെ വിമർശിക്കുകയും ആക്ഷേപമുണ്ടെങ്കിൽ മേൽക്കോടതിയിലേക്കു പോവുകയുമാണ് വേണ്ടത്. അതിനു തയ്യാറാകാതെ ഇത്തരത്തിൽ ഒരു ഹൈക്കോടതി വിധിക്കെതിരെ വളരെ സംഘടിതമായ രീതിയിൽ പ്രതിഷേധ മാർച്ച് നടത്തിയതിലും പിറ്റേ ദിവസം എറണാകുളം ജില്ലയിൽ ഹർത്താൽ ആചരിക്കപ്പെട്ടതിലും ആശാസ്യമല്ലാത്ത ലക്ഷ്യങ്ങളെ മാത്രമേ കാണാൻ കഴിയുകയുള്ളു. ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തുന്നതിന് പോലീസ് എന്തടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നുള്ളത് അന്വേഷിക്കേണ്ട കാര്യമാണ്. മുസ്ലീം ഏകോപന സമിതി മാർച്ച് നടത്തിയതിനേക്കാൾ കുറ്റകരമാണ് പോലീസ് അതിനു നൽകിയ അനുമതി.

 

മുത്തലാഖ് വിഷയം സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ മുന്നിൽ പരിഗണനയിലിരിക്കുന്ന സമയത്തുമാണ് ഇത്തരത്തിലൊരു മാർച്ച് കേരളത്തിൽ നടന്നതെന്നും ശ്രദ്ധേയമാണ്. മാധ്യമങ്ങൾ പോലും ഈ മാർച്ചിനെ മറ്റേതൊരു മാർച്ചുപോലെ മാത്രമേ കണ്ടുളളു എന്നതും സുഖകരമല്ലാത്ത സൂചനയാണ്. ഇത്തരത്തിലൂള്ള നീക്കങ്ങൾ കേരളത്തിൽ ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് തഴച്ചു വളരാൻ വളമൊരുക്കുകയേ ഉള്ളു. ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് അനുകൂലമായ കാറ്റാണ് കേരളത്തിലുള്ളതെന്ന് കണ്ട് ന്യൂനപക്ഷ വർഗ്ഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം നേടാമെന്നു കരുതുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയും പോലെയാണ്.   ലൗ ജിഹാദ് ഉയർത്തിക്കാട്ടി ബി.ജെ.പിയും മറ്റ് ഹിന്ദു സംഘടനകളും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നതുമായി ഈ സംഭവം

Tags: