Skip to main content
മുംബൈ

reserve bank of india

 

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് എട്ടു ശതമാനത്തില്‍ നിന്ന്‍ 7.75 ശതമാനമായി കുറച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ ഈ നിരക്ക് 2013 മാര്‍ച്ചിന് ശേഷം ആദ്യമായാണ് കുറയ്ക്കുന്നത്.

 

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും വ്യവസായ മേഖലയില്‍ ആത്മവിശ്വാസം ജനിപ്പിക്കാനും ലക്ഷ്യമിടുന്നതെന്ന് കരുതുന്ന നടപടിയെ സ്വാഗതം ചെയ്തുകൊണ്ടാണ് വിപണികളില്‍ വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ബോംബെ ഓഹരി വിപണിയുടെ സൂചിക സെന്‍സെക്സ് വ്യാപാരം തുടങ്ങിയപ്പോള്‍ 600 പോയന്റ് ഉയര്‍ന്ന്‍ 28,000-ത്തിന് അടുത്തെത്തി. ദേശീയ ഓഹരി വിപണിയില്‍ നിഫ്റ്റി 176.05 ഉയര്‍ന്ന്‍ 8453.60-ത്തിലാണ് വ്യാപാരം നടക്കുന്നത്.  

 

ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഉണ്ടായ കടുത്ത ഇടിവാണ് റിസര്‍വ് ബാങ്കിനെ പ്രതീക്ഷിച്ചതിലും നേരത്തെ വായ്പാനിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന്‍ കരുതുന്നു. ധനകമ്മി കുറയ്ക്കുന്നതിനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളും ബാങ്ക് കണക്കിലെടുത്തിട്ടുണ്ട്. അതേസമയം, വായ്പാനിരക്കിലെ കുറവ് പുതിയ നിക്ഷേപങ്ങളായി പ്രതിഫലിക്കാന്‍ മൂന്ന്‍ മുതല്‍ ആറു വരെ പാദവാര്‍ഷിക സമയം (ഒന്‍പത് മുതല്‍ 18 മാസം വരെ) എടുത്തേക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു.

 

റിവേഴ്സ് റിപ്പോ നിരക്ക് 6.75 ശതമാനമായും കരുതല്‍ ധന അനുപാതം നാല് ശതമാനമായും റിസര്‍വ് ബാങ്ക് നിലനിര്‍ത്തിയിട്ടുണ്ട്.

Tags