Skip to main content


സമ്മതിച്ചാലും ഇല്ലെങ്കിലും ആധുനിക യുഗത്തിന്റെ മുഖമുദ്രയെന്നത് സുതാര്യതയാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംജാതമാക്കിയ, ഡിജിറ്റല്‍ യുഗത്തിന്റെ പ്രത്യേകത. പൊതു വാട്ടർ ടാങ്കുകളുടെ സമീപത്ത് ഇപ്പോഴും കാണാം ഒരു മുന്നറിയിപ്പ്- ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു. അതിക്രമിച്ചുകടക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ആ ബോർഡ് എടുത്തുമാറ്റാതെ തുടരുന്നത് അത് സംബന്ധിച്ച സർക്കാർ ഉത്തരവില്ലാത്തതിനാലാവും. എന്തു തന്നെയായാലും ഇന്ന്‍ ആ വാട്ടർ ടാങ്കിനകത്ത്  വെള്ളത്തില്‍ വല്ല പൊടിയും കിടപ്പുണ്ടോ എന്നുവരെ മൊബൈല്‍ ഫോണില്‍ പോലും തെളിയുന്ന ഗൂഗിള്‍ എര്‍ത്ത് ചിത്രത്തില്‍ നോക്കി സാധാരണക്കാരന് മനസ്സിലാക്കാവുന്ന അവസ്ഥയാണ്. ഇതാണ് ഡിജിറ്റല്‍ യുഗം മാറ്റിമറിച്ച ഇരുമ്പുമറയും പകരം പുനസ്ഥാപിച്ച സുതാര്യതയും. ഈ വസ്തുത തീരെ മനസ്സിലാക്കാത്തത് സി.പി.ഐ.എമ്മാണെന്ന് തോന്നുന്നു. വിവരാവകാശനിയമമനുസരിച്ച് ആറാഴ്ചയ്ക്കകം വിവരാവകാശ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന കമ്മീഷന്റെ ഉത്തരവിനെ കോണ്‍ഗ്രസ്സിനേക്കാൾ ശക്തമായി എതിർത്തുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത് സി.പി.ഐ.എമ്മാണ്.

 

സി.പി.ഐ.എമ്മിന് ഉത്തരവാദിത്വം അതിന്റെ അണികളോട് മാത്രമേ ഉള്ളു എന്ന്‍ ഈ ഉത്തരവിനെ എതിർത്തുകൊണ്ട് പാർട്ടി ജനറല്‍ സെക്രട്ടറി നിരത്തിയ ന്യായം മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടി എന്ന നിലയില്‍ സി.പി.ഐ.എമ്മിനെ വളരെ ചെറുതാക്കുന്ന വിധത്തിലായിപ്പോയി. യാതൊരു സാങ്കേതിക സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്  ഒരു കമ്മീഷന്റെയും ഉത്തരവില്ലാതെ തന്നെ എല്ലാം സുതാര്യമായി നടത്തിക്കൊണ്ടുപോയിരുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. അന്ന്‍ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയും സമശീര്‍ഷരായ മററു നേതാക്കളും ഉണ്ടായിരുന്നു എന്നു മാത്രം.

 

ഒരു ജനാധിപത്യ സംവിധാനത്തില്‍ ആശയപരമായി രാഷ്ട്രീയപ്പാർട്ടികളുടെ സംശുദ്ധതയാണ് അവിടെ നിലനില്‍ക്കുന ഭരണകൂടത്തിന്റെ സ്വഭാവത്തെ നിർണ്ണയിക്കുക. അതില്ലാതെ ഭരണതലത്തില്‍ നിന്ന്‍ അഴിമതി ഇല്ലാതാക്കുമെന്ന് പ്രചരണപത്രികയില്‍ ചേർക്കുന്നതും അതു മുഖ്യ ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നതുമൊക്കെ അർഥമില്ലാത്ത വ്യായാമങ്ങളാണ്. പൊതുപ്രവർത്തനത്തില്‍ നില്‍ക്കുന്ന വ്യക്തിയായാലും പ്രസ്ഥാനമായാലും അടിയന്തരമായി വേണ്ടത് സുതാര്യതയാണ്. സുതാര്യതയുടെ അഭാവമാണ് എല്ലാവിധ അഴിമതികൾക്കും കാരണമാകുന്നത്. ഇതിനർഥം കമ്മീഷന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത ബി.ജെ.പി കോണ്‍ഗ്രസ്സില്‍ നിന്നും സി.പി.ഐ.എമ്മിð നിന്നും വ്യത്യസ്തമാണെന്നല്ല. അവർ തങ്ങളുടെ നിലപാടിനെ അടുത്ത തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനുള്ള നീക്കമാണ് തെളിഞ്ഞുകാണുന്നത്.

 

ജനാധിപത്യത്തിന്റെ പ്രാണവായു എന്നത് വിവിധ രാഷ്ട്രീയപ്പാർട്ടികളുൾപ്പടെയുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളാണ്. ഇന്ന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അവയ്ക്ക് നേതൃത്വം നല്‍കുന്നവരും നേരിടുന്ന മുഖ്യപ്രതിസന്ധിയെന്നത് വിശ്വാസ്യതയില്ലായ്മയാണ്. ഈ പ്രസ്ഥാനങ്ങളും അവയുടെ വിശ്വാസ്യതയും നഷ്ടപ്പെട്ടാല്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാവും. അതിനാല്‍ നഷ്ടപ്പെട്ട ഈ വിശ്വാസ്യത വീണ്ടെടുക്കാൻ ഏറ്റവും ഉചിതമായ ഒന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികൾ പാലിക്കേണ്ട സുതാര്യത. അവിടെനിന്നു മാത്രമേ ജനാധിപത്യസംവിധാനം ശുദ്ധീകരിക്കപ്പെടുകയുള്ളു. രാഷ്ട്രീയപ്പാർട്ടികൾ സ്വമേധയാ ഏർപ്പെടുത്തേണ്ടിയിരുന്ന ഈ മാറ്റത്തെ  മുട്ടാപ്പോക്കു തത്വങ്ങൾ പറഞ്ഞ് തള്ളിക്കളയാതെ സർവാത്മനാ സ്വീകരിച്ച് പുതിയ ഒരു രാഷ്ട്രീയ സാഹചര്യത്തിന് വഴിയൊരുക്കേണ്ടതാണ്.