എന്തുകൊണ്ട് സമരം ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പറയേണ്ടത്

Glint Staff
Fri, 29-08-2014 11:30:00 AM ;

 

കീഴ്വഴക്കങ്ങളുടേയും ജനായത്തമര്യാദ, ഔചിത്യം, പൊതുവായി അംഗീകരിക്കപ്പെട്ട ധാർമ്മികത എന്നിവയുടെ പേരിൽ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്‌ക്കേണ്ട അവസരമായിരുന്നു സോളാർ കേസ്സിലും മുഖ്യമന്ത്രിയുടെ ഗൺമാൻ സലിം രാജിനെതിരെയുമുള്ള കേസ്സിലുമുണ്ടായിരുന്നത്. കേരളചരിത്രം കണ്ട ഏറ്റവും വലിയ പ്രക്ഷോഭസമരത്തിലൂടെ അദ്ദേഹത്തെ അധികാരത്തിൽ നിന്നിറക്കാൻ പ്രതിപക്ഷം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടു. ഒരു രോഗത്തിന് പ്രയോഗിക്കപ്പെടുന്ന അവസാനമരുന്ന് ഫലിക്കാതെ വന്നപോലെയാണ് ജനായത്തത്തിൽ അറബ് വസന്തത്തിന്റെ മാതൃകയിൽ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പ്രതിപക്ഷം സംഘടിപ്പിച്ച സമരം പരാജയപ്പെട്ടത്. ആ പരാജയപ്പെടലിൽ നിന്നാണ് എല്ലാ അർഥത്തിലും ദുർബലനായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീണ്ടും ഊർജം സംഭരിച്ച് അധികാരത്തിൽ തുടർന്നതും കരുത്താർജ്ജിച്ചതും. ഇപ്പോൾ വിജിലൻസ് കോടതി ടൈറ്റാനിയം കേസ്സിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. അദ്ദേഹത്തോടൊപ്പം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരേയും മുഖ്യമന്ത്രിയോടൊപ്പം കോടതി അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ്.

 

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഇതുവരെ തരണം ചെയ്ത പ്രതിസന്ധികളുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കോടതി ഉത്തരവ് അത്ര വലിയ കാര്യമല്ല. അതിനാൽ അദ്ദേഹം രാജിവെയ്ക്കുക എന്നതിനേക്കുറിച്ച് ആലോചിക്കുക പോലുമില്ല. ഏതാണ്ട് നിർജ്ജീവാവസ്ഥയിൽ കഴിയുകയായിരുന്ന പ്രതിപക്ഷം ഈ വിഷയത്തിൽ പിടിച്ചുകൊണ്ട് സടകുടഞ്ഞെഴുന്നേൽക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവയ്ക്കണമെന്ന് ഇതിനകം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്. ന്യായമായും പൊതുജനസമക്ഷം മുഖ്യമന്ത്രിയും കൂട്ടരും രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കഠിനമായ സമരമുറകൾ അഴിച്ചുവിടാവുന്നതാണ്. അതിനായി അവർ ഒരുങ്ങുന്നതായും അറിയുന്നു.

 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കൊണ്ടാടിയ സമരങ്ങളെ തുടർന്ന് കേരളത്തിൽ ഏതാണ്ട് ഒരു വർഷത്തോളം ഭരണസ്തംഭനം വരെയുണ്ടായി. കഴിഞ്ഞ ഓണക്കാലം ആ കാലയളവായിരുന്നു. അത് സംസ്ഥാനത്തിനു വരുത്തിവച്ച കെടുതികൾ വളരെ വലുതാണ്. കേരളം പിറവികൊണ്ടതിന് ശേഷം ഒരുപക്ഷേ ഏറ്റവും കൂടുതൽ മദ്യം കടത്തപ്പെട്ടത് കഴിഞ്ഞ ഓണക്കാലത്തായിരുന്നു. അതിന് വഴിവച്ച സാഹചര്യം ഭരണസ്തംഭനമായിരുന്നു. ടൈറ്റാനിയം വിഷയത്തിൽ വീണ്ടും ഒരു സമരം ആരംഭിക്കുന്ന പക്ഷം ഉണ്ടാവുന്ന ഭരണസ്തംഭനം കഴിഞ്ഞ വർഷത്തേതു പോലെയാവില്ല. കേരളത്തിലെ ബാറുകൾ പൂട്ടാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ സമരം ഉണ്ടാവുക. നിലവിലുള്ള എക്‌സൈസ് വകുപ്പിന്റെ സംവിധാനങ്ങൾ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ തന്നെ അപര്യാപ്തമാണ്. അതിനോടൊപ്പം മദ്യനിരോധനത്തിന്റെ പടിപടിയായുള്ള നടപ്പിലാക്കൽ മൂലമുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ വകുപ്പ് ബുദ്ധിമുട്ടുമെന്ന് വകുപ്പ് മന്ത്രി തന്നെ പറയുകയുണ്ടായി. അങ്ങിനെയുള്ളപ്പോൾ അടുത്തൊരു ഭരണസ്തംഭനം കൂടി നേരിടുകയാണെങ്കിൽ നികുതിപിരിവ്, റവന്യൂവരവ് എന്നിവയിൽ ഉണ്ടാകുന്ന വൻ തകർച്ചയേക്കാൾ മദ്യം വിതയ്ക്കുന്ന അപകടങ്ങളായിരിക്കും സാമൂഹ്യവിപത്താകുക. അത് ഏതൊക്കെ വിധത്തിലായിരിക്കും അരങ്ങേറുക എന്നത് അനുഭവിച്ചറിയുമ്പോൾ മാത്രമേ വ്യക്തമാവുകയുള്ളു. പ്രതീക്ഷ തകർന്നും മുറിവേറ്റും കൈ പൊള്ളിയുമൊക്കെയുള്ള മദ്യലോബിയാണ് പുറത്തുള്ളത് എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. അതിനാൽ നടക്കാത്ത കാര്യത്തിന് പൊതുജനജീവിതത്തെ ബുദ്ധിമുട്ടിപ്പിച്ചും കേരളത്തിൽ ഭരണസ്തംഭനമുണ്ടാക്കിയും കേരളത്തെ തളർത്തുന്ന നടപടിയിൽ നിന്നും പ്രതിപക്ഷം പിന്മാറേണ്ടതാണ്. അതു വിവരിച്ചുകൊണ്ട് പ്രതിപക്ഷം സമരത്തിൽ നിന്ന് പിൻവാങ്ങി, എന്തുകൊണ്ടാണ് തങ്ങൾ സമരം ചെയ്യാത്തതെന്ന് മാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും വിശദീകരിക്കാൻ ശ്രമിച്ചാൽ അതായിരിക്കും ഏറ്റവും വലിയതും സർഗാത്മകവുമായ സമരം.

Tags: