കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അദ്ധ്യാപകന് നേരെ നടന്ന ആക്രമണത്തില്‍ സംശയപ്പട്ടികയിലുള്ളവരെ എട്ടുപേരെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നു. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ കുമാര്‍, ബാലകൃഷ്ണപിള്ളയുടെ ബന്ധുവും ശരണ്യ ബസ് സര്‍വീസ് ഉടമയുമായ മനോജ്, കടയ്ക്കല്‍ സ്വദേശിയായ ജ്യോത്സ്യന്‍ ശ്രീകുമാര്‍ എന്നിവരുള്‍പ്പടെയുള്ളവരാണ് പരിശോധനയ്ക്ക് വിധേയമാകുന്നത്.
വ്യക്തികളുടെ സമ്മതപ്രകാരമേ നുണപരിശോധന നടത്താവൂ എന്ന്‍ സുപ്രീംകോടതി ഉത്തരവുണ്ട്. ഏത് പരിശോധനയ്ക്കും തയ്യാറാണെന്ന് ഇവര്‍ സി.ബി.ഐയെ അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന.
വാളകം ആര്‍.വി.എച്ച്.എസ്.എസ്.സ്‌കൂളിലെ അദ്ധ്യാപകനായ ആര്‍. കൃഷ്ണകുമാറിനെയാണ് 2011 സെപ്റ്റംബര്‍ 27-നു രാത്രി 10 മണിയോടെ പരുക്കേറ്റ നിലയില്‍ എം.സി റോഡില്‍ വാളകം എംഎല്‍എ ജംക്ഷനില്‍ കണ്ടെത്തിയത്. ജ്യോത്സ്യന്‍ ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും മടങ്ങുന്നവഴി വാളകത്തുവച്ച് ചിലർ ആക്രമിച്ചുവെന്നാണ് പരാതി.
സ്കൂള്‍ മാനേജുമെന്റുമായി ഭിന്നതയിലായിരുന്ന തന്നെ ആക്രമിച്ചതിന് പിന്നില്‍ ബാലകൃഷ്ണപിള്ളയാണെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന്‍ അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന്‍ സിബിഐയ്ക്കു കൈമാറുകയായിരുന്നു.