ജില്ലയിലെ പരിസ്ഥിതി സംവേദന മേഖലകള്‍ കണ്ടെത്തുന്നതിനുള്ള കഡസ്റ്റല്‍ മാപ്പ് തയ്യാറാക്കുന്നതില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ആവശ്യത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ഇടുക്കിയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ഇടതു ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) ആഹ്വാനം നല്‍കി. കാലത്ത് ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ആഹ്വാനം ചെയ്തിരിക്കുന്ന 12 മണിക്കൂര്‍ ഹര്‍ത്താലില്‍ നിന്ന്‍ അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
കഡസ്റ്റല്‍ മാപ്പ് തയ്യാറാക്കുന്നതിനുള്ള അവസാന തിയതിയായ ബുധനാഴ്ച ഹര്‍ത്താല്‍ നടത്താനാണ് ആദ്യം ആഹ്വാനം ചെയ്തിരുന്നതെങ്കിലും അന്ന്‍ പ്രഖ്യാപിച്ചിരുന്ന പ്രൊഫഷനല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കാരണം വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഹൈറേഞ്ച് സംരക്ഷണ സമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാപ്പ് തയ്യാറാക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ 29 ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഹര്‍ത്താലില്‍ ഉറച്ചുനില്‍ക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. ഏപ്രില്‍ 19 ആയി നിശ്ചയിച്ചിരുന്ന അവസാന തിയതി എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു 23-ലേക്ക് നീട്ടിയത്. സര്‍ക്കാറിന്റെ ധൃതി സംശയാസ്പദമാണെന്ന് എല്‍.ഡി.എഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും കുറ്റപ്പെടുത്തുന്നു.