Skip to main content
ന്യൂഡല്‍ഹി

latorre and girone

 

കേരള തീരത്ത് രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച കേസില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി. ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതാണോ എന്ന വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയത്.

 

പുതിയ അറ്റോര്‍ണ്ണി ജനറലായി എന്‍.ഡി.എ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത് കേസില്‍ ഇറ്റലിയ്ക്ക് വേണ്ടി ഹാജരായിരുന്ന മുകുള്‍ റോഹ്തഗിയെയാണ്. കേസില്‍ സര്‍ക്കാറിന് വേണ്ടി റോഹ്തഗി ഹാജരാകുന്നതിനെ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

നേരത്തെ, യു.പി.എ സര്‍ക്കാര്‍ നാവികര്‍ക്കെതിരെ സുവ നിയമമനുസരിച്ചുള്ള കുറ്റങ്ങള്‍ ഒഴിവാക്കിയതോടെ കേസ് അന്വേഷിക്കാനുള്ള അധികാരം എന്‍.ഐ.എയ്ക്ക് നഷ്ടപ്പെട്ടതായി റോഹ്തഗി വാദിച്ചിരുന്നു. കടലിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഇന്ത്യ പാസാക്കിയ നിയമമാണ് സുവ. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതിനായാണ് നിയമം മൂലം എന്‍.ഐ.എ സ്ഥാപിച്ചിട്ടുള്ളത്.

 

സുവ നിയമമനുസരിച്ച് കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ നല്‍കേണ്ടി വരും. സൈനികരെ വധശിക്ഷയില്‍ നിന്ന്‍ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിയ്ക്ക് നേരത്തെ വാക്ക് നല്‍കിയതിനെ തുടര്‍ന്നാണ്‌ സുവ നിയമം ഒഴിവാക്കിയതെന്ന് ആരോപണമുണ്ടായിരുന്നു.

 

2012 ഫിബ്രവരി 15-ന് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലക്സിയില്‍ നിന്നുള്ള വെടിയേറ്റാണ് മത്സ്യതൊഴിലാളികളായ അജീഷ് പിങ്കി, ജലസ്റ്റിന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. കപ്പലില്‍ കാവല്‍ ചുമതലയുണ്ടായിരുന്ന ഇറ്റാലിയന്‍ സൈനികരായ മാസിമിലായനോ ലത്തോറെയും സാല്‍വത്തോറെ ജിറോണുമാണ് കേസിലെ പ്രതികള്‍.